2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍ പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു.
പ്രവീണിന് യാത്രാമംഗളങ്ങള്‍ നേരുന്നു.
വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതികള്‍ പരിചയപ്പെടുത്തുന്നതിനും അവരുടെ സര്‍ഗ്ഗാത്മകമായ സോഫ്റ്റ്‌വെയര്‍ സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഗൂഗിള്‍ ലോകമെങ്ങും നടത്തുന്ന പരിപാടിയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മാര്‍ഗ്ഗദര്‍ശിയെ ഈ സംഘടനയില്‍ നിന്ന് തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന സോഫ്റ്റ്‌വെയര്‍ സംരംഭ ആശയങ്ങള്‍ക്ക് ഗൂഗിള്‍ 4500 ഡോളര്‍ (ഏകദേശം 2 ലക്ഷം രൂപ) വീതം നല്‍കുന്നു. 4 മാസത്തെ സമയമാണ് അനുവദിക്കുക. ഇതിനിടയില്‍ 2 തവണ മൂല്യനിര്‍ണ്ണയം ഉണ്ട്. ഒന്നാം ഘട്ട മൂല്യ നിര്‍ണ്ണയം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ 1 ലക്ഷം രൂപ ലഭിക്കും, ബാക്കി അവസാന മൂല്യ നിര്‍ണ്ണയം പൂര്‍ത്തീകരിച്ചാലും. വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാവണമെന്ന നിര്‍ബന്ധമുണ്ട്. സംരംഭ ആശയങ്ങള്‍ സംഘടകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം.
...