ഭാഷ തടസ്സമാകാതിരിക്കാൻ സഞ്ചാരികളെ സഹായിക്കാൻ AI Kiosk കൾ സ്ഥാപിക്കും എന്ന മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞെന്ന് പത്രത്തിൽ വായിച്ചു. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന കിയോസ്കുകൾ അവർക്ക് അവരുടെ ഭാഷയിൽ മറുപടി കൊടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
ചില ചോദ്യങ്ങൾ
-
ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ച് നിലവിൽ സഞ്ചാരികൾ അറിയുന്നതും സംശയങ്ങൾ തീർക്കുന്നതും എങ്ങനെയാണ്? അതിൽ എന്ത് പോരായ്മകളാണ് ഉള്ളത്?
-
ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണുകളിൽ ലഭ്യമല്ലാത്ത എന്തു സൗകര്യമാണ് ഈ കിയോസ്കുകളിൽ ഉണ്ടാകുക? ഇന്റർനെറ്റിൽ ലഭ്യമല്ലാതിരിക്കുകയും എന്നാൽ കിയോസ്കുകളിൽനിന്നു മാത്രം അറിയാൻ കഴിയുന്നതുമായ എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ?
-
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾ ഇത്തരം കിയോസ്കുകൾ തേടി നടക്കുമോ അതോ സ്വന്തം മൊബൈൽ ഫോൺ ഉപയോഗിക്കുമോ?
-
നിലവിൽ ടെക്സ്റ്റ്/വോയ്സ് സെർച്ച് സഹായത്തോടെ വേണമെങ്കിൽ AI സഹായത്തോടെയും ഏത് മൊബൈൽ ഫോണിലും ചെയ്യാമെന്നിരിക്കെ പുതുതായി എന്തു വിവരങ്ങളാണ്, സൗകര്യങ്ങളാണ് ഈ കിയോസ്കുകളിൽ ഉണ്ടാവുക? മിക്കവാറും ലോകഭാഷകളൊക്കെ മെഷീൻ ട്രാൻസ്‌ലേഷൻ പിന്തുണക്കുന്നതുകൊണ്ട് ഭാഷ ഇന്ന് സഞ്ചാരികൾക്ക് ഒട്ടും തടസ്സമല്ലാതിരിക്കയാണ്.
-
വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ AI സിസ്റ്റങ്ങൾ തനിയേ മനസ്സിലാക്കി പറഞ്ഞുകൊടുക്കില്ലല്ലോ? വലിയ തോതിൽ അത്തരം വിവരങ്ങൾ ആദ്യം തയ്യാറാക്കി ട്രെയിനിങ്ങ് നടത്തിയാലേ AI സിസ്റ്റങ്ങൾക്ക് ചോദ്യങ്ങൾ ഉത്തരം നൽകാനാകൂ. ഈ വിവരങ്ങൾ ആരു പ്രസിദ്ധീകരിക്കും?
-
AI അധിഷ്ഠിത സംവിധാനങ്ങൾ നൽകുന്ന ഉത്തരങ്ങൾ പലപ്പോഴും തെറ്റായ വിവരങ്ങളും മണ്ടത്തരങ്ങളും നിറഞ്ഞതാണെന്നത് വസ്തുതയാണ്. അതേ സമയം നല്ല ഒരു വെബ്സൈറ്റ് വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ച് ഉണ്ടെങ്കിൽ എല്ലാവർക്കും എളുപ്പത്തിൽ വിശ്വസനീയമായ വിവരങ്ങൾ കിയോസ്കൊന്നും കൂടാതെ എവിടെനിന്നും എപ്പോൾ വേണമെങ്കിലും ലഭിക്കുമെന്നിരിക്കെ, ഇത്തരം കിയോസ്കുകൾക്ക് മുടക്കുന്ന പണത്തിനും അതിന്റെ തുടർ നടത്തിപ്പിനും എന്തു വിശദീകരമാണുള്ളത്?
എഐ ഇന്ന് ആണി തേടിനടക്കുന്ന ചുറ്റികയാണ്. ചോദ്യം തേടിനടക്കുന്ന ഉത്തരം. ഉത്തരവാദിത്തമില്ലാത്ത, ആലോചനകളിലാത്ത ഇത്തരം പദ്ധതികൾ ആർക്കുവേണ്ടിയാണ്?
ദയവായി ഇതിനെപ്പറ്റി ഒന്നുകൂടി ആലോചിക്കുമല്ലോ?
The Kerala Tourism website https://www.keralatourism.org/ can use some help. Here is the latest page speed report. Fails in all web vital checks. Scores 9/100 in performance.