യുവാക്കളുടെ തൊഴിലഭിമാനവും തൊഴിൽ സൊസൈറ്റികളും

നമ്മുടെ നാട്ടിലെ യുവാക്കൾ നേരിടുന്ന ഒരു പ്രതിസന്ധിയെപ്പറ്റിയും അതിന് പരിഹാരമായേക്കാവുന്ന  ഒരാശയത്തെപ്പറ്റിയും എഴുതിയ ഒരു കുറിപ്പാണിതു്.

നമ്മുടെ നാട്ടിൽ സവിശേഷ നൈപുണികൾ ആവശ്യമുള്ള പലതരത്തിലുള്ള കൂലിപ്പണികൾ,  ഡ്രൈവിങ്ങ്, കൃഷിപ്പണികൾ, പെയിന്റിങ്ങ്, കെട്ടിടനിർമാണം, മെക്കാനിക് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്ന യുവാക്കൾ ധാരാളമുണ്ട്. ഇവരെല്ലാം മിക്കപ്പൊഴും അസംഘടിത മേഖലയിലാണുതാനും. സർക്കാർ, സ്വകാര്യ ജോലി നേടാത്തതോ നേടാനാവശ്യമായ വിദ്യാഭ്യാസമില്ലാത്തവരോ ആയ യുവാക്കളായ പുരുഷന്മാരാണ് ഇവയിലധികവും. പക്ഷേ യുവതികൾ വിദ്യാഭ്യാസം പരമാവധി വിവാഹം വരെ തുടർന്ന് പിന്നീട് കുടുംബജീവിതത്തിൽ എത്തിച്ചേരുകയാണ്. ഇരുപതിനും മുപ്പത്തഞ്ചിനും ഇടക്ക് പ്രായമുള്ള ഇവർ പുതിയൊരു വെല്ലുവിളി നേരിടുന്നുണ്ട്. അതിനെപ്പറ്റി വിശദമായ ഒരു പഠനറിപ്പോർട്ട് ഈയിടെ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചിരുന്നു(നിത്യഹരിത വരൻമാർ-രേഖാചന്ദ്ര, സമകാലിക മലയാളം ജൂലൈ 16). മലബാർ മേഖലയിൽ വ്യാപകമായി ഈ തരത്തിലുള്ള യുവാക്കൾ അവിവാഹിതരായിത്തുടരുന്നു എന്നതാണ് പഠനം.

ഇതിന്റെ കാരണം, സാംസ്കാരികമായി മേൽപ്പറഞ്ഞ ജോലിക്കാരോടുള്ള യുവതികളുടെ കുടുംബങ്ങളുടെ താത്പര്യക്കുറവാണ്. സർക്കാർ, സ്വകാര്യകമ്പനി ജോലിയില്ലാത്തവർക്ക് യുവതികളെ വിവാഹം കഴിച്ചുകൊടുക്കാൻ ആരും തയ്യാറാവുന്നില്ല. കുടക് കല്യാണം തുടങ്ങിയ പുതിയ പ്രതിഭാസങ്ങളുടെ വിവരങ്ങൾ ആ ലേഖനത്തിലുണ്ട്. ജാതി, ജാതകം തുടങ്ങിയവ പണ്ടത്തേക്കാളേറെ വഴിമുടക്കിയായി നിൽക്കുന്നുമുണ്ട്. പ്രണയവിവാഹങ്ങൾക്ക് ഗ്രാമപ്രദേശങ്ങളിൽ മിക്കവാറും സദാചാരപ്പോലീസുകാർ ഇടകൊടുക്കാറുമില്ല. യുവാക്കൾ ഇത്തരം പണികൾക്ക് പോയി സ്വന്തം വീട്ടിലെ യുവതികൾക്ക് കുറേകൂടി വിദ്യാഭ്യാസം കൊടുക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ആ യുവതികൾ പിന്നീട് മെച്ചപ്പെട്ട ജോലിയുള്ള യുവാക്കളെ മാത്രം ശ്രമിക്കുന്നതുകൊണ്ട്, അവർ വീണ്ടും പ്രതിസന്ധിയിലാവുന്നു.<

കായികാദ്ധ്വാനത്തോടുള്ള വിമുഖത വളർന്നുവരാൻ മേൽപ്പറഞ്ഞ പ്രശ്നം കാരണമാകുന്നുണ്ട്. സോഷ്യൽ സ്റ്റാറ്റസ് എന്ന ഈഗോ പതിയെ മേൽപ്പറഞ്ഞ സുപ്രധാന ജോലികളിലേക്ക് ആളെകിട്ടാനില്ലാത്ത പ്രശ്നത്തിലേക്കും എത്തിക്കുന്നുണ്ട്. സമൂഹത്തിലെ  പൊതുവെയുള്ള വിദ്യാഭ്യാസനിലവാരം കൂടിവരുന്തോറും ഈ ഈഗോ വല്ലാതെ വർദ്ധിക്കുകയും ചെയ്യും. പതിയെപ്പതിയെ അനാരോഗ്യകരമായ ഒരു സാമൂഹികവ്യവസ്ഥ ഇതിൽനിന്നും ഉടലെടുക്കുമെന്ന് ഞാൻ ഭയക്കുന്നു. യുവതികൾ പ്രത്യേകിച്ചും കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദം കാരണം ജോലിസാധ്യതകളുടെ വളരെ ഇടുങ്ങിയ ഒരു സെലക്ഷൻ സ്പേസിലേക്ക് പോകുന്നുണ്ട്. അവർക്ക് മേൽപ്പറഞ്ഞ ജോലികളിലേക്ക് പോകാൻ നമ്മുടെ സാമൂഹികാവസ്ഥ സമ്മതിക്കാത്ത സ്ഥിതിയാണ് വരുന്നത്. ഇവിടെയാണ് അതിഥിത്തൊഴിലാളികൾ അവസരങ്ങൾ കണ്ടെത്തിയത്.

സാമൂഹികരംഗത്ത് മതേതര പൊതുവേദികൾ കുറഞ്ഞ നമ്മുടെ സമൂഹത്തിൽ ഈ യുവശക്തി രാഷ്ട്രീയപരമായി പ്രബുദ്ധരായിരിക്കുക എന്ന വെല്ലുവിളി കൂടുതലാവുന്നുമുണ്ട്. അരാഷ്ട്രീയത ഒരു ഡിഫോൾട്ട് ചോയ്സ് ആയി യുവാക്കൾക്കിടയിൽ വരാനുള്ള സാധ്യത എന്തുകൊണ്ടും പ്രതിരോധിച്ചേ മതിയാകൂ.

ഇതുവരെ ചുരുക്കിപ്പറഞ്ഞ പ്രശ്നങ്ങൾക്ക് മേൽപ്പറഞ്ഞ യുവാക്കൾക്കിടയിലേക്ക് ഒരു സാമൂഹികമുന്നേറ്റത്തിന്റെ ആവശ്യകതയുണ്ട്. ഉദ്ദേശങ്ങളിതാണ്:

  • കായികാദ്ധ്വാനമുള്ളതോ അല്ലാത്തതോ ആയ എല്ലാത്തരം അസംഘടിത ജോലികൾക്കും സാമൂഹികാംഗീകാരം വളർത്തിയെടുക്കുക. യുവാക്കളുടെ മാനവവിഭവശേഷി മിഥ്യാധാരണകളിലൂടെയും സാമൂഹികമായ കെട്ടുപാടുകളിലും തളയ്ക്കാതിരിക്കുക.
  • ഇത്തരം ജോലിക്കാരെ സംഘടിതമേഖലയിലേക്ക് കൊണ്ടുവന്ന് രാഷ്ട്രീയമായി പ്രബുദ്ധരാക്കുക. മതേതര ഇടങ്ങൾ സംഘടിപ്പിക്കുക.
  • തൊഴിൽ പരിശീലനങ്ങളും, ഉള്ള തൊഴിലുകളിൽ ആരോഗ്യകരമായ പരിഷ്കാരങ്ങൾക്ക് പ്രേരണയും പരിഷ്കാരങ്ങളും നൽകുക. തൊഴിലുകൾ ആകർഷണീയമാക്കുക.
  • കുടുംബശ്രീ കൊണ്ടുവന്ന സാമൂഹികചാലകശക്തി യുവാക്കളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുക.

ഇതിലേക്ക് എനിക്ക് നിർദ്ദേശിക്കാനുള്ള ഒരു ആശയം “തൊഴിൽ സൊസൈറ്റികൾ” ആണ്. അതിനെപ്പറ്റിയുള്ള ഏകദേശധാരണ ഇങ്ങനെയാണ്.

  • തൊഴിലാളികളെ ആവശ്യമുള്ളവരും തൊഴിലാളികളും തമ്മിലുള്ള ഒരു മീറ്റിങ്ങ് പോയിങ്ങ് ആയി ഈ സൊസൈറ്റികൾ പ്രവർത്തിക്കുന്നു.

  • യുവാക്കൾ അവിടെ രജിസ്റ്റർ ചെയ്യുന്നു, അവരുടെ കഴിവുകളും.

  • ഇത്തരം സൊസൈറ്റികളിൽ രജിസ്റ്റർ ചെയ്തവർ യൂണിഫോമുള്ളവരും നെയിംടാഗും തൊഴിൽ സുരക്ഷാവസ്ത്രങ്ങൾ/ഉപകരണങ്ങളോടുകൂടിയവരാണ്(to overcome social stigma, this is

    important)

  • ആർക്കും ഈ സൈസൈറ്റികളിൽ ജോലിക്കാരെ തേടാം. നേരിട്ട് പോയി അന്വേഷിക്കണമെന്നില്ല. അല്പസ്വല്പം ടെക്നോളജിയുടെ സഹായത്തോടെ ഈ കണക്ഷനുകൾ പെട്ടെന്നുണ്ടാക്കാം. മൊത്തത്തിൽ അപ്പോയിന്റ്മെന്റ് സിസ്റ്റം ഒക്കെ വെച്ച് പഴയ ഫ്യൂഡൽ കാലഘട്ടത്തിലെ മുതലാളി-പണിക്കാർ റിലേഷനെ പൊളിച്ചെഴുതലാണ് ഉദ്ദേശം. അതുവഴി ഏത് ജോലിയുടെയും ഉയർച്ച താഴ്ചകളെ പൊളിക്കലും.

  • സൊസൈറ്റികൾക്ക് കൂലിനിരക്കുകൾ നിശ്ചയിക്കാം. തൊഴിൽ അവകാശങ്ങളെപ്പറ്റി ബോധമുള്ളവരായിരിക്കും.

ഈ ആശയം പാശ്ചാത്യനാടുകളിൽ മുതലാളിത്തവ്യവസ്ഥിതി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.Amazon Services ഉദാഹരണം.  Uber, Airbnb ഒക്കെപ്പോലെ അത്തരം “ഓൺലൈൻ ആപ്പുകൾ” ഉടൻ

നമ്മുടെ നാട്ടിലുമെത്തും. പക്ഷേ, തൊഴിൽദാതാവ്-തൊഴിലാളി ബന്ധത്തിൽനിന്നുള്ള ചൂഷണത്തിനപ്പുറം അവക്ക് ലക്ഷ്യങ്ങളുണ്ടാവില്ല. ആ സ്പേസിലേക്ക് സാമൂഹികരാഷ്ട്രീയ ലക്ഷ്യങ്ങളോടെ നേരത്തെത്തന്നെ കേരളജനത പ്രവേശിക്കണമെന്നാണാഗ്രഹം.

comments powered by Disqus