മലയാളത്തിലെ ‘ഉ’കാര ചിഹ്നങ്ങൾ

പരിഷ്കരിച്ച മലയാള ലിപിയാണല്ലോ ഇന്നു പാഠപുസ്തകത്തിലുള്ളതും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും. അതുകൊണ്ടു തന്നെ ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളത്തിന്റെ തനതുലിപിയുടെ ശൈലീഭേദങ്ങൾ പരിചയിക്കുവനുള്ള അവസരം നമുക്കു കിട്ടാറില്ല. പക്ഷേ ചുമരെഴുത്തുകളിലും, ബസ്സിലെ ബോർഡുകളിലും, തനതുമലയാളം എഴുതിശീലിച്ച മുതിർന്നവരുടെ കയ്യെഴുത്തിലുമൊക്കെയായി ഈ ലിപിരൂപങ്ങൾ നമ്മുടെ മുന്നിലുണ്ടു താനും. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി വേർപെട്ട കൂട്ടക്ഷരങ്ങൾ മിക്കതും തെറ്റുകളൊന്നുമില്ലാതെ നമ്മുടെ കയ്യെഴുത്തുകളിൽ അറിഞ്ഞോ അറിയാതെയോ കൂടിച്ചേരാറുണ്ട്. പക്ഷേ വേർപെട്ട ചിഹ്നങ്ങൾ, പ്രത്യേകിച്ച് ു, ൂ ചിഹ്നങ്ങൾ വ്യഞ്ജനത്തോടു ചേർത്തെഴുതുമ്പോൾ ശൈലികൾ  കൂടിക്കുഴഞ്ഞ് പോവുകയും ചെയ്യുന്നു. ചുവടെയുള്ള ചിത്രം നോക്കുക.

ഉ-ചിഹ്നങ്ങളുടെ ഉപയോഗം ചുമരെഴുത്തിൽ.

പച്ചയടയാളത്തിനുള്ളിൽ പരിഷ്കരിച്ച ലിപി, നീലയിൽ തനതു ലിപി എന്നിവ കാണാം. ചുവന്ന അടയാളമിട്ടു സൂചിപ്പിച്ചിരിക്കുന്നത്  മലയാളത്തിൽ പതിവില്ലാത്ത ശൈലിയാണ്. മലയാളത്തിലെ ഉകാര ചിഹ്നങ്ങൾ തന്നെ എട്ടുവിധമുണ്ട്. ഒട്ടും എഴുത്തുപരിശീലനം ഇല്ലെങ്കിൽ ഇത്തരം പിശകുകൾ കടന്നുകൂടുകതന്നെ ചെയ്യും.

ഈ ചിഹ്നങ്ങളും അവ വ്യഞ്ജനങ്ങളിൽ എങ്ങനെ ചേരുന്നുവെന്നും ചെറുതായി ഈ ലേഖനം പരിചയപ്പെടുത്തുന്നു. ഒപ്പം പഴയകാലങ്ങളിൽ ഇതെങ്ങനെയാണ് പരിചയപ്പെടുത്തിയിരുന്നതു് എന്നതു് ചില പ്രാചീന മലയാള പുസ്തകങ്ങളെ അടിസ്ഥാനമാക്കി വിശദീകരിക്കുന്നു.

തനതുലിപിയിലെ പലശൈലിയിലുള്ള ഉ-ചിഹ്നങ്ങൾ  ആവർത്തിച്ചു ചേർത്തുപയോഗിച്ചിരിക്കുന്നു.

സ്വരചിഹ്നങ്ങൾ മലയാളത്തിൽ

മുപ്പത്തിയേഴ് വ്യഞ്ജനാക്ഷരങ്ങളാണ് മലയാളത്തിനുള്ളത്, പതിനഞ്ചു സ്വരങ്ങളും (അത്ര പ്രചാരത്തിലില്ലാത്ത ൠ, ഌ, ൡ എന്നിവ ചേർത്താൽ 18). സ്വരാക്ഷരങ്ങൾ സ്വതന്ത്രമായി നിൽക്കുന്നത് പൊതുവിൽ വാക്കുകളുടെ തുടക്കത്തിൽ മാത്രമാണ്. അല്ലാത്തപ്പോഴെല്ലാം വ്യഞ്ജനശബ്ദങ്ങളെ പരിഷ്കരിച്ചുകൊണ്ട് അവയോട് ചേർന്നു നിൽക്കും. ഇങ്ങനെ ചേർന്നുനിൽക്കുന്നത് സ്വരാക്ഷരങ്ങളല്ല, മറിച്ച് അവയെക്കുറിക്കുന്ന സ്വരചിഹ്നങ്ങളാണ്. സ്വരചിഹ്നങ്ങൾ വ്യഞ്ജനത്തോടു ചേരുമ്പോഴുണ്ടാകുന്ന ലിപിരൂപങ്ങളുടെ വൈവിദ്ധ്യം മലയാളത്തിന്റെ ഒരു സവിശേഷതയാണ്. സ്വരചിഹ്നങ്ങൾ വ്യഞ്ജനങ്ങളുടെ ഇടതും വലതും ഒക്കെയായി വിന്യസിക്കപ്പെടും. പട്ടിക കാണുക.

മലയാളത്തിലെ സ്വരാക്ഷരങ്ങൾ, സ്വരചിഹ്നങ്ങൾ.

പട്ടികയിൽ കാണുന്നതുപോലെ  ു, ൂ, ൃ ചിഹ്നങ്ങൾ വ്യഞ്ജനത്തോടൊട്ടിനിന്ന് അവയുടെ രൂപത്തെത്തന്നെ മറ്റുന്നു. മലയാളലിപികൾ 1971ൽ പരിഷ്കരിക്കപ്പെട്ടതിനു ശേഷമാണ് വ്യഞ്ജനത്തിന്റെ വലതുഭാഗത്തു വേർപെട്ടുനിൽക്കുന്ന വിധത്തിൽ ഈ ചിഹ്നങ്ങൾ പ്രചാരത്തിലായത്. പരിഷ്കരിച്ച ലിപിയിൽ ഈ ചിഹ്നങ്ങൾക്കു വേറിട്ട വിധത്തിലുള്ള രൂപങ്ങൾ മാത്രമേയുള്ളൂ. 5, 6, 7 വരികളിലായി ഇതും പട്ടികയിൽ കാണാം.

ു, ൂ ചിഹ്നങ്ങൾ എങ്ങനെയൊക്കെ വ്യഞ്ജനത്തോടു ചേരാം?

സ്വരങ്ങളിലെ ചിഹ്നരൂപങ്ങളിൽ ഏറ്റവും വ്യത്യസ്തമായ ശൈലികളിൽ വ്യഞ്ജനത്തോടു ചേരുന്നത് ‘ു’, ‘ൂ’ ചിഹ്നങ്ങളാണ്. ചേരുമ്പോൾ വ്യഞ്ജനത്തിന്റെ രൂപത്തെത്തന്നെ അവ മാറ്റുകയും ചെയ്യും. ഓരോ വ്യഞ്ജനത്തിലും ഈ ചിഹ്നം വരുത്തുന്ന മാറ്റം വ്യത്യസ്തമാണ്. ഒരുപക്ഷേ ലിപി പരിണമിച്ചു വന്നപ്പോൾ  ഉണ്ടായ മാറ്റമാകാം ഇതിനു കാരണം. ഉ, ഊ ചിഹ്നങ്ങൾ വ്യഞ്ജനത്തോടു ചേരുമ്പോഴുള്ള ശൈലീവ്യതിയാനങ്ങൾ തനതുലിപിയിൽ ആകെ എട്ടു വിധത്തിലാകാം.  അവ ക്രോഡീകരിക്കികയാണ് ഇവിടെ.

 

മലയാളത്തിലെ ഉ-ചിഹ്നങ്ങൾ
 • ഉകാരം വ്യഞ്ജനത്തോടു ചേരുമ്പോൾ നാലുവിധത്തിലുള്ള മാറ്റങ്ങൾ വ്യഞ്ജനാക്ഷരങ്ങൾക്കു വന്നുചേരുന്നു.
 • ക, ര ഇവയോടു ഉകാരം ചേരുമ്പോഴുള്ള രൂപവ്യതിയാനം കുനിപ്പ് എന്ന പേരിൽ ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ രണ്ട് അക്ഷരങ്ങൾക്കും പിന്നെ കാരത്തിലവസാനിക്കുന്ന  എല്ലാ കൂട്ടക്ഷരങ്ങൾക്കും ഇതു ബാധകമാണ്. **ങ്ക, ക്ക, സ്ക, സ്ക്ക **ഇവയെല്ലാം അതിൽപ്പെടുന്നു. കാരത്തിൽ അവസാനിക്കുന്ന കൂട്ടക്ഷരങ്ങൾക്കായി പ്രത്യേകചിഹ്നമുള്ളതുകൊണ്ട് അവിടെ ഒരിക്കലും കുനിപ്പുപയോഗിക്കേണ്ടി വരികയില്ല.
 • ഗ, ഛ, ജ, ത, ഭ, ശ, ഹ -ഇവയോട് ഉകാരം ചേരുമ്പോഴുള്ള  ശൈലി  ഇടത്തേയ്ക്കുനീണ്ടു വലത്തോട്ടു തിരിച്ചുവരുന്ന ഒരു വാല് രൂപമാണ്. ഈ അക്ഷരങ്ങളിലവസാനിക്കുന്ന കൂട്ടക്ഷരങ്ങൾക്കും ഈ രീതി തന്നെയാണ് പിന്തുടരുക.
 • ണ, ന എന്നിവയോട് ഉകാരം ചേരുമ്പോൾ ഉണ്ടാകുന്ന രൂപവ്യതിയാനം ഉള്ളിലേയ്ക്കുള്ള ഒരു ചുരുട്ടാണ്. ഈ അക്ഷരങ്ങളിലവസാനിക്കുന്ന കൂട്ടക്ഷരങ്ങൾക്കും ഇതു ബാധകമാണ്. ഉദാഹരണത്തിന് ണ്ണ, ന്ന, ക്ന ഇവയൊക്കെ.
 • മറ്റു് 24 വ്യഞ്ജനാക്ഷരങ്ങളും ഉപയോഗിക്കുന്നത് ചുഴിപ്പ്/കുണുക്ക് എന്ന രൂപമാണ് . ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ശൈലി ഇതായതു കൊണ്ടു തന്നെ എല്ലാവ്യഞ്ജനങ്ങൾക്കും ഈ ശൈലി പകർത്തിയുപയോഗിക്കുക എന്ന പിഴവ് വളരെ വ്യാപകമായി കാണാറുണ്ട്. ഇതുതന്നെയാണ് ആദ്യത്തെ ചുമരെഴുത്തിൽ ചുവന്ന അടയാളത്തിൽ കാണിച്ചിരിക്കുന്നതും.
മലയാളത്തിലെ ഊ-ചിഹ്നങ്ങൾ

ഊകാരം വ്യഞ്ജനത്തോടു ചേരുമ്പോളും നാലുവിധത്തിലുള്ള മാറ്റങ്ങൾ വ്യഞ്ജനാക്ഷരങ്ങൾക്കു വന്നുചേരുന്നു.

 • **ക, ഭ, ര, ഗ, ഛ, ജ, ത, ഭ, ശ, ഹ ** ഇവയുടെ ഊകാര ചിഹ്നങ്ങൾ രണ്ടുവിധത്തിൽ ഉണ്ടാകാം: കുനിപ്പിട്ട വളപ്പുരൂപവും കുനിപ്പിട്ട വാലുരൂപവും.
  • കുനിപ്പിനുശേഷം അക്ഷരത്തെച്ചുറ്റി ഇടത്തേയ്ക്ക് വളഞ്ഞുപോകുന്നതാണ് കുനിപ്പിട്ടവളപ്പ്. കുനിപ്പിനു ശേഷം ഇടത്തേയ്ക്കുപോയി വലത്തേയ്ക്കു തിരിച്ചുവരുന്നതാണ് കുനിപ്പിട്ടവാല്.
  • ക, ര, ഭ എന്നിവയ്ക്ക് കുനിപ്പിട്ടവളപ്പാണ് ഇന്നുകൂടുതൽ പ്രചാരത്തിലുള്ളത്
  • ഗ, ഛ, ജ, ത, ഭ, ശ, ഹ ഈ അക്ഷരങ്ങൾക്ക് കുനിപ്പിട്ട വാല് രൂപവും. ചിത്രത്തിൽ ആദ്യം സൂചിപ്പിച്ചിരിക്കുന്നത് ഇതാണ്.
 • ചുരുട്ട് പുറത്തേയ്ക്ക് നീട്ടുന്ന ചുരുട്ടുവാല് എന്നു പേരിടാവുന്ന രൂപമാണ് ന, ണ എന്നീ അക്ഷരങ്ങളുടെ ഊകാരരൂപങ്ങൾ.
 • മറ്റു വ്യഞ്ജനങ്ങൾ 24 എണ്ണവും ഇരട്ടച്ചുഴിപ്പായി വ്യഞ്ജനങ്ങളോട് ചേരുന്നു. ഇതും എല്ലാ വ്യഞ്ജനത്തിനുമുള്ള പൊതുരൂപമായിക്കരുതി പിഴവുവരുത്തുന്നതും സാധാരണമാണ്.

കുറിപ്പ്: ചിഹ്നത്തിന്റെ രൂപങ്ങൾക്ക് പൊതുവായ പേരുകൾ കണ്ടെത്താൻ സാധിക്കാത്തതിനാൽ ലേഖിക തന്നെ ഇട്ട പേരുകളാണ്   കുനിപ്പ്, ചുഴിപ്പ്, ചുരുട്ട്, വാല് എന്നിവ. പകരം വേറെ പേരുകളുണ്ടാവാം.

‘ഉ’കാരചിഹ്നങ്ങൾ പ്രാചീനലിപിപാഠങ്ങളിൽ

ആധുനിക പാഠപുസ്തകങ്ങളിൽ നിന്ന് ഈ ലിപിരൂപങ്ങൾ പരിചയപ്പെടുവാൻ സാധിക്കില്ല. പക്ഷേ പ്രാചീന ലിപിപാഠപുസ്തകങ്ങൾ പലതിലും വളരെ വിശദമായി ഇവയെ വിവരിക്കുന്നുണ്ടു താനും. കയ്യെഴുത്തുപ്രതികളിൽ നോക്കിയാലാണ് ലിപിശൈലികളുടെ യഥാർത്ഥ ചിത്രം വ്യക്തമാകൂ. അച്ചടി പലതിനേയും മാനകീകരിക്കുമ്പോൾ വൈവിധ്യം നഷ്ടമായിട്ടുമുണ്ടാകും.

മലയാളലിപികൾ ആണിയച്ചുകളായി(movable types, ജംഗമാച്ചുകൾ) ആദ്യം അച്ചടിക്കപ്പെടുന്നത് റോമിൽ 1772 ലാണ്. ഫാദർ ക്ലെമന്റ് പിയാനിസ് തയ്യാറാക്കിയ ‘ആൽഫബെത്തും ഗ്രന്ഥോനിക്കോ മലബാറിക്കും‘ എന്ന ഈ ലത്തീൻ പുസ്തകം പാശ്ചാത്യമിഷനറിമാർക്ക് മലയാളലിപികൾ പഠിക്കാനുതകുന്ന വിധത്തിൽ തയ്യാറാക്കിയതായിരുന്നു. ഇതേ അച്ചുകളുപയോഗിച്ചാണ് ആദ്യ സമ്പൂർണ്ണമലയാളപുസ്തകമായ സംക്ഷേപവേദാർത്ഥം പിന്നീട് അച്ചടിക്കുന്നത്.

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം ഉ-ചിഹ്നങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം

‘മലയാളത്തിലെ ‘ഉ’, ‘ഊ’ ചിഹ്നങ്ങളുടെ വൈവിധ്യത്തെക്കുറിച്ച് ‘ആൽഫബെത്തും ഗ്രന്ഥോനിക്കോ മലബാറിക്കും’ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ മലയാളപരിഭാഷ, വിശദീകരണങ്ങളോടു കൂടി ഫാദർ ഇമ്മനുവേൽ ആട്ടേൽ രചിച്ചത് നമുക്കിന്ന് ലഭ്യമാണ്. മേൽപ്പറഞ്ഞ രൂപങ്ങളിൽ പലതും അതിൽ നമുക്കു കാണാം. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ മലയാളത്തിലെ ഊകാരങ്ങൾക്ക്  നാമിന്നു മനസ്സിലാക്കുന്ന കുനിപ്പിട്ടവാല് എന്ന രൂപമില്ല. ക, ഗ, ഛ, ജ, ത, ശ, ഹ, ര, ഭ ഇവയെല്ലാം കുനിപ്പിട്ട വളപ്പ് രൂപത്തിലാണ്. രകാരത്തിനു മേൽ ‘ൂ’ ചിഹ്നം ചേരുമ്പോൾ വാലുരൂപത്തിലാണെങ്കിൽ കുറച്ചുകൂടി വ്യക്തത വന്നേനെ എന്നൊരു അഭിപ്രായവും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ചുരുട്ടുവാല്, ചുഴിപ്പ് രൂപങ്ങളെല്ലാം അതേപോലെ തന്നെ അന്നും ഉപയോഗിച്ചിരുന്നു. ആ പുസ്തകത്തിലെ ര,ത ഇവയുടെ രൂപങ്ങൾ ഇന്നത്തേതിൽ നിന്നും നല്ല വ്യത്യാസമുണ്ടായിരുന്നെന്നു കൂടി ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ രൂ, തൂ ഇവ രണ്ടും വളപ്പിട്ടെഴുതിയാലും തമ്മിൽ മാറിപ്പോകുകയില്ല.

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ പുസ്തകത്തിന്റെ മലയാളപരിഭാഷയിൽ നിന്നും
ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ പുസ്തകത്തിന്റെ മലയാളപരിഭാഷയിൽ നിന്നും

1800കൾക്കും മുമ്പ് മലയാളം പഠിച്ച് ഒരു വിദേശിയെഴുതിയ പാഠപുസ്തകത്തിലെ വിശദീകരണമാണിത്, അച്ചടിക്കപ്പെട്ട ആദ്യ മലയാള അക്ഷരമാലാപാഠപുസ്തകത്തിലേതും.

പിന്നീട് മലയാളലിപി പാഠപുസ്തകത്തിനു സമാനമായി അവതരിപ്പിക്കുന്നത് 1863ൽ റെവ. ജോർജ്ജ് മാത്തനാണ്. ചുഴിപ്പു ചേർന്ന ‘ഉ’കാരചിഹ്നങ്ങൾ പൊതുരൂപമായും മറ്റുള്ളവയെ ഒരു അപവാദം എന്ന നിലയിലുമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്(ചിത്രം കാണുക). ഊ ചിഹ്നത്തിന്, ക, ഗ, ഛ, ജ, ത, ശ, ഹ, ര, ഭ  ഇവയോടൊപ്പം  കുനിപ്പിട്ട വാല്, കുനിപ്പിട്ട വളപ്പ് എന്നീ രൂപങ്ങളിൽ ഏതുമാകാം എന്നാണ് മാത്തന്റെ “മലയാഴ്മയുടെ വ്യാകരണം” എന്ന പുസ്തകം പറയുന്നത്.

റവറന്റ് ജോർജ്ജ് മാത്തന്റെ മലയാള വ്യാകരണ പുസ്തകത്തിൽ നിന്ന്

 

 

റവറന്റ് ജോർജ്ജ് മാത്തന്റെ മലയാള വ്യാകരണപുസ്തകത്തിൽ നിന്നും

രണ്ടു നൂറ്റാണ്ടുകൾക്കുമുമ്പ്, അച്ചടി സാങ്കേതികവിദ്യയിലൂടെ ഭാഷയുടെ ആദ്യകാല വളർച്ചയ്ക്കു വഴിതുറന്നവർ മലയാളത്തിന്റെ  ലിപിരൂപങ്ങളെക്കുറിച്ചു വിവരിച്ചതാണ് നമ്മൾ കണ്ടത്. എഴുത്തുരൂപത്തിലെ വൈവിദ്ധ്യത്തെ മുഴുവനും അച്ചുകളിലേയ്ക്ക് അവർ കൊണ്ടുവരാൻ ശ്രമിയ്കുകയും ചെയ്തു.

1971ലെ ലിപിപരിഷ്കരണത്തിന്റെ ലക്ഷ്യം സാങ്കേതികപരിമിതികളെ അതിജീവിയ്ക്കുവാനായി ലിപിയുടെ ലളിതവൽക്കരണമായിരുന്നു. പക്ഷേ അതിന്റെ ഫലമായി നിലനിൽക്കുന്ന രൂപങ്ങളെക്കൂടാതെ വേർപെട്ടുനിൽക്കുന്ന ഒരു പുതിയ ശൈലികൂടി കടന്നുവരികയാണുണ്ടായത്. അതുവരെ നിലനിന്ന രൂപങ്ങളെ പൊടുന്നനെ ഇല്ലതാക്കാൻ ആവില്ലല്ലോ. പരിചയക്കുറവും പരിശീലനക്കുറവും കൊണ്ട് ഏത്ചിഹ്നരൂപം ഏത് വ്യഞ്ജനത്തിനൊപ്പം ചേരുമെന്ന ആശയക്കുഴപ്പം ഭാഷ ഉപയോഗിക്കുന്നവരിൽ വ്യാപകമാവുകയും ചെയ്തു.

comments powered by Disqus