സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, GSOC Mentor Summit ല്‍ പങ്കെടുക്കുന്നു.

2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍ പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു.

പ്രവീണിന് യാത്രാമംഗളങ്ങള്‍ നേരുന്നു.

വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതികള്‍ പരിചയപ്പെടുത്തുന്നതിനും അവരുടെ സര്‍ഗ്ഗാത്മകമായ സോഫ്റ്റ്‌‌വെയര്‍ സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഗൂഗിള്‍ ലോകമെങ്ങും നടത്തുന്ന പരിപാടിയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മാര്‍ഗ്ഗദര്‍ശിയെ ഈ സംഘടനയില്‍ നിന്ന് തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന സോഫ്റ്റ്‌വെയര്‍ സംരംഭ ആശയങ്ങള്‍ക്ക് ഗൂഗിള്‍ 4500 ഡോളര്‍ (ഏകദേശം 2 ലക്ഷം രൂപ) വീതം നല്‍കുന്നു. 4 മാസത്തെ സമയമാണ് അനുവദിക്കുക. ഇതിനിടയില്‍ 2 തവണ മൂല്യനിര്‍ണ്ണയം ഉണ്ട്. ഒന്നാം ഘട്ട മൂല്യ നിര്‍ണ്ണയം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ 1 ലക്ഷം രൂപ ലഭിക്കും, ബാക്കി അവസാന മൂല്യ നിര്‍ണ്ണയം പൂര്‍ത്തീകരിച്ചാലും. വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാവണമെന്ന നിര്‍ബന്ധമുണ്ട്. സംരംഭ ആശയങ്ങള്‍ സംഘടകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം.

ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മാര്‍ച്ച് മാസത്തിലായിരുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും പങ്കെടുക്കാനായുള്ള താത്പര്യം ഗൂഗിളിനെ അറിയിച്ചു. അവസാനം തെരഞ്ഞെടുക്കപ്പെട്ട സംഘടനകളില്‍ ഏക ഇന്ത്യന്‍ കൂട്ടായ്മ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയിരുന്നു. തുടര്‍ന്ന് സംരംഭ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്ഷണിച്ചു. 30 ഓളം ആശയങ്ങളില്‍ നിന്ന് 7 എണ്ണം ഗൂഗിളിനു സമര്‍പ്പിച്ചു. 5 സംരംഭങ്ങള്‍ ഗൂഗിള്‍ അംഗീകരിച്ചു.
അവ ഇവയായിരുന്നു:(http://code.google.com/soc/smc/about.html)
1. ശാരിക മലയാളം സ്വരസംവേദിനി (Malayalam speech recognition system): Shyam Karanatt, MES Engg College Kutippuram (Mentor: Santhosh Thottingal)
2. മലയാളം OCR : Antony FM : MES engg College Kuttippuram (Mentor: Anivar Aravind)
3. മലയാളം ടൈപ്പിങ്ങ് ട്യൂട്ടര്‍ : Mobin Mohan and friends , Thrissur Govt Engg College(Mentor: Praveen A)
4. മലയാളം നിവേശന രീതികള്‍ : Jinesh K, MES engg College kuttippuram(Mentor: Suresh P)
5. ആര്‍ദ്രം മലയാളം യുണിക്കോഡ് കാലിഗ്രാഫി ഫോണ്ട്: ഹിരണ്‍ വേണുഗോപാല്‍ , VAST, Thrissur (Mentor: Hussain K H)

ഇതടക്കം മൊത്തം 8 വിദ്യാര്‍ത്ഥികള്‍ ആണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്..

SMC യുടെ കൂടെ ഈ സംരംഭത്തില്‍ പങ്കെടുത്തത് പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളായ ഡെബിയന്‍, ഗ്നോം, മീഡിയവിക്കി, അപാഷെ, എക്ലിപ്സ് , സോപ്, തുടങ്ങിയവയാണ്.

മെയ് മാസത്തില്‍ ഇവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജൂലായില്‍ നടന്ന ഒന്നാം വട്ട മൂല്യ നിര്‍ണ്ണയത്തില്‍ മലയാളം OCR സംരംഭം വേണ്ടത്ര പുരോഗതി കാണിക്കാത്തതുകൊണ്ട് പുറത്താക്കപ്പെട്ടു. ആഗസ്റ്റ് അവസാനം നടന്ന അവസാനവട്ട മൂല്യനിര്‍ണ്ണയത്തില്‍ എല്ലാ സംരംഭങ്ങളും നേരത്തേ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതു കൊണ്ട് വിജയിച്ചു.

ശാരിക, ആര്‍ദ്രം എന്നിവ പൂ‌ര്‍ണ്ണ ലക്ഷ്യം നേടുന്നതിനായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു..

ഈ വര്‍ഷത്തെ GSOC യില്‍ ഏകദേശം 900 ത്തോളം സംരംഭങ്ങള്‍ നടക്കുന്നുണ്ട്.

നേരത്തെതന്നെ SMC ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ലഭിച്ചെങ്കിലും വിസയില്ലാത്തതും യാത്രാ ചെലവ് ഭീമമായതിനാലും ആരെങ്കിലും പങ്കെടുക്കുന്ന കാര്യം സംശയമായിരുന്നു. 1200 ഡോളര്‍ ഗൂഗിള്‍ യാത്രാ ചെലവിലേക്ക് തരാമെന്ന് ഏറ്റിരുന്നെങ്കിലും അതുകൊണ്ട് വിമാന ടിക്കറ്റ് കിട്ടില്ലായിരുന്നു. ഒരു സംഘടനയില്‍ നിന്ന് 3 പേര്‍ക്ക് പങ്കെടുക്കാം. ഭക്ഷണം, താമസം എന്നീ ചെലവുകള്‍ ഗൂഗിള്‍ വഹിക്കും. അവസാനം ഒരു പ്രതിനിധിയുടെ മുഴുവന്‍ വിമാന ടിക്കറ്റും ഗൂഗിള്‍ തരാമെന്നേറ്റതോടെയാണ് പ്രവീണിന് പോകാനവസരം ലഭിച്ചത്. ഗൂഗിളിന് നന്ദി!!!.

വിദ്യാര്‍ത്ഥികളോട്,
മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുരോഗതിക്ക് ഉതകുന്ന ഏതെങ്കിലും ആശയങ്ങള്‍ നിങ്ങളുടെ മനസ്സിലുണ്ടോ? പഠനത്തോടൊപ്പം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയും 2 ലക്ഷത്തോളം രൂപ നേടുകയും ചെയ്യാം.. ഒരു കോളേജ് പ്രൊജക്ടിന് 2 ലക്ഷം രൂപ പ്രതിഫലം കിട്ടിയാല്‍ എങ്ങനെയിരിക്കും..ചിന്തിക്കൂ….പ്രൊജക്ട് ആശയങ്ങള്‍ മെനയൂ… SMC നിങ്ങള്‍ക്കൊപ്പം. അടുത്ത മാര്‍ച്ചില്‍ GSOC 2008 വരുമ്പോള്‍ പങ്കെടുക്കൂ…
ഇത്രയേ ഉള്ളൂ നിര്‍ബന്ധം: 1. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കണം.(എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയാവണമെന്ന് നിര്‍ബന്ധമില്ല.) 2. മലയാളം കമ്പ്യൂട്ടിങ്ങിനെ അടിസ്ഥാനമാക്കിയാവണം ആശയം. 3. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയിരിക്കണം.

ഇതു കാണൂ ….

കമ്പ്യൂട്ടറിന് മലയാളം പറഞ്ഞാല്‍ മനസ്സിലാകുമോ?

“വൈകീട്ടെന്താ പരിപാടി ?” ഇങ്ങനെ കമ്പ്യൂട്ടറിനോടു ചോദിച്ചാല്‍ അത് ഉത്തരം പറയും.. ഇങ്ങനെയായിരുന്നു കേരള കൗമുദിയുടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ 15-ാം തിയ്യതിയിലെ റിപ്പോര്‍ട്ട് ആരംഭിച്ചത്. വായനക്കാര്‍ക്ക് കൗതുകം തോന്നിക്കാണും. മലയാളം കേട്ടാല്‍ മനസ്സിലാവുന്ന കമ്പ്യൂട്ടറോ ഏയ്… ഇവര്‍ വെറുതേ പറയുന്നതാ…
മലയാളത്തിലുള്ള ആജ്ഞകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കമ്പ്യൂട്ടര്‍… മുന്നിലിരിക്കുന്നയാള്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനുകള്‍…. പാട്ട് പാടാന്‍ പറയാന്‍ പറയുമ്പോള്‍ പാടുന്ന കമ്പ്യൂട്ടര്‍.(ആരവിടെ, ആ പാട്ടൊന്നു വയ്ക്കൂ 🙂 ) .. അത്യാവശ്യ വിവരങ്ങള്‍ മലയാളത്തില്‍ ചോദിച്ചാല്‍ മലയാളത്തില്‍ തന്നെ തിരിച്ചു മറുപടി പറയുന്ന കമ്പ്യൂട്ടര്‍….ടൈപ്പ് ചെയ്യുന്നതിന് പകരം മലയാളത്തില്‍ പറഞ്ഞു കൊടുത്താല്‍ എഴുതി തരുന്ന കമ്പ്യൂട്ടര്‍… മലയാളം ഫയലുകള്‍ വായിച്ചു തരുന്ന കമ്പ്യൂട്ടര്‍….നേരമ്പോക്ക് പറഞ്ഞിരിക്കാന്‍ കൂട്ടിന് കമ്പ്യൂട്ടര്‍… അസാദ്ധ്യമെന്നു തോന്നുന്നുണ്ടോ?! അതും നമ്മുടെ ഈ കൊച്ചു മലയാളത്തില്‍…..
എങ്കില്‍ കേട്ടോളൂ, മലയാളം സംസാരം മനസ്സിലാക്കാനും മലയാളത്തില്‍ സംസാരിക്കാനും കമ്പ്യൂട്ടറിനെ സാദ്ധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അതിന്റെ വികസനപ്രക്രിയയില്‍ വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു… സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ ശ്രമഫലമായി നേരത്തെ പറഞ്ഞ സ്വപ്ന തുല്യ സാങ്കേതിക നേട്ടങ്ങള്‍ മലയാളത്തിന് കയ്യെത്തും ദൂരത്തില്‍….
തകര്‍ത്തുപെയ്യുന്ന മഴയുടെയും മൈക്കിന്റെയും പരിപാടി കാണാന്‍ വന്ന ആളുകളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലും തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ശ്യാം വിജയകരമായി അവതരിപ്പിച്ച ശാരിക എന്ന മലയാളം സ്വരസംവേദന(Speech recognition) സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ ആ പരിപാടിക്ക് വന്നിട്ടുണ്ടെങ്കില്‍ കണ്ടിട്ടുണ്ടാകും. വെറും 4 വാക്കുകള്‍ ശ്യാം മാത്രം പറഞ്ഞാല്‍ തിരിച്ചറിഞ്ഞിരുന്ന ശാരിക മൂന്ന് നാല് ദിവസം കൊണ്ട് ആളാകെ മാറിയിരിക്കുന്നു… വിശദ വിവരങ്ങള്‍ ശ്യാമും അവനെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രിയന്‍ എന്ന സുഹൃത്തും നിങ്ങള്‍ക്ക് മുന്നില്‍ ഉടന്‍ അവതരിപ്പിക്കും…
അഡ്വാന്‍സ്ഡ് ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിന്റെ ഗണത്തില്‍ വരുന്ന സാങ്കേതിക സങ്കീര്‍ണ്ണതകളേറെയുള്ള സോഫ്റ്റ്‌വെയറുകളാണ്, സ്വതന്ത്ര സോഫ്‌റ്റുവെയറുകളോടെ പിന്‍ബലത്തോടെ മലയാളത്തിനായി ഇപ്പോള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്…
ധ്വനി എന്ന ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റവും ശാരിക എന്ന സ്പീച്ച് റെകഗ്നീഷന്‍ സിസ്റ്റവും ചേര്‍ത്തുള്ള സാങ്കേതിക മിശ്രണത്തിലൂടെ നേരത്തെ നമുക്ക് അസാദ്ധ്യമെന്ന് തോന്നിയ പ്രയോഗങ്ങളെല്ലാം സാധിച്ചെടുക്കാവുന്നതേയുള്ളൂ. മലയാളം വാചകങ്ങള്‍ വായിച്ച് തരാന്‍ ധ്വനി സഹായിക്കുമ്പോള്‍, ശാരിക മനുഷ്യസംഭാഷണം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇവ രണ്ടും കൂടി ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ ഫലത്തില്‍ മലയാളം മനസ്സിലാക്കാനും സംസാരിപ്പിക്കാനുമുള്ള ഒരു സിസ്റ്റമാണ് നമുക്ക് ലഭിക്കുന്നത്. പൂര്‍ണ്ണമായ പ്രവര്‍ത്തന ഫലം കിട്ടണമെങ്കില്‍ വളരെയേറെ മുന്നോട്ട് പോകാനുണ്ടെങ്കിലും ഭാരതീയ ഭാഷകളില്‍ തന്നെയുള്ള ആദ്യത്തെ സ്വതന്ത്ര സ്പീച്ച് റെകഗ്നീഷന്‍ സിസ്റ്റം മലയാളത്തില്‍ നിന്ന് എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്…
ധ്വനിക്ക് ഇപ്പോള്‍ മലയാളം കൂടാതെ ഹിന്ദി, കന്നഡ എന്നീ ഭാഷകള്‍ കൂടി വായിക്കാന്‍ കഴിയും.. റോബോട്ടിക് സംസാര ശൈലിയാണ് ഇപ്പോള്‍ ഉള്ളത്. വികാരമില്ലാത്ത ഭാഷ…പക്ഷെ കേട്ടവര്‍ പറഞ്ഞത്, ടെലിവിഷന്‍ അവതാരകരെക്കാള്‍ ഭേദമാണെന്നാണ്… ഇപ്പോളും ബീറ്റ സ്റ്റേജിലാണ് ധ്വനി….
തൃശ്ശൂരിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം..

മലയാളത്തിന് സ്വന്തമായി ഒരു വേര്‍ഡ് പ്രൊസസ്സര്‍

പരിപൂര്‍ണ്ണ മലയാളം പിന്തുണയുമായി സ്വതന്ത്ര വേര്‍ഡ് പ്രൊസസ്സര്‍ അബിവേര്‍ഡ് വരുന്നു. പാംഗോ ചിത്രീകരണ സംവിധാനത്തിന്റെ പിന്‍ബലത്തോടെ ഗ്നു ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കാവുന്ന ഇതിന്റെ സോഴ്സ് കോഡ് കമ്പൈല്‍ ചെയ്തെടുത്ത ചില ചിത്രങ്ങളിതാ..

അബിവേര്‍ഡ് വികസിപ്പിച്ചെടുത്തവര്‍ക്ക് അഭിവാദ്യങ്ങള്‍….

ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂട്. ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.
GNOME 2.20 offers support for 45 languages (at least 80 percent of strings translated).

മറ്റൊരു സന്തോഷ വാര്‍ത്ത കൂടി . ഗ്നു ആസെല്‍ മലയാളം സ്പെല്‍ ചെക്കര്‍ ഡെബിയന്‍ ഗ്നു ലിനക്സില്‍ ചേര്‍ക്കപ്പെട്ടു, കാണുക http://bugs.debian.org/cgi-bin/bugreport.cgi?bug=440295

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതു വരെ വികസിപ്പിച്ച് സോഫ്ട്‌വെയറുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. കാണുക http://fci.wikia.com/wiki/SFD/SMC

സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം
സെപ്റ്റംബര്‍ 14-15, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍, തൃശ്ശൂര്‍

പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും മനുഷ്യധിഷണയുടെ പ്രതീകവുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ഡിജിറ്റല്‍ യുഗത്തില്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും അത് ലോകപുരോഗതിയ്ക്ക് വേണ്ടി ഉപകാരപ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‌അതിവേഗത്തില്‍വെയറുകള്‍ നിലകൊള്ളുന്നു. സ്വതന്ത്രമായ ഈ വിവര വികസന സമ്പ്രദായത്തിന്റെ അടിത്തറ, ഓരോ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും, പകര്‍ത്താനും നവീകരിയ്ക്കാനും, പങ്കു വെയ്ക്കാനുമുള്ള സ്വാതന്ത്യമാണ്. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബര്‍ 15 സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനമായി ലോകമെങ്ങും ആഘോഷിയ്ക്കപ്പെടുന്നു.

ഈ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം നാം സ്വതന്ത്ര മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടാടുന്നു. മലയാള ഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ അതിന്റെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിയ്ക്കുവാന്‍ വേണ്ടി വികസിപ്പിക്കപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുന്നതിനും, ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ ഭാവി, അതു നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ വരുന്ന സെപ്റ്റംബര്‍ 14-15 തിയ്യതികളില്‍ തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നാം സമ്മേളിക്കുന്നു.

നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളഭാഷയ്ക്കു സമ്മാനിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആ സോഫ്റ്റ്‌വെയറുകള്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. കൂടാതെ സെപ്റ്റംബര്‍ 15 -നു മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ഭാഷ വിദഗ്ധര്‍ പങ്കെടുക്കുന്ന മലയാള ഭാഷയുടെ കമ്പ്യൂട്ടിങ്ങ് ഭാവിയെ പറ്റിയുള്ള വിവിധ ചര്‍ച്ചകളും ഉണ്ടായിരിയ്ക്കും.

പങ്കെടുക്കുക, വിജയിപ്പിക്കുക… ഏവര്‍ക്കും സ്വാഗതം

സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച
വൈകീട്ട് 3 മണിമുതല്‍.
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ ഉദ്ഘാടനവും മലയാളം പാക്കേജുകളുടെ പ്രകാശനവും

സെപ്റ്റംബര്‍ 15 ശനി
9.30 മുതല്‍
മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ചര്‍ച്ചകളും

പുറത്തിറക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍

1. മീര മലയാളം യൂണിക്കോഡ് ഫോണ്ട്
2. ഗ്നു ആസ്പെല്‍ സ്പെല്‍ ചെക്കര്‍
3. ടക്സ് ടൈപ്പ് മലയാളം ടൈപ്പിങ്ങ് പഠനസഹായി
4. സ്വനലേഖ മലയാളം ശബ്ദാത്മക നിവേശക രീതി
5. ധ്വനി – മലയാളം ടെക്സ്റ്റ് ടു സ്പീച്ച്
6. ശാരിക – മലയാളം സ്പീച്ച് ടു ടെക്സ്റ്റ്
7. ലളിത – നിവേശക രീതി

Details of the programme will be updated here

Aspell Malayalam Spelling checker Version 0.01-1 Released

മലയാളത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ തിരുവോണ സമ്മാനം: ആസ്പെല്‍ മലയാളം സ്പെല്ലിങ്ങ് ചെക്കര്‍(version 0.01-1)

1,37,348 മലയാളം വാക്കുകളടങ്ങിയ മലയാളം സ്പെല്ലിങ്ങ് ചെക്കറിന്റെ ആദ്യ ലക്കം മലയാളത്തിന് സമര്‍പ്പിക്കുന്നു. സ്വതന്ത്ര ഡെസ്ക്ടോപ്പുകളായ ഗ്നോം, കെഡിഇ എന്നിവയില്‍ ഉപയോഗിക്കാവുന്ന ഈ സ്പെല്ലിങ്ങ് ചെക്കര്‍ ഗ്നു ആസ്പെല്‍ എന്ന പ്രശസ്ത സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നത്.
1,37,348 മലയാളം വാക്കുകളും സ്വയം അക്ഷരത്തെറ്റു പരിശോധിച്ചതാണ്. സമയക്കുറവ്, ശ്രദ്ധക്കുറവ്, വിവരക്കുറവ് എന്നീ കാരണങ്ങളാല്‍ ചില പിഴവുകള്‍ ഇതിലുണ്ടാവാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ അത്തരം തെറ്റുകള്‍ കാണുകയാണെങ്കില്‍ ദയവായി എന്നെ അറിയിക്കുക.

ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ https://savannah.nongnu.org/task/download.php?file_id=13811 എന്നിടത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക. അതിനു ശേഷം README ഫയലില്‍ വിവരിച്ചിരിക്കുന്ന പോലെ ചെയ്യുക.

മലയാളത്തിന്റെ പ്രത്യേകതയായ,ഒന്നിലധികം വാക്കുകള്‍ കൂടിച്ചേര്‍ന്ന് പുതിയ വാക്കുകളുണ്ടാകുന്ന സവിശേഷത കൂടി കൈകാര്യം ചെയ്താല്‍ മാത്രമേ സ്പെല്ലിങ്ങ് ചെക്കര്‍ പൂര്‍ണ്ണമാവുകയുള്ളൂ. അല്ലെങ്കില്‍ പദസഞ്ചയത്തിന്റെ വലിപ്പം വളരെയധികമായിരിക്കും(ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്പെല്ലിങ്ങ് ചെക്കര്‍ പദസഞ്ചയമാണിത്.). സന്ധി സമാസം നിയമങ്ങള്‍ ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചില്ലാത്തതിനാല്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള വാക്കുകള്‍പരിശോധിക്കാന്‍ ഈ സോഫ്റ്റ്‌വെയറിന് കഴിയില്ല. അതായത് മഴക്കാലം, മേഘങ്ങള്‍, എല്ലാം, ഇരുണ്ട്, കൂടി എന്നിവയെല്ലാം പരിശോധിക്കാമെങ്കിലും “മഴക്കാലമേഘങ്ങളെല്ലാമിരുണ്ടുകൂടി” എന്ന വാക്ക് പരിശോധിക്കാന്‍ ഇതിന് കഴിഞ്ഞെന്നു വരില്ല. ഇത് അടുത്ത ലക്കത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

ഇത്രയും വലിയ പദസഞ്ചയം ശേഖരിക്കാന്‍ എന്നെ സഹായിച്ച ഹുസ്സൈന്‍ സാറിനോട് കടപ്പാട് അറിയിച്ചുകൊള്ളുന്നു. മലയാളം വിക്കിപീഡിയ, വിവിധ ബ്ലോഗുകള്‍ എന്നിവയില്‍ നിന്നും വാക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക സഹായങ്ങള്‍ക്ക് കെവിന്‍ അറ്റ്കിന്‍സണ്‍(ആസ്പെല്‍ രചയിതാവ്), ഗോര മൊഹന്തി(ആസ്പെല്‍ ഹിന്ദി,ഒറിയ സ്പെല്‍ ചെക്കര്‍) എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നു.

ഈ പദസഞ്ചയത്തിലില്ലാത്ത വാക്കുകള്‍ പരിശോധിക്കുമ്പോള്‍, നിങ്ങള്‍ക്കത് പദസഞ്ചയത്തിലേയ്ക്ക് കൂട്ടിച്ചേര്‍ക്കാം. ഇങ്ങനെ നിങ്ങള്‍ ചേര്‍ക്കുന്ന വാക്കുകള്‍ നിങ്ങളുടെ ഹോം ഡയറക്ടറിയില്‍ .aspell.ml.pws എന്ന hidden ഫയലില്‍ ശേഖരിക്കപ്പെടും. നിങ്ങള്‍ ചേര്‍ത്ത പുതിയ വാക്കുകള്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടണമെന്നാഗ്രഹമുണ്ടെങ്കില്‍ ആ ഫയല്‍ എനിക്കയച്ചു തരിക. പുതിയ ലക്കങ്ങളില്‍ ആ വാക്കുകള്‍ പ്രധാന പദസഞ്ചയത്തില്‍ ചേര്‍ക്കാം.

സഹായങ്ങള്‍ക്കോ സംശയങ്ങള്‍ക്കോ ഈ മെയിലിങ്ങ് ലിസ്റ്റിലേക്കെഴുതുക.
ഈ സോഫ്റ്റ്‌വെയറിനു വേണ്ടി ഉപയോഗിച്ച പദസഞ്ചയം മറ്റു ഭാഷാഗവേഷണങ്ങള്‍ക്കുമുപയോഗിക്കാവുന്നതാണ്. ആവശ്യമുള്ളവര്‍ ബന്ധപ്പെടുക.

ചില്ലും മലയാളം കമ്പ്യൂട്ടിങ്ങും

മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുകളില്‍ തലനാരിഴയില്‍ ഒരു വാള്‍ തൂങ്ങിക്കിടപ്പാണ്. ചില്ലു കൊണ്ടുള്ള ഒരു വാള്‍. വാള്‍ വീണാല്‍ മലയാളം രണ്ട് കഷണമാകും. ഒന്നാമത്തേത് നിങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളം. രണ്ടാമത്തേത് അറ്റോമിക് ചില്ലുകള്‍ ഉപയോഗിച്ചുള്ള വേറൊരു മലയാളം…

“ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നല്ലതോ ചീത്തയോ അതു നിങ്ങള്‍ അനുഭവിക്കുക” ഇത് അറ്റോമിക് ചില്ലുവാദികളുടെ മുദ്രാവാക്യത്തിന്റെ മലയാളപരിഭാഷ. ഇവിടെ ജയിക്കുന്നതാരുമാകട്ടെ തോല്ക്കുന്നത് ഭാഷ തന്നെയെന്നുറപ്പ്.

ഖരാക്ഷരം + വിരാമം + ZWJ എന്ന ഇപ്പോഴുള്ള ചില്ലക്ഷരത്തിന്റെ എന്‍കോഡിങ്ങിനു പകരം ഒറ്റ ഒരു യുണിക്കോഡ് വേണമെന്ന ആവശ്യം വളരെക്കാലമായി ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നു തുടങ്ങിയിട്ട്. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഇപ്പോഴുള്ള രീതിക്ക് എന്താണ് പ്രശ്നമെന്ന്. അതിനുള്ള ഉത്തരം എനിക്കിതേവരെ മനസ്സിലായിട്ടില്ല. മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മലയാളം സോഫ്റ്റ്​വെയറുകള്‍, പ്രാദേശികവത്കരിക്കപ്പെട്ട ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍, ഈയുള്ളവന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഗ്നു ആസ്പെല് spelling checker (ഇപ്പോള്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം മലയാളം വാക്കുകളുണ്ട്) ഇവയെല്ലാം ഇതിന് തെളിവുകള്‍ മാത്രം. ജീമെയിലില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ജീമെയിലിന്റെ പിഴവാണ്. ബ്രൗസറില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ബ്രൗസറിന്റെ അല്ലെങ്കില്‍ ചിത്രീകരണസംവിധാനത്തിന്റെ പിഴവാണ്. ഭാഷയുടേതല്ല. ഭാഷയെ മാറ്റലല്ല അതിനുള്ള പ്രതിവിധി. സോഫ്റ്റ്​വെയറിന്റെ പിഴവുകള്‍ ഭാഷകളുടെ നിലനില്പിനൊരിക്കലും വെല്ലുവിളിയാകരുത്.

സാങ്കേതികതയുടെ പേരില്‍ ഭാഷയോടുള്ള ഈ അതിക്രമം മലയാളത്തിന് പുത്തരിയല്ല. ടൈപ്പ്റൈറ്ററിന്റെ കാലത്ത് ലിപി പരിഷ്കാരത്തിന്റെ പേരില്‍ ലിപിയെ വെട്ടിമുറിക്കാന്‍ നമ്മുടെ പണ്ഡിതര്‍ തുനിഞ്ഞിരുന്നു. ആയുര്‍ബലം ഉള്ളതുകൊണ്ട് അകാലചരമമടയാതെ ഭാഷ രക്ഷപ്പെട്ടു. പ്രബുദ്ധരായ മലയാളികള്‍ ആ പരിഷ്കാരത്തെ അവഗണിച്ചു. ടൈപ്പ്റൈറ്ററിന്റെ സാങ്കേതികത്തികവില്ലായ്മ കമ്പ്യൂട്ടര്‍ പരിഹരിച്ചു. ഡിജിറ്റല്‍ ലോകത്തില്‍ മലയാളം അതിന്റെ ബാല്യദശയിലേക്ക് കടന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഇത്തവണയും ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നത് മലയാളികള്‍ തന്നെ. ഇതു വരെയുള്ള ഡിജിറ്റല്‍ മലയാളം കണ്ടെന്റ് മൊത്തം അസാധുവാക്കാനുള്ള ഒരു ശ്രമം. എനിക്കുറപ്പുണ്ട്, ഇതും ഒരു തുഗ്ളക്ക് പരിഷ്കാരമായി അവശേഷിക്കും. മലയാളത്തിന്റെ ഡിജിറ്റല്‍ പുരോഗതി വീണ്ടും അതിന്റെ ശൈശവം മുതല്‍ തുടങ്ങുകയോ?!.

എന്തു മാറ്റം വന്നാലും ഇപ്പോഴുള്ള സോഫ്റ്റ്​വെയറുകള്‍ നിലവിലുള്ള മലയാളം തന്നെ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കും. ഉപയോക്താക്കള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്സ്ക്രിപ്റ്റ്, സ്വനലേഖ, വരമൊഴി എന്നീ നിവേശക രീതികളെല്ലാം നിലവിലുള്ള രീതി തന്നെ തുടരും. ചിത്രീകരണ സംവിധാനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ റെന്‍ഡര്‍ ചെയ്യും. അങ്ങനെ കൂടുതല്‍ മലയാളം ഡിജിറ്റല്‍ ലോകത്തില്‍ നിറയും. ആ ലോകത്തിലേക്ക് അറ്റോമിക് ചില്ലെന്ന അപരന്‍ വന്നാല്‍ വാക്കുകള്‍ തിരിച്ചറിയാനാകാതെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അലങ്കോലമാകും. cons+virama+zwj = atomic Chillu എന്ന സമസ്യ എല്ലാ സോഫ്റ്റ്​വെയറുകളും മനസ്സിലാക്കേണ്ടി വരും. Dual Encoding എന്നത് തീരാശാപമായി മലയാളത്തെ പിന്തുടരും. എത്രകാലത്തേക്ക്? ഡിജിറ്റല്‍ വിവരങ്ങള്‍ക്ക് മരണമില്ലാത്തതു കൊണ്ട് അനന്തതയോളം…

ഇന്‍ഡിക് മെയിലിങ്ങ് ലിസ്റ്റില്‍( indic@unicode.org ) ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. അറ്റോമിക് ചില്ല് എന്തിന്?, അതു കൊണ്ട് മാത്രമേ പരിഹരിക്കാന്‍ പറ്റൂ എന്നുള്ള എന്ത് പ്രശ്നമാണ് മലയാളത്തിനുള്ളത് എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കാതെ ഒഴിഞ്ഞു മാറി നടക്കുകയാണ് അറ്റോമിക് ചില്ലുവാദികള്‍. ചിലരുടെ വ്യക്തിപരമായ പ്രശസ്തിക്കു വേണ്ടി മലയാളത്തിനെ കുരുതി കൊടുക്കണോ? ചരിത്രപരമായ മറ്റൊരു മണ്ടത്തരത്തിന് മലയാളം ഇരയാവല്ലേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. നിരവധി ആക്രമണങ്ങളെ അതിജീവിച്ച മലയാളം ഇതും അതിജീവിക്കുമെന്നു പ്രതീക്ഷിക്കാം.

Matrix Digital Rain Screensaver In Malayalam!!!

മലയാള നാട്ടില്‍ മഴ തിമര്‍ത്തു പെയ്യുകയാണ്. കഴിഞ്ഞയാഴ്ച ഞാനൊരു മഴയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. സാധാരണ മഴയല്ല. ഡിജിറ്റല്‍ മഴ!!!. അക്കഥയിങ്ങനെ:
1999 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ മെട്രിക്സില്‍ അവതരിപ്പിക്കപ്പെട്ട കമ്പ്യൂട്ടര്‍ കോഡിന്റെ മായിക ദൃശ്യാവിഷ്കാരം – കറുത്ത സ്ക്രീനില്‍ ഉതിര്‍ന്നു വീഴുന്ന പച്ച അക്ഷരങ്ങള്‍, വളരെയേറെ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. മെട്രിക്സ് പരമ്പരയിലെ ചലച്ചിത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഈ ഡിജിറ്റല്‍ മഴയുടെ അനുകരണമായി ധാരാളം സ്ക്രീന്‍ സേവറുകള്‍ പുറത്തിറങ്ങുകയുണ്ടായി. മിക്കതും കമ്പ്യൂട്ടര്‍ പ്രേമികളുടെ ഇഷ്ടപ്പെട്ട സ്ക്രീന്‍ സേവറുകളായി. ഗ്നു ലിനക്സിലും xscreensaver എന്ന സ്ക്രീന്‍സേവര്‍ പാക്കേജിന്റെ കൂടെ glmatrix എന്ന പേരില്‍ ഒരു കിടിലന്‍ സ്ക്രീന്‍സേവറുണ്ട്. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു സ്ക്രീന്‍സേവറാണത്.
മെട്രിക്സ് സ്ക്രീന്‍സേവറില്‍ കാണിക്കുന്ന അക്ഷരങ്ങള്‍ റോമന്‍ , കാടകാന, അറബിക് എന്നിവയാണ്. ഈ അക്ഷരങ്ങള്‍ക്ക് പകരം നമ്മുടെ സ്വന്തം മലയാളം അക്ഷരങ്ങള്‍ ഉതിര്‍ന്നു വീണാലെങ്ങനെയുണ്ടാവും? ഇങ്ങനെയൊരു ആശയവുമായി ഞാന്‍ glmatrix ന്റെ കോഡ് ഡാണ്‍ലോഡ് ചെയ്തു വായിച്ചു നോക്കി.
എന്നിട്ട് ഞാനതങ്ങ് മലയാളത്തിലാക്കി . താഴെ കൊടുത്തിരിക്കുന്ന പടങ്ങള്‍ കണ്ടോ? എങ്ങനെയുണ്ട്?


ഈ സ്ക്രീന്സേവര്‍ ഇന്സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി:
Gnome 2.14 version(Debian Etch,Ubuntu 6.06) ;
https://savannah.nongnu.org/task/download.php?file_id=13434
Gnome 2.18 version(Ubuntu 7.04) ;
https://savannah.nongnu.org/task/download.php?file_id=13435

Above given versions will add the screensaver to gnome-screensaver group of screensavers.
If you want to add the screensaver to xscreensaver, after installing any of the package,
Add the following line to the .xscreensaver file in your home directory. Refer the glmatrix entry in that file for reference
– GL: mlmatrix -root \n\

Other gnu/Linux distros:
Download https://savannah.nongnu.org/task/download.php?file_id=13436
Extract it, copy the mlmatrix to /usr/lib/xscreensaver, copy mlmatrix.xml to /usr/share/xscreensaver/config folder
Add the following line to the .xscreensaver file in your home directory. Refer the glmatrix entry in that file for reference
– GL: mlmatrix -root \n\

For the technical details of this application, pls contact me at santhosh00 at gmail.com

മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ പണിപ്പുരയില്‍

zwj,zwnj പ്രശ്നങ്ങള്‍ കെവിന്റെയും ഗോരയുടെയും സഹായത്തോടെ പരിഹരിച്ചു തീര്‍ന്നപ്പോള്‍ Aspell മലയാളം സ്പെല്ലിങ്ങ് ചെക്കര്‍ വികസനപ്രവര്‍ത്തങ്ങള്‍ വീണ്ടും സജീവമായി.
വിവിധ ബ്ളോഗുകളില്‍ നിന്നും wikipedia യില്‍ നിന്നും ശേഖരിച്ച 25000 വാക്കുകളുടെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇതുവരെ 15000 വാക്കുകള്‍ അക്ഷരത്തെറ്റു പരിശോധന കഴിഞ്ഞു. ആദ്യവട്ട ടെസ്റ്റിങ്ങ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി. 25000 വാക്കുകളെന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. തിരഞ്ഞെടുത്ത ഒരു പാരഗ്രാഫ് പരിശോധിക്കാന്‍ കൊടുത്തപ്പോള്‍ 25% വാക്കുകള്‍ മാത്രമേ സ്പെല്ലിങ്ങ് ചെക്കറിന്റെ പക്കലുണ്ടായിരുന്നുള്ള. ഒരു ലക്ഷം വാക്കുകള്‍ എങ്കിലും ഉണ്ടെങ്കിലേ നല്ല പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ കഴിയൂ. യുണിക്കോഡ് ഫോര്‍മാറ്റിലുള്ള ഒരു പുസ്തകത്തിന്റെ പകര്‍പ്പ് കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകിട്ടിയാല്‍ കുറേകൂടി വാക്കുകള്‍ ചേര്‍ക്കുവാന്‍ കഴിഞ്ഞേക്കും.
മൂലപദങ്ങളോടു ഒന്നോ അതിലധികമോ വാക്കുകള്‍ ചേര്‍ത്ത് വേറൊരു വാക്കുകളുണ്ടാക്കുന്ന മലയാളത്തിന്റെ സവിശേഷത(Agglutination) സ്പെല്ലിങ്ങ് ചെക്കറിനൊരു വന്‍വെല്ലുവിളിയാണ്. 10 വാക്കുകള്‍ വരെ കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ വാക്കുണ്ടാക്കാം. ഇതു പരിഹരിക്കാന്‍ 2 വഴികളാണുള്ളത്. ഇങ്ങനെയുള്ള മിക്കവാറും എല്ലാ വാക്കുകളും ഉള്‍ക്കൊള്ളുന്ന ഒരു വലിയ worlist ഉണ്ടാക്കുകയാണ് ഒന്നാമത്തെ പരിഹാരം. മലയാളത്തിന്റെ സന്ധി-സമാസം നിയമങ്ങളെ കമ്പ്യൂട്ടറിന്റെ ലോജിക്കിലേക്കു മാറ്റുക എന്ന ഭഗീരഥയത്നമാണ് സ്ഥിരമായ പരിഹാരം. ഇതെത്ര മാത്രം പ്രായോഗികമാണെന്നു എനിക്കറിയില്ല. ഒരു subset ചെയ്യാന്‍ പറ്റിയാലും തെറ്റില്ല. നിയമങ്ങളിലെ അപവാദങ്ങള്‍ അപ്പോള്‍ പ്രശ്നമുണ്ടാക്കും. കേരളപാണിനീയം പഠിക്കുക എന്നൊരു കടമ്പ അതിനു മുമ്പു കടക്കേണ്ടതുണ്ട്.
എന്തായാലും ആദ്യത്തെ പടിയായി കഴിയുന്ന രീതിയില്‍ ഏറ്റവും വലിയ ഒരു wordlist ഉണ്ടാക്കാന്‍ തീരുമാനിച്ചു. സന്ധി സമാസം പിന്നത്തേക്കു നീട്ടി വക്കാം.

സ്വനലേഖയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി.

സ്വനലേഖയെക്കുറിച്ചും വരമൊഴിയെക്കുറിച്ചും ഇവിടെ നടന്ന ചര്‍ച്ച കണ്ടു. ഡിഫാള്‍ട്ട് റൂളുകള്‍ മൊഴി തന്നെയായിരിക്കണമെന്ന സിബുവിന്റെ അഭിപ്രായത്തോടു എനിക്ക് യോജിപ്പില്ല. ഉപയോക്താക്കള്‍ക്ക് നിയമങ്ങളല്ലല്ലോ വേണ്ടത്? അവര്‍ക്ക് വേണ്ടത് കൂടുതല്‍ സൗകര്യങ്ങളല്ലേ ? ട എന്നെഴുതാന്‍ Ta എന്നെഴുതണമെന്നു നിയമമുണ്ടാക്കുന്നതിനേക്കാള്‍ നല്ല​ത്, ട എന്നെഴുതാന്‍ ta, da, Ta എന്നിവയിലേതെങ്കിലും ഉപയോഗിക്കാനുള്ള സൗകര്യ​മുണ്ടാക്കുന്നതല്ലേ? സാങ്കേതികമായി സ്കിമ്മിന് ഒരു ഡിഫാള്‍ട്ട് റൂള്‍ വേണമെന്നത് ശരിയാണ്. അതിനായി മൊഴി നിയമങ്ങളുടെ പരിഷ്കരിച്ച ഒരു രീതിയാണ് ഉപയോഗിച്ചത്. കൂടുതല്‍ ഉപയോഗക്ഷമതക്കു വേണ്ടി കുറച്ചു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വരമൊഴി ഉപയോഗിക്കുന്നവരോടും മറ്റു ചിലവിദഗ്ധരോടും ചോദിച്ചാണ് അതുചെയ്തത്. ഞാനുമൊരു മൊഴി ഉപയോക്താവായിരുന്നു. ആ നിയമങ്ങളുടെ ആള്‍ട്ടര്‍നേറ്റ് ആയി മൊഴി നിയമങ്ങളുമുണ്ട്. ഉപയോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള രീതി ഉപയോഗിക്കാം. ചില്ലക്ഷരങ്ങള്‍ ഇതിനൊരുദാഹരണം മാത്രം. ചുരുക്കിപറഞ്ഞാല്‍ നിയമങ്ങളുടെ ഭാരം ഉപയോക്താവില്‍ നിന്നൊഴിവാക്കുന്നു എന്നതാണ് സ്വനലേഖയുടെ പ്രത്യേകത. അതുകൊണ്ട് ഏതെങ്കിലും സ്കീം ആയിരിക്കണം ഡിഫാള്‍ട്ട് റൂള്‍ എന്നു പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.
സ്വനലേഖ എന്ന പേരു നിര്‍ദ്ദേശിച്ച ഹുസ്സൈന്‍ സാറോടും പി പി രാമചന്ദ്രന്‍ സാറോടും കടപ്പാട് അറിയിച്ചുകൊള്ളുന്നു. ഇംഗ്ളീഷ് പേര് Phonetic എന്നുതന്നെ.
സ്വനലേഖയുടെ പുതിയ പതിപ്പില്‍ (0.0.4) കൂടുതല്‍ സൂചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലുക്ക് അപ് ടേബിളിന്റെ കാര്യക്ഷമത കൂട്ടാന്‍ ഇതു സഹായിക്കും. nga=ങ എന്നതിനു പകരം nga=ങ്ങ , Nga=ങ എന്ന പുതിയ മാറ്റം കൊണ്ടു വന്നു. ങയുടെ ഉപയോഗം ങ്ങയുടെ ഉപയോഗത്തെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണിതിനു കാരണം. ങ്ങ എന്നു ടൈപ്പ് ചെയ്യാന്‍ ngnga എന്നതിനു പകരം nga എന്നെഴുതിയാല്‍ മതി. ഉദാ:- ഞങ്ങള്‍ = njangaL~
ae=ഏ എന്ന പുതിയ ഒരു മാപ്പിങ്ങ് ചേര്‍ത്തു. ഈ ആശയങ്ങള്‍ക്ക് ഹുസ്സൈന്‍ സാറോട് കടപ്പാട്.
Debian packaging ല് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്(Added scim-gtk-immodule dependency). icon ഉം ചെറുതായി മാറ്റി. അടുത്ത പതിപ്പിനുശേഷം upstream ഇല്‍ commit ചെയ്യാമെന്നു തോന്നുന്നു.
സ്വനലേഖയുടെ m17n പതിപ്പും ഉടന്‍ പുറത്തിറങ്ങും. സ്വനലേഖയുടെ കന്നട പതിപ്പ് (scim-ka-phonetic) എന്റെ ഒരു സുഹൃത്ത് എഴുതിക്കൊണ്ടിരിക്കുന്നു.
For download: https://savannah.nongnu.org/task/download.php?file_id=13226