അന്ധനായ ഒരാള്‍ക്കു് ഒരു പ്രോഗ്രാമ്മറാവാമോ? കൃഷ്ണകാന്ത് മനേ ഒരു അന്ധ പ്രോഗ്രാമ്മറാണു്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനുമാണു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രചാരകനും, അന്ധരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധനും, പല സംസ്ഥാന സര്‍ക്കാറുകളുടെയും അന്ധര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകനുമാണു്. കുറച്ചുമാസങ്ങള്‍ക്കു് മുന്‍പ്, ബാംഗ്ലൂരില്‍ വച്ചാണു് ഞാന്‍ മനേയെ പരിചയപ്പെടുന്നതു്. തന്റെ IBM thinkpad ലാപ്ടോപ്പില്‍ ഉബുണ്ടു ഗ്നു/ലിനക്സും ഓര്‍ക്ക(Orca) എന്ന സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്വെയറും ഉപയോഗിച്ചു് അദ്ദേഹം നെറ്റ് ബ്രൗസ് ചെയ്യുന്നതും, മെയില്‍ നോക്കുന്നതും, പ്രോഗ്രാം ചെയ്യുന്നതും കണ്ടു് ഞാന്‍ അത്ഭുതപ്പെടുപോയി. കാഴ്ചയുള്ള ആരും ചെയ്യുന്ന അതേ ലാളിത്യത്തോടുകൂടിത്തന്നെ അദ്ദേഹം അതെല്ലാം ചെയ്യുന്നു. Orca ഒരു സ്വതന്ത്ര സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്വെയറാണു്. അതു് സ്ക്രീനിലെ വാചകങ്ങളെ ശബ്ദമാക്കിത്തരുന്നു. ഇംഗ്ലീഷിലാണു് അദ്ദേഹം അതുപയോഗിച്ചിരുന്നതു്. ഫെസ്റ്റിവല്‍ എന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ. അദ്ദേഹത്തെപ്പറ്റിയും തമിഴ്നാട് സര്‍ക്കാറിന്റെ ഓര്‍ക്കയും ഉബുണ്ടുവും ഉപയോഗിച്ചുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയെക്കുറിച്ചുമുള്ള ഒരു വീഡിയോ താഴെക്കൊടുത്തിരിക്കുന്നു.
ഇംഗ്ലീഷിനുപകരം മലയാളത്തിലോ തമിഴിലോ ഉള്ള ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്വെയറുകള് ഉപയോഗിക്കുകയാണെങ്കില്‍ അതു കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.ഇതിനുള്ള ഒരു തടസ്സം ഭാരതീയ ഭാഷകള്‍ക്കു് ഉപയോഗിക്കാവുന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്വെയറുകളുടെ അഭാവമാണു്. ഇതിനുള്ള ഒരു പരിഹാരമാണു്, ഞാനും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലെ പ്രൊഫസറായ ഡോ: രമേഷ് ഹരിഹരനും കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ധ്വനി എന്ന സോഫ്റ്റ്വെയര്. മലയാളമടക്കം 8 ഭാഷകള്‍ ധ്വനിക്കു് സംസാരിയ്ക്കാന്‍ കഴിയും.
ധ്വനി ഇക്കൊല്ലത്തെ ഫോസ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായ പ്രൊജക്റ്റാണു്. NRCFOSS(National Resouce Center for Free and Open Source Software) സ്പോണ്‍സര്‍ചെയ്യുന്ന 25000 രൂപയാണു് അവാര്‍ഡ് തുക. (സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വേറൊരു പ്രൊജക്റ്റായ ടക്സ് ടൈപ്പിനും അവാര്‍ഡുണ്ടു്. തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ മോബിന് , ശ്രീരഞ്ജ് , ശ്രേയസ്, പ്രിന്‍സ്, വിമല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണു് അവാര്‍ഡ് ലഭിച്ചതു്.) ധ്വനി ഉപയോഗിച്ചു് എങ്ങനെ മലയാളം ടെക്സ്റ്റുകളെ mp3/ogg ആക്കി മാറ്റാമെന്നറിയാന്‍ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക.