മലയാളം അകാരാദിക്രമം

സ്വതന്ത്ര പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കായി തയ്യാറാക്കിയ glibc (Gnu C Library ) അകാരാദിക്രമത്തിന്റെ(Collation) വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക. താഴെപ്പറയുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണു് മലയാളം അകാരാദിക്രമം തയ്യാറാക്കിയിരിക്കുന്നതു്. അക്ഷരമാലാക്രമം പിന്തുടരുക. അനുസ്വാരം മയുടെ സ്വരസാന്നിദ്ധ്യമില്ലാത്ത രൂപമായി പരിഗണിച്ചു് മയുടെ തൊട്ടുമുന്നില്‍ ക്രമീകരിയ്ക്കുക. പംപ < പമ്പ എന്ന പോലെ . ഓരോ വ്യഞ്ജനവും അതിന്റെ സ്വരസാന്നിദ്ധ്യമില്ലാത്ത രൂപത്തിന്റെ കൂടെ അകാരം ഉള്ള രൂപമായി കണക്കാക്കുക. അതായതു് ത എന്നതു് ത് എന്ന സ്വരസാന്നിദ്ധ്യമില്ലാത്ത വ്യഞ്ജനത്തിന്റെ കൂടെ അകാരം ഉള്ള രൂപമാണു്. ത = ത് + അ . താ = ത് + ആ എന്നിങ്ങനെ. ഇതില്‍ നിന്നും ത് < ത എന്നു വ്യക്തമാകുന്നു. അതുകൊണ്ടു് ത എന്നതു് ത് കഴിഞ്ഞേ വരൂ. അത് < അതല്ല < അതാണു്. അതേസമയം അത്ഭുതം > അതഭ. കൂട്ടക്ഷരങ്ങള്‍ അതിലെ ആദ്യത്തെ അക്ഷരത്തില്‍ സ്വരചിഹങ്ങള്‍ ചേര്‍ന്ന രൂപങ്ങളെല്ലാം കഴിഞ്ഞേ വരൂ. ത്ഭ = ത + ് + ഭ + ് + അ തഭ = ത + ് + അ + ഭ + ് + അ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ തുല്യമായതുകൊണ്ടു്, ഇതിനെ നമുക്കു് ഭ + ് + അ അ + ഭ + ് + അ എന്നെഴുതാം. ഭ > അ ആണല്ലോ. അതുകൊണ്ടു് അത്ഭുതം എന്നതു് അതഭ എന്നതിനു ശേഷമേ വരൂ. ...

January 1, 2009 · 2 min · Santhosh Thottingal