ഈ വരുന്ന ജൂണ്‍ 30 നു് ഒരു പ്രത്യേകതയുണ്ടു്. ആ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണിക്കൂറും ഒരു സെക്കന്റും ആണു്. അധികം വരുന്ന ഈ ഒരു സെക്കന്റിനെ ലീപ് സെക്കന്റ് അല്ലെങ്കില്‍ അധിക നിമിഷം എന്നാണു് വിളിക്കുന്നതു്. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന കൈയില്‍ കെട്ടുന്ന വാച്ചുകളിലോ ചുമര്‍ ക്ലോക്കുകളിലോ ഒന്നും ഇതു കണ്ടെന്നു വരില്ല. അല്ലെങ്കിലും ഒരു സെക്കന്റിനൊക്കെ നമുക്കെന്തു വില അല്ലേ? പക്ഷേ അങ്ങനെ തള്ളിക്കളയാനാവില്ല ഈ അധിക സെക്കന്റിനെ. സെക്കന്റ് അളവില്‍ കൃത്യത ആവശ്യമായ കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലും ഇതു പ്രശ്നമുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലായതുകൊണ്ടു് ജൂണ്‍ 30, 11 മണി, 60 സെക്കന്റ് എന്ന സമയത്തെ, എന്നാല്‍ ജൂലൈ 1 ആവാത്ത ആ നിമിഷത്തെ, നേരിടാന്‍ ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ കരുതിയിരിക്കുന്നു.

ഈ അധിക നിമിഷം എവിടെനിന്നു വന്നു? വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഭൂമിയുടെ കറക്കത്തിന്റെ വേഗത എല്ലാ കാലത്തും ഒരുപോലെയല്ലാത്തതുകൊണ്ടാണു് ഈ അഡ്ജസ്റ്റ് മെന്റ് വേണ്ടിവരുന്നതു്. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയാന്‍ ഭൌമപാളികളുടെ ചലനങ്ങള്‍ അല്ലെങ്കില്‍ ഭൂചലനങ്ങള്‍ പ്രധാനകാരണമാണു് . ഭൂമിയുടെ കറക്കത്തെ അടിസ്ഥാനമാക്കി ഒരു ദിവസത്തെ 24 മണിക്കൂറുകളായും ഒരു മണിക്കൂറിനെ 60 മിനിറ്റായും ഓരോ മിനിറ്റിനെയും 60 സെക്കന്റായും വിഭജിച്ചാണല്ലോ നമ്മുടെ സമയം. ഇതിനെ ആസ്ട്രോണമിക്കല്‍ സമയം എന്നും വിളിക്കാം. പക്ഷേ കൃത്യതയാര്‍ന്ന സെക്കന്റിന്റെ നിര്‍വചനം ഈ വിഭജനങ്ങളെ ആസ്പദമാക്കിയല്ല ചെയ്തിരിക്കുന്നതു്. ഒരു സീസിയം-133 ആറ്റം, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ, 9,192,631,770 മടങ്ങ് എന്നാണു് സെക്കന്റിന്റെ ശാസ്ത്രീയവും ഔദ്യോഗികവുമായ നിര്‍വചനം.

ലോകത്തിലെ ക്ലോക്കുകളെല്ലാം കൃത്യസമയം പാലിക്കുന്നതു് കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈം (UTC) സ്റ്റാന്‍ഡേഡ് അനുസരിച്ചാണു്. ഇതിനെ ആസ്പദമാക്കിയാണു് സമയമേഖലകളില്‍( Timezones) സമയം കണക്കാക്കുന്നതും കമ്പ്യൂട്ടറുകളിലെ സമയക്രമീകരണവും. ഗ്രീനിച്ച് മാനക സമയമടിസ്ഥാനമാക്കി ശാസ്ത്രലോകം അംഗീകരിച്ച സമയഗണനസമ്പ്രദായമാണു് UTC. ഇന്ത്യയിലെ സമയമേഖല UTC+5.30 എന്നാണു് കുറിക്കാറുള്ളതു്. ഗ്രീനിച്ച് സമയത്തില്‍ നിന്നും അഞ്ചരമണിക്കൂര്‍ കൂടുതല്‍ എന്ന അര്‍ത്ഥത്തില്‍. 1972 മുതല്‍ UTC, ഇന്റര്‍നാഷണല്‍ അറ്റോമിക് ടൈമിനെ പിന്തുടരുന്നു. ഇന്റര്‍നാഷണല്‍ അറ്റോമിക് ടൈം സീസിയം ആറ്റത്തിന്റെ വികിരണത്തെ അടിസ്ഥാനമാക്കിയാണു്.

ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ജൂണ്‍ 30 നു് അധിക സെക്കന്റ് എന്നതു് UTC സമയമാണെന്നു വ്യക്തമാക്കട്ടെ. ശരിക്കും ഇന്ത്യയിലപ്പോള്‍ ജൂലൈ 1 രാവിലെ 5.30 ആയിരിക്കും.

നിത്യജീവിതത്തിലെ സമയം എന്ന ആശയം രാത്രി-പകല്‍ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ. UTC യും നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്കുള്ളതായതുകൊണ്ടു് ഒരേ സമയം അറ്റോമിക് ടൈമിന്റെ കൃത്യത പാലിക്കാനും അതേ സമയം ഭൂമിയുടെ കറക്കത്തിനൊപ്പമാവാനും വേണ്ടിയാണു് ഇടക്ക് ഇങ്ങനെ സെക്കന്റുകള്‍ ചേര്‍ക്കുന്നതു്. ഇങ്ങനത്തെ 26-ാമത്തെ അഡ്ജസ്റ്റ്മെന്റ് ആണു് 2015 ജൂണ്‍ 30നു നടക്കാന്‍ പോകുന്നതു്. 2012 ജൂണ്‍ 30നായിരുന്നു അവസാനമായി ലീപ് സെക്കന്റ് വന്നതു്.

കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 30നു് പതിനൊന്നുമണി 59 മിനിറ്റ്, 59 സെക്കന്റ് കഴിഞ്ഞാല്‍ ജൂലൈ 1, 00:00:00 സമയം ആവേണ്ടതിനു പകരം ജൂണ്‍ 30, 11 മണി, 59 മിനിറ്റ്, 60 സെക്കന്റ് എന്ന സമയം നില്‍നില്‍ക്കും. അതിനു ശേഷമേ ജൂലൈ ആവൂ.

ലീപ് സെക്കന്റ് കുഴപ്പക്കാരനാവുന്നതു് പല രീതികളിലാണു്. കമ്പ്യൂട്ടറുകളില്‍ ഏതുതരത്തിലുള്ള ഓപ്പറേഷനുകളുടെ രേഖീയ ക്രമം(linear sequencing) ടൈം സ്റ്റാമ്പുകളെ അടിസ്ഥാനമാക്കിയാണു്. ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു് ഈ മിടിപ്പുകള്‍(ticks) ഉണ്ടാക്കിക്കൊണ്ടു് അതിനുമുകളിലെ അപ്ലിക്കേഷനുകളെ സഹായിക്കുന്നതു്. മിടിപ്പുകളുടെ എണ്ണം മിനിറ്റ്, മണിക്കൂര്‍, ദിവസം ഒക്കെ കണക്കാക്കാന്‍ ഉപയോഗിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 12:59:60 നു ജൂലൈ ഒന്നാണോ ജൂണ്‍ 30 ആണോ തുടങ്ങിയ കണ്‍ഫ്യൂഷന്‍ മുതല്‍ എന്തൊക്കെ തരത്തിലുള്ള പ്രശ്നമാണു് ഇവ ഉണ്ടാക്കുന്നതെന്നു പറയാന്‍ കഴിയില്ല. ലിനക്സ് കെര്‍ണലില്‍ ഇതു കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിലും 2012ലെ ലീപ് സെക്കന്റ് സമയത്തു് അതു് നേരാവണ്ണം പ്രവര്‍ത്തിച്ചില്ല. ജൂണ്‍ 30നു ന്യൂയോര്‍ക്ക് സ്റ്റോക് എക്ചേഞ്ച് ഒരു മണിക്കൂറോളം പ്രവര്‍ത്തനം നിര്‍ത്തുമെന്നു് അറിയിച്ചു കഴിഞ്ഞു.

വലിയ വെബ്സൈറ്റുകള്‍ ലീപ് സെക്കന്റിനെ നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞു. വിക്കിപീഡീയ അതിന്റെ സെര്‍വറുകളില്‍ UTC ടൈമുമായുള്ള ഏകോപനം താത്കാലികമായി നിര്‍ത്തിവെച്ചു് ഹാര്‍ഡ്‌വെയര്‍ ക്ലോക്കില്‍ സെര്‍വറുകള്‍ ഓടിക്കും. ലീപ് സെക്കന്റ് ഒക്കെ കഴിഞ്ഞ ശേഷം സെര്‍വറുകളെ പല ഘട്ടങ്ങളിലായി വീണ്ടും UTC യുമായി ഏകോപിപ്പിക്കും. ഗൂഗിള്‍ വേറൊരു രീതിയാണു് ഉപയോഗിക്കുന്നതു്. അവര്‍ ലീപ് സെക്കന്റിനോടടുത്തു് വരുന്ന സെക്കന്റുകളെ കുറേശ്ശേ വലിച്ചു നീട്ടും, ചില്ലറ മില്ലി സെക്കന്റുകള്‍ അധികമുള്ള സെക്കന്റുകള്‍ എല്ലാം കൂടി കൂട്ടിവെച്ചാല്‍ ഒരു സെക്കന്റിന്റെ ഗുണം ചെയ്യും, അതേ സമയം പുതിയൊരു സെക്കന്റിന്റെ വരവ് ഇല്ലാതാക്കുകയും ചെയ്യും.

ഈ തലവേദന എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ടു്. ഭൂമിയില്‍ നമ്മള്‍ ലീപ് സെക്കന്റ് കണക്കാക്കിയാലും നമ്മുടെ ബഹിരാകാശ നിരീക്ഷണങ്ങള്‍ക്കു് ആസ്ട്രോണമിക്കല്‍ ക്ലോക്ക് തന്നെ വേണമല്ലോ. ലീപ് സെക്കന്റ് എന്നു വേണം എന്നു് ഏകദേശം ആറുമാസം മുമ്പേ തീരുമാനിക്കാനും പറ്റു. International Earth Rotation and Reference Systems Service (IERS) ആണു് ലീപ് സെക്കന്റ് എപ്പോള്‍ വേണമെന്നു തീരുമാനിക്കുന്നതു്.

കൂടുതല്‍ വായനയ്ക്ക്:  https://en.wikipedia.org/wiki/Leap_second