മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പതിപ്പിൽ(ലക്കം 16) ഡോ ബി എം ഹെഗ്‌ഡെയുമായി അഭിമുഖമുണ്ട്. കവർസ്റ്റോറിയാണു്. ലോകപ്രശസ്ത ജനപക്ഷ ഡോക്ടറാണു്, ആരോഗ്യം സമൂഹത്തിന്റെ ആരോഗ്യമാണെന്നൊക്കെ പറഞ്ഞുള്ള ആമുഖത്തിനപ്പുറം വായിച്ച് പോയപ്പോൾ എന്റെ പരിമിതമായ ശാസ്ത്രവിജ്ഞാനത്തിനൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കപടവാദങ്ങളാണു് കാണാനിടയായതു്. പത്മ ഭൂഷൺ ലഭിച്ച, മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസ്‌ലറായിരുന്ന, നിരവധി ബിരുദങ്ങളും വർഷങ്ങളുടെ വൈദ്യശാസ്ത്ര അനുഭവപരിചയവുമുള്ള ഇദ്ദേഹം ഇങ്ങനെയൊക്കെ ശാസ്ത്രത്തെ അവതരിപ്പിക്കുന്നതിൽ എനിക്കത്ഭുതമുണ്ട്.
ആരോഗ്യരംഗത്തെ സാമ്പത്തിക ചൂഷണങ്ങൾ, ഡോക്ടർ രോഗി ബന്ധങ്ങളിലെ തെറ്റായ പ്രവണതകൾ തുടങ്ങി ആർക്കും അംഗീകരിക്കാൻ അത്ര വിഷമമൊന്നുമില്ലാത്ത വിഷയങ്ങളുടെ മറവിൽ ആധുനിക വൈദ്യശാസ്ത്രത്തെയും അതിന്റെ നേട്ടങ്ങളെയും അപ്പാടെ നിരാകരിയ്ക്കുകയാണു് ഹെഗ്‌ഡെ ചെയ്യുന്നതു്. അദ്ദേഹത്തിനു ലഭിച്ച ശാസ്ത്ര വിദ്യാഭ്യാസത്തെയും അലങ്കരിച്ച പദവികളെയും അപ്പാടെ ചോദ്യചിഹ്നമാക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ നമ്മുടെ നാട്ടിലെ ലാടവൈദ്യൻമാരുടെയോ കപടശാസ്ത്രവാദക്കാരുടെയോ വാദങ്ങളിൽ നിന്നും ഒട്ടും ഭിന്നമല്ല.
അഭിമുഖത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ താഴെകൊടുക്കുന്നു.
“ഞാൻ പഠിക്കുന്ന കാലത്തു് ഹൃദയാഘാതം വന്നാൽ രോഗിക്ക് ഓക്സിജൻ നൽകുമായിരുന്നു. ഹൃദയാഘാതം വന്നവർക്ക് ഓക്സിജന്റെ അളവ് കുറച്ചുമതിയെന്ന്(Hypoxia) പിന്നീടാണു് കണ്ടെത്തിയതു്. എത്രപേരെ നമ്മൾ ഓക്സിജൻ കൊടുത്തു് കൊന്നു?” ഹാർവാഡ് മെഡിക്കൽ സ്കൂളിൽ നിന്നും നോബൽ സമ്മാനം നേടിയ ബെർണാഡ് ലോണിന്റെ കീഴിൽ കാർഡിയോളജിയിൽ പരിശീലനം നേടിയ ആളാണ് ഡോ ഹെഗ്ഡെ എന്നു് അദ്ദേഹത്തിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തിൽ പറയുന്നു. ഓക്സിജൻ കൊടുത്തുവെന്ന അമിതമായി ലളിതവത്കരിച്ച മേൽപ്രസ്താവന കൊണ്ട് ഡോ ഹെഗ്ഡെ എന്താണുദ്ദേശിക്കുന്നതു്? ഓക്സിജന്റെ അളവു ക്രമീകരിച്ചുകൊണ്ടുള്ള ചികിത്സാപഠനങ്ങൾ നടന്നിട്ടുണ്ട് എന്നതുകൊണ്ട് ഓക്സിജൻ കുറച്ചു മതിയെന്നും ഓക്സിജൻ കൊടുത്തുകൊന്നുവെന്നും പറയുന്നതു് അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിനു ചേർന്നതാണോ? ഇതുവായിക്കുന്ന സാധാരണക്കാർ എന്താണതിൽ നിന്നും മനസ്സിലാക്കേണ്ടതു്?.
വെളിച്ചെണ്ണയുടെ മാഹാത്മ്യത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. അമേരിക്കയിൽ അൾഷെമേഴ്സിനും ജീവിതശൈലീരോഗങ്ങൾക്കും വെളിച്ചെണ്ണ ഡോക്ടർമാർ നിർദ്ദേശിക്കുന്നുവെന്നു അദ്ദേഹം പറയുന്നു. അറുപതുകളിൽ ഡോ ഹെഗ്ഡേ ഇതുപറഞ്ഞപ്പോൾ ആരും കണക്കിലെടുത്തില്ല പോലും. “നവജാതശിശുവിനുപോലും വെളിച്ചെണ്ണ വായിൽവെച്ച് കൊടുക്കാം, വായിൽവെച്ചുതന്നെ ദഹിക്കും”-മലയാളികൾ വെളിച്ചെണ്ണ ഉപേക്ഷിക്കാനുള്ള ബുദ്ധി കാണിച്ചതുകൊണ്ടാണു് രോഗങ്ങൾ കൂടിയതു്. നവജാതശിശുക്കൾക്ക് മുലപ്പാലിനുപകരം വെളിച്ചെണ്ണ കൊടുക്കാം എന്ന് അദ്ദേഹം വേറേ പലയിടങ്ങളിൽ പറയുന്നതായും വായിച്ചു(https://www.youtube.
“കോശങ്ങൾ സ്വയം അറ്റകുറ്റപ്പണികൾ നടത്തുമെന്ന വിപ്ലവകരമായ അറിവ് ശാസ്ത്ര ലോകം രഹസ്യമാക്കിവെച്ചിരിക്കുകയാണു്”
“അവയവം മാറ്റിവെയ്ക്കൽ ഒരു രോഗത്തിനും പരിഹാരമല്ല, കാറിനെപ്പോലെ യാന്ത്രികമായാണ് ശരീരം പ്രവർത്തിക്കുന്നതെന്ന പഴയ ശാസ്ത്രം പഠിച്ചവരാണു് ട്രാൻസ്പ്ലാന്റേഷൻ തുടരുന്നത്”
“ശാസ്ത്രത്തെ കിഴക്കെന്നും പടിഞ്ഞാറെന്നും നാം ഒരിക്കലും വേർതിരിക്കേണ്ടതില്ല ” എന്നുപറയുന്ന ഡോ ഹെഗ്ഡേ അടുത്ത വാചകത്തിൽ പറയുന്നു: “പാശ്ചാത്യ ശാസ്ത്രം ഇന്ന് എല്ലാ രംഗത്തും ആധിപത്യം നേടിയിട്ടുണ്ട്, അതു് താമസിയാതെ തകർന്നു വീഴും”. ഡോ ഹെഗ്ഡേ അദ്ദേഹത്തിന്റെ പ്രൊഫഷനിൽ സ്വയം വിശ്വസിക്കുന്നുണ്ടോ എന്നാർക്കെങ്കിലും ചോദിക്കാൻ തോന്നിയാൽ കുറ്റപ്പെടുത്താനാവുമോ?
“പണ്ട് അമ്പലങ്ങളിൽ വെള്ളിപ്പാത്രത്തിൽ തീർഥജലം നൽകുമായിരുന്നു, പന്ത്രണ്ടുവർഷമൊക്കെ മണ്ണിനടിയിൽ സൂക്ഷിക്കുന്ന നാനോപാർട്ടിക്കിൾസ് അതിലുണ്ടാവും. “. ക്വാണ്ടം മെക്കാനിക്സ് പോലെ പറയുന്ന വിഷയത്തിനു കനം കൂട്ടാൻ വേണ്ടി ചേർക്കുന്ന മറ്റൊരു വാക്കാണ് നാനോ സയൻസ്. കേൾക്കുന്നവർക്ക് അറിയാൻ സാധ്യത കുറവാണെന്ന വിശ്വാസമാണതിനു പിന്നിൽ. ഡോ ഗോപാലകൃഷ്ണനൊക്കെ നന്നായി ഉപയോഗിക്കുന്ന വിദ്യയാണതു്. വെള്ളത്തിൽ നാനോ പാർട്ടിക്കിൾസ് ഉണ്ടാവും എന്നതുകൊണ്ട് എന്തുണ്ടാവാനാണു്? വെള്ളത്തിൽ മൺതരികളുണ്ടാവുമെന്നോ, പായലുണ്ടാവുമെന്നോ പറയുന്നതിനേക്കാൾ ഇതിനൊക്കെ എന്തെങ്കിലും അർത്ഥമുണ്ടോ? “ഞങ്ങളുടെ നാനോ സിൽവർ ലായനിക്ക് വില പത്തുരൂപയേ ഉള്ളൂ, ഉപകാരികളായ അണുക്കളെ അതു നശിപ്പിക്കില്ല, രോഗകാരികളെ പെരുകാൻ അതു് അനുവദിക്കുകയുമില്ല”-പേറ്റന്റ് കിട്ടാൻ കൈക്കൂലി കൊടുക്കാൻ തയ്യാറാകാത്തതുകൊണ്ട് പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഹൃദയാഘാതം തടയാൻ ഒരു ഇലക്ട്രോമാഗ്നറ്റിക് ഉപകരണവും ഇദ്ദേഹം കണ്ടുപിടിച്ചതായി അവകാശപ്പെടുന്നു. അതിനും പേറ്റന്റ് കിട്ടിയിട്ടില്ല. കൈക്കൂലി തന്നെ പ്രശ്നം.
“പ്രാചീനമായ ആചാരങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തു് നമുക്ക് പല ആരോഗ്യപ്രശ്നങ്ങളെയും പരിഹരിക്കാം”. പ്രധാനമന്ത്രി മുതൽ നാട്ടിലെ ഒറ്റമൂലി വൈദ്യൻമാർവരെ പറയുന്ന ഈ മന്ത്രം ഇദ്ദേഹവും ഉരുവിട്ടു. ഒരു കണക്കിൽ അഭിമുഖത്തിന്റെ ഒറ്റവാചകത്തിലുള്ള ചുരുക്കമായും ഈ പ്രസ്താവനയെ പരിഗണിക്കാം. പക്ഷേ അഭിമുഖം വരും ലക്കങ്ങളിൽ തുടരും എന്നു മുന്നറിയിപ്പുണ്ട്.
“നിങ്ങൾ ആരോഗ്യത്തോടെയിരിക്കുമ്പോൾ ഒരിക്കലും ഡോക്ടറുടെയടുത്തു് ചെക്ക് ചെയ്യാൻ പോകരുതു്” ഹെൽത്ത് ചെക്കപ്പുകൾക്കെതിരെ അദ്ദേഹം സംസാരിക്കുന്നുണ്ട്.
“ഡോക്ടർമാർ ഹാർട്ട് ബ്ലോക്കെന്നു പറഞ്ഞാൽ ഒരിക്കലും ഭയക്കരുതു്, എല്ലാ മനുഷ്യർക്കും ബ്ലോക്ക് ഉണ്ടാവും” -” സ്കൂളിൽ പോകുന്ന കുട്ടികൾക്കും ബ്ലോക്കുണ്ടാവും, വിയറ്റ്നാം കൊറിയൻ യുദ്ധങ്ങളിൽ വെടിയേറ്റ് വീണ അമേരിക്കൻ പട്ടാളക്കാരിൽ എല്ലാർക്കും ബ്ലോക്കുണ്ടായിരുന്നു!”. വെടിയേറ്റ് മരിച്ച പട്ടാളക്കാരുടെ ബ്ലോക്കിന്റെ കാര്യം സ്വല്പം വിശ്വസിക്കാൻ തോന്നുന്നു. ലേസർ ബൈപാസ് സർജറി നടത്തിയ തെരഞ്ഞെടുത്തവരിൽ നടത്തിയപ്പോൾ, കുറച്ചുപേർക്ക് വെറും ബോധം കെടുത്തുകയേ ഉണ്ടായുള്ളൂ. “പക്ഷേ അവർ പുർണ ആരോഗ്യവാൻമാരായിരുന്നു. ശസ്ത്രക്രിയ നടത്തിയവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പ്ലസിബോ ഇഫക്ടാണ് രോഗം മാറ്റുന്നതെന്ന് ഇതു് സംശയാതീതമായി തെളിയിക്കുന്നു”. പൂർണ ആരോഗ്യമുള്ളവരിലാണോ ഇങ്ങനെ ബോധംകെടുത്തി ശസ്ത്രക്രിയ നടത്തിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചതെന്നു വ്യക്തമല്ല.
“രോഗമൊന്നുമുണ്ടാവില്ലെന്ന ശുഭാപ്തിവിശ്വാസമുള്ളവരായാൽ തന്നെ ശരീരത്തിലെ കാൻസർ കോശങ്ങൾക്ക് പെരുക്കാൻ കഴിയില്ല”. കാൻസർ ചികിത്സയ്ക്ക് സെൽഫ് ഹെൽപ് പുസ്തകങ്ങൾ ഉപയോഗിക്കാമോ?
“അറിവില്ലായ്മയുണ്ടാക്കുന്ന അഹങ്കാരമാണ് എല്ലാ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നതു്. പണം മുടക്കി ലോകത്തൊരാൾക്കും ആരോഗ്യം വാങ്ങാനാവില്ല”
“പരിണാമജീവശാസ്ത്രം പഠിച്ചാൽ ഡാർവിനും മെൻഡലുമൊക്കെ പഴഞ്ചനാണെന്നും അണുക്കളിൽ നിന്നും പരിണമിച്ചുണ്ടായവരാണ് മനുഷ്യരെന്നും ബോധ്യമാകും”.
“ഫിസിക്സിലെ തത്വമെടുത്തു് വിമാനവും മിസൈലുകളുണ്ടാക്കുന്നതും ശാസ്ത്ര സാങ്കേതികവിദ്യയുടെ പേരിൽ ഒരു ലക്ഷം കോടി ചെലവു ചെയ്തു് ചന്ദ്രനിൽ പോകുന്നതും വെറും ഈഗോയെ തൃപ്തിപെടുത്തലാണ്. അതുകൊണ്ട് ഭൂരിപക്ഷം വരുന്ന സാധാരണകാർക്കും ഒരു നേട്ടവും ഇല്ല” – ഇന്ത്യയിലെ ശാസ്ത്ര വിദ്യാർത്ഥികൾക്കും പൊതുജനത്തിനും ഇദ്ദേഹം നൽകുന്ന സന്ദേശമെന്താണു്?
ഇനിയുമുണ്ട്. പക്ഷേ ഇതെല്ലാം നമ്മുടെ നാട്ടിലെ ലാടവൈദ്യൻമാരും വടക്കഞ്ചേരിമാരും ഗോപാലകൃഷ്ണനെപ്പോലുള്ളവരും എത്രയോവട്ടം പറഞ്ഞ് നമ്മൾ കേട്ടിട്ടുള്ളതുതന്നെ. പ്രതിരോധവാക്സിനുകളെ സംബന്ധിച്ച് ഗൌരവകരമായ ചർച്ചകൾ നടക്കുന്ന ഇക്കാലത്തു്, ആ വിഷയത്തിൽ പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിച്ച മാതൃഭൂമി തന്നെ ഇത്തരം കപടശാസ്ത്ര വാദങ്ങൾക്ക് വേദിയൊരുക്കുന്നതു് ആശങ്കയുണ്ടാക്കുന്നു. പത്മഭൂഷൻ നേടിയ ശാസ്ത്രഞ്ജൻ, നിരവധി വൈദ്യശാസ്ത്ര ബിരുദങ്ങളുള്ള, പല ഉയർന്ന പദവികൾ അലങ്കരിച്ചയാൾ എന്നൊക്കെയാണ് ആണു് ഡോ ഹെഗ്ഡേയുടെ വിശേഷണങ്ങൾ എന്നോർക്കുമ്പോൾ ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തെയും ശാസ്ത്രജ്ഞർ എന്നു വിളിക്കപെടുകയും ആദരിക്കുകയും ചെയ്യപ്പെടുന്നവരെയും ഓർത്ത് ഒരേ സമയം ലജ്ജിക്കുകയും ആശങ്കപ്പെടുകയും ചെയ്യുന്നു. റോക്കറ്റിനു തുലാഭാരം നടത്തുന്നവരും യുദ്ധവീമാനത്തിനു ശത്രുസംഹാരപൂജനടത്തുവരെയും ശാസ്ത്രജ്ഞൻ എന്ന് നമ്മൾ ഇനിയും വിളിച്ചുകൊണ്ടേയിരിക്കുമോ?
ഹെഗ്ഡേയുടെ ലേഖനങ്ങൾ ‘നിർമുക്ത’ പണ്ട് വിശകലനം ചെയ്തിരുന്നു –
- ttp://nirmukta.com/…/06/17/science-is-not-the-enemy-dr-he…/
- http://nirmukta.com/2012/03/17/a-response-to-dr-b-m-hegde/
This note was later published in Narada news Malayalam
http://malayalam.naradanews.com/2016/07/hedges-interview-a-critical-reading/