എന്റെ പാൻകാർഡിലെ പേരല്ല പാസ്പോർട്ടിലുള്ളതു്. വോട്ടേഴ്സ് ഐഡിയിലെ വീട്ടുപേരല്ല പാൻകാർഡിൽ. വീട്ടുപേരാകട്ടെ ഓരോന്നിലും ഓരോന്നാണു്. ചിലതിൽ ഇനിഷ്യൽ മാത്രം. ചിലതിൽ ഇനിഷ്യൽ ചുരുക്കാതെ എഴുതിയതു്. ചിലതു് മലയാളത്തിൽ. ചിലതു് ഇംഗ്ലീഷിൽ. ചിലവയിൽ അക്ഷരത്തെറ്റ്. കുത്തുള്ള ഇനിഷ്യൽ. കുത്തില്ലാത്ത ഇനിഷ്യൽ. തോട്ടിങ്ങൽ, തോട്ടുങ്ങൽ, തോട്ടിങ്ങല്…
ആധാറിലെ എന്റെ പേരു് ഉത്തരമില്ലാത്ത ഒരു ചോദ്യമാണു്. “സന്തോഷ് ടീ ആര്”. ആരാണെന്നറിയാൻ കാർഡിലെ ഫോട്ടോ ഒട്ടും സഹായകരമല്ല.
വലിയ പ്രശ്നമൊന്നും ഇതുവരെ നേരിട്ടിട്ടില്ല. പക്ഷേ കുറച്ചു ദിവസം മുമ്പു് എന്റെ പ്രൊവിഡന്റ് ഫണ്ട് KYC ഡോക്യുമെന്റുകളിൽ പാൻ കാർഡ് ചേർക്കാൻ പറ്റിയില്ല. എന്റെ എംപ്ലോയറുടെ റെക്കോർഡിലുള്ള പേരും പാൻ കാർഡിലെ പേരും ഒന്നല്ലാത്തതുകൊണ്ടാണത്രെ. കാര്യം ശരിയാണു്, പാൻ കാർഡിലെ പേരിൽ ഇനിഷ്യലുകളാണ്, എംപ്ലോയറുടെ കയ്യിൽ ഇനിഷ്യൻ നീട്ടിയെഴുതിയതും. ഇതിപ്പൊ പേരെന്തിനാ അങ്ങനെ മാച്ച് ചെയ്യുന്നതു്, അതൊക്കെ ഒഴിവാക്കാനല്ലേ ഈ ഡോക്യുമെന്റുകൾക്ക് നമ്പറുകൾ?
നമ്മൾ നമ്മളാണെന്നു തെളിയിക്കാൻ പെടാപാടുപെടുന്ന വിചിത്രരാജ്യമാണു് ഇന്ത്യ. ഐഡിപ്രൂഫുകളില്ലാതെ ഒരു ഓഫീസിലും പോകേണ്ടകാര്യമില്ല. നമ്മൾ അങ്ങോട്ട് പണം കൊടുക്കാനാണെങ്കിലും പോലും ഐഡിയില്ലാതെ വാങ്ങില്ല. ഈ ഐഡി പ്രൂഫ് എന്ന പേപ്പർ മാത്രമേ ആവശ്യമുള്ളൂ, അതിലെ പേരോ, ഫോട്ടോയോ ആരും പരിശോധിച്ചുറപ്പിക്കുന്നതു ഞാൻ കണ്ടിട്ടില്ല. ബൈ ഡിഫോൾട്ട്, നമ്മൾ നമ്മളല്ല എന്നതാണ് പൊതുവിലുള്ള നയം. അല്ലെങ്കിൽ തെളിയിക്കണം.
ആധാർ “യുണീക്(!) ഐഡി” ഇതിനൊക്കെ പരിഹാരമല്ലേന്നു ചിന്തിക്കുന്നവരുണ്ടാകം. എങ്കിൽ തെറ്റി. നമ്പറുകൾക്കപ്പുറം സോഫ്റ്റ്വെയറുകൾ ഇന്ത്യൻ പേരുകൾ കമ്പെയർ ചെയ്യുന്ന ഒരു ദുരന്തനാടകത്തിനെല്ലാരും തയ്യാറാവുക.
ആധാറും പാൻകാർഡും ലിങ്ക് ചെയ്തില്ലെങ്കിൽ പാൻകാർഡ് കാൻസലാവും എന്നൊരു സന്തോഷവാർത്ത കേട്ടിരുന്നല്ലോ. ഈ ലിങ്ക് ചെയ്യൽ അത്ര എളുപ്പമാവില്ല പോലും.
The income tax department has recently started accepting initials that can be put on the PAN card. However, you will be required to put your full name while applying for a verification of data. For instance, if your official name is M Ramamurthy where the full name is Madurai Ramamurthy where Ramamurthy is the first name, I-T will allow initials only for the first name. Hence, you can either print your name on the PAN card as either Ramamurthy or R Madurai.
Once you try to link PAN to your Aadhaar card which accepts initials, there is bound to be a name mismatch. This will lead to a rejection of request for linking Aadhaar card. In several parts of the country, especially the south of India, the names of villages are often suffixed or prefixed to the name of an individual. Here, any name except the first name of the person is considered as surname and will have to be mentioned in full on the PAN card.
ഈ പേരുകൾ ഒത്തുനോക്കൽ സോഫ്റ്റ്വെയർ ഏറ്റെടുക്കുകയാണു്. വെറും string comparison ആണെങ്കിൽ മിക്കവരുടെയും പേരുകൾ തള്ളും. തള്ളിപ്പോയവർ പേരുകൾ മാറ്റാൻ, ശരിയാക്കാൻ മെനക്കെടേണ്ടിവരും. ഇനിയിപ്പൊ ഇന്ത്യൻ പേരുകൾ മാച്ച് ചെയ്തു നോക്കാൻ ഒരു അൽഗോരിതം തയ്യാറാക്കാൻ ശ്രമിച്ചെന്നിരിക്കട്ടെ. എന്തൊക്കെയായിരിക്കണം അതിൽ ശ്രദ്ധിക്കേണ്ടതു്? ഇംഗ്ലീഷിലെഴുതിയ പേരാണെന്നെരിക്കട്ടെ. ഇന്ത്യൻ ഭാഷകളെക്കൂടിപരിഗണിച്ചാൽ ഇതു് വളരെ സങ്കീർണ്ണമാകും.
- അപ്പർ കേസ്, ലോവർ കേസ് മാറ്റങ്ങൾ കണക്കിലെടുക്കരുതു്. Anand Chandran, ANAND Chandran, Anand CHANDRAN, anand chandran, ANAND CHANDRAN ഒക്കെ ഒന്നാണല്ലോ.
- കുത്ത് കോമ ഒക്കെ വിടണം. Rama C, Rama C.
- സ്പേസ് വെറുതെ വിടണം. Rama Chandran, Ramachandran ഇവ ഒന്നല്ലേ
- സ്പെല്ലിങ്ങ് വ്യത്യാസങ്ങൾ. Pradeep, Pradip, Pradeeb, Pradeeb, Prathib, Pratheeb, Prathib, Prathib ഇതൊക്കെ വേറേ വേറെ ആളുകളാവാം, ഒരാളാവാം
- First name, Last name, Middle name പേരുകൾ നമുക്ക് വളരെ ആശയക്കുഴപ്പമുള്ളവയാണു്. പ്രേതേകിച്ചും ദക്ഷിണേന്ത്യൻ പേരുകളിൽ. M Sudhakaran, Sudhakaran M, Sudhakaran Manoharan ഒക്കെ ഒരാളാവാമല്ലോ.
- വേറുതേ ഒരു സ്പേസ് അധികമായതുകൊണ്ട് പേരു മാച്ച് ആവാതെ ആളുകളെ ഓഫീസുകൾ കേറിയിറക്കാനും ഈ അൽഗോരിതങ്ങളെക്കൊണ്ടു സാധിക്കും എന്നും ഓർക്കാം.
ഇംഗ്ലീഷിൽ ഇത്തരം അൽഗോരിതങ്ങളൊക്കെ ഉണ്ടു്. Soundex, Metaphone, New York State Identification and Intelligence System ഒക്കെ ഉദാഹരണങ്ങൾ. നമ്മുടെ പേരുകളുടെ പ്രത്യേകതകൾ കൂടി പരിഗണിച്ചു് അതുപോലൊരു അൽഗോരിതം നമുക്കും വേണ്ടേ?
ഇംഗ്ലീഷിൽ മാത്രം പോരാ, ഇന്ത്യൻ ഭാഷകളിലും വേണ്ടേ? നേരത്തെപ്പറഞ്ഞ Soundex അൽഗോരിതത്തിനെപ്പോലെയൊന്നു് ഇന്ത്യൻ ഭാഷകൾക്കു വേണ്ടി ഇൻഡിക് സൌണ്ടെക്സ് എന്ന പേരിൽ തയ്യാറാക്കിയിരുന്നു. വിവിധ ഇന്ത്യൻ ഭാഷകളിലെഴുതിയാലും പരസ്പരം ഒത്തുനോക്കാൻ അതിനു കഴിയും. ഉദാഹരണത്തിനു് സന്തോഷ്, सन्तोष എന്നിവ ഒരേ പേരാണെന്നു പറയുന്ന വിധത്തിൽ.