മലയാളം, യൂണീകോഡ് 5.1, ഫോണ്ടുകള്‍…

യൂണിക്കോഡ് 5.1 പുറത്തിറങ്ങിയ വിവരവും, അതില്‍ മലയാളത്തിലെ ഇപ്പോള്‍ ചില്ലുകള്‍ ഉപയോഗിക്കുന്ന രീതിയ്ക്കു പകരം അറ്റോമിക് ചില്ലുകള്‍ ഉള്ളതും അറിഞ്ഞിരിക്കുമല്ലോ. ഇല്ലെങ്കില്‍ അതിനേപ്പറ്റി ഇവിടെ നിന്നു വായിക്കുക. അറ്റോമിക്‍ ചില്ലു് യൂണിക്കോഡില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉന്നയിച്ച വിയോജിപ്പുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് UTC യ്ക്ക് സമര്‍പ്പിച്ച ഈ ഡോക്യുമെന്റില്‍ വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ടു്. ഇതിനെപ്പറ്റി നടന്ന ചര്‍ച്ചകളുടെ ലിങ്കുകള്‍ ചിലതു് ഇവിടെ നിന്നും വായിക്കാം.

മലയാളത്തെ ഡുവല്‍ എന്‍കോഡിങ്ങിലേയ്ക്കും സുരക്ഷാപ്രശ്നങ്ങളിലേയ്ക്കും തള്ളിവിടുന്ന ഒരു സ്റ്റാന്‍ഡേഡ് അനുസരിക്കേണ്ട ബാദ്ധ്യത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷയ്ക്കു വേണ്ടിയാണു്, യൂണിക്കോഡിനു വേണ്ടിയല്ല നിലകൊള്ളുന്നതു്. അതുകൊണ്ടു തന്നെ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു് പരിഹാരമാവാതെ 5.0 പതിപ്പില്‍ നിന്നു 5.1 പതിപ്പിലേയ്ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ മാറില്ല. പക്ഷേ ഒരു സ്റ്റാന്‍ഡേഡ് എന്ന നിലയ്ക്ക് ആര്‍ക്കും യൂണിക്കോഡ് 5.1 അപ്ലിക്കേഷനുകളില്‍ പ്രയോഗിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടു്. പക്ഷേ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് മെയിന്റെയിന്‍ ചെയ്യുന്ന/വികസിപ്പിച്ചെടുത്ത ഫോണ്ടുകളായ മീര, രചന, ദ്യുതി, തുടങ്ങിയ ഫോണ്ടുകളിലൊന്നും അറ്റോമിക് ചില്ലു് ഉണ്ടാവില്ല. അതുപോലെത്തന്നെ ഗ്നു/ലിനക്സിലെ നിവേശകരീതികളിലും മറ്റു സംരംഭങ്ങളിലും ഇവ അടുത്തൊന്നും ഉണ്ടാവില്ല. പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളുടെ മലയാളം ഫോണ്ടുകളുടെയും നിവേശകരീതികളുടെയും Upstream സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയതുകൊണ്ടു് അവയിലും അറ്റോമിക് ചില്ലുണ്ടാവില്ല.

ഇപ്പോള്‍ അറ്റോമിക് ചില്ലു് നിലവിലുള്ളതു് അഞ്ജലി ഫോണ്ടിലും, വരമൊഴി/മൊഴി എന്നിവയുടെ പുതിയ പതിപ്പിലും മാത്രമാണു്. അവയുടെ പുതിയ പതിപ്പുകള്‍ ഉപയോഗിച്ചെഴുതിയ ചില ബ്ലോഗുകള്‍ അഞ്ജലിയൊഴികെയുള്ള ഫോണ്ടുകള്‍ കൊണ്ടു് വായിക്കാന്‍ ബുദ്ധിമുട്ടാകുന്നപ്രശ്നം നിലവിലുണ്ടു്. ചില്ലക്ഷരങ്ങള്‍ക്കു പകരം വട്ടത്തിനകത്ത് R എന്ന അക്ഷരമാവും കാണുക. ഏവൂരാന്‍ജി അതിനുവേണ്ടി രഘുമലയാളം എന്ന ഫോണ്ടിനെ മാറ്റിയെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി .

പക്ഷേ തെറ്റായ സ്റ്റാന്‍ഡേഡിനുവേണ്ടി ഫോണ്ടുകളെ മാറ്റാതെത്തന്നെ പുതിയ ചില്ലുകളുള്ള ബ്ലോഗുകള്‍ പ്രശ്നമൊന്നുമില്ലാതെ കാണാന്‍ വേണ്ടി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി ഒരു extension ഉണ്ടാക്കിയിട്ടുണ്ടു്. നിഷാന്‍ നസീര്‍ നിര്‍മ്മിച്ച fix-ml എന്ന extension ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആണവചില്ലും ഏതു ഫോണ്ടും ഉപയോഗിച്ചു് വായിക്കാന്‍ കഴിയും. ഗ്രീസ് മങ്കി ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ extension തന്നെ ഗ്രീസ് മങ്കി സ്ക്രിപ്റ്റായി ഇവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്തു് ഉപയോഗിയ്ക്കാം.

സംശയങ്ങള്‍ ഇവിടെ കമന്റായോ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മെയിലിങ്ങ് ലിസ്റ്റിലോ, irc.freenode.net ല്‍ ഉള്ള #smc-project എന്ന IRC ചാനലിലോ ചോദിയ്ക്കാം മെയിലിങ്ങ് ലിസ്റ്റിലെ ഈ ത്രെഡും കാണുക.

comments powered by Disqus