ബന്ധുക്കളെയറിയാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍

കഴിഞ്ഞ ഞായറാഴ്ച എന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനമായിരുന്നു. ധാരാളം ബന്ധുക്കളെ നേരില്‍ കാണാന്‍പറ്റി. നാട്ടില്‍ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ എന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കളെയൊക്കെ ചോദിച്ചുപരിചയപ്പെട്ടു. അമ്മാവന്റെ അളിയന്റെ അനുജന്റെ ചെറിച്ചന്റെ മകളുടെ…വലിയച്ചന്റെ മകന്റെ ഭാര്യയുടെ അമ്മാവന്റെ അമ്മായിയുടെ… ഹൊ വലിയ കുടുംബമായാലുള്ള ബുദ്ധിമുട്ടേയ്…!!! ഇതൊക്കെ എങ്ങനെ ഓര്‍ത്തു വയ്ക്കും? ഹും…വഴിയുണ്ട്…!!!

കുടുംബവൃക്ഷത്തിലെ ആളുകളുടെ വിവരങ്ങളെ ശേഖരിയ്ക്കാനും അവയെ വിശകലനം ചെയ്യാനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഗ്രാമ്പ്സ് (GRAMPS – Genealogical Research and Analysis Management Programming System) ഗ്രാമ്പ്സ് ഉപയോഗിച്ച് നിങ്ങളുടെ കുടുംബവൃക്ഷത്തിലെ ഓരോ ബന്ധുക്കളുടെയും പേരു്, ബന്ധം, ജനനത്തീയതി, വിലാസം, പടം, കുറിപ്പുകള്‍, ഭാര്യ, ഭര്‍ത്താവു് , കുട്ടികള്‍ , അവരുടെ ബന്ധുക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയ മിക്ക വിവരങ്ങളും ശേഖരിയ്ക്കാം. ഒരാളെ തിരഞ്ഞെടുത്ത് അയാളുടെ വംശവൃക്ഷം ഗ്രാഫിക്കലായി കാണാം(pedigree). പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. യുണിക്കോഡ് സപ്പോര്‍ട്ടുള്ളതുകൊണ്ട്, മലയാളത്തില്‍തന്നെ നിങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിയ്ക്കാം. കുറച്ചു ഭാഷകളില്‍ റിലേഷന്‍ഷിപ്പ് കാല്‍ക്കുലേറ്ററുണ്ട്. ഇതു് മലയാളത്തിന് ഇപ്പോള്‍ ലഭ്യമല്ല(രണ്ട് പേരെ തിരഞ്ഞെടുത്താല്‍ ഒരാള്‍ മറ്റേയാളുടെ അച്ഛനാണു് അല്ലെങ്കില്‍ അമ്മായിയപ്പനാണെന്നു് പറയുന്ന വിദ്യ! എങ്ങനെയൂണ്ടു്? ആര്‍ക്കെങ്കിലും മലയാളം പിന്തുണ ചേര്‍ക്കണമെന്നു് തോന്നുന്നോ?) ഇന്‍സ്റ്റാള്‍ ചെയ്യാന്‍: ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍: a)സിനാപ്ടിക് ഉപയോഗിച്ചു് gramps എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലെങ്കില്‍ b)apt-get install gramps മറ്റു ഡിസ്ട്രിബ്യൂഷനുകള്‍ ഉപയോഗിയ്ക്കുന്നവര്‍ യം മുതലായ പാക്കേജ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുക

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്രയോഗങ്ങള്‍->ഓഫീസ്->GRAMPS Geneology System(Applications->Office->Gramps Geneology System) എന്നെടുത്തു് പ്രവര്‍ത്തിപ്പിയ്ക്കാം ഉപയോഗിയ്ക്കാന്‍ പ്രത്യേകിച്ചു് ബുദ്ധിമുട്ടൊന്നുമില്ല. എല്ലാം സ്വയം മനസ്സിലാക്കി ചെയ്യാവുന്നതേയുള്ളൂ. ആദ്യം ചേര്‍ക്കുന്ന ആളെ അടിസ്ഥാനമാക്കിയാണു് ബന്ധങ്ങളുടെ കണക്കുക്കൂട്ടല്‍. ഇയാളെ ഹോം പേഴ്സണ്‍ എന്നു് പറയും. ഇത് വേണമെങ്കില്‍ പിന്നിട് മാറ്റാം.. ആളുകളെ ചേര്‍ക്കാന്‍ People എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നെ പുതിയ ഒരു കുടുംബം ചേര്‍ക്കാന്‍ Familiy List എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചേര്‍ത്ത വിവരങ്ങളെല്ലാം എപ്പോള്‍ വേണമെങ്കിലും തിരുത്താം. റിപ്പോര്‍ട്ട്സ് മെനുവില്‍ നിന്നു് പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. HTML അടക്കം…

ചില സ്ക്രീന്‍ ഷോട്ടുകള്‍…

comments powered by Disqus