ഓരോ കുട്ടിയ്ക്കും ഓരോ ലാപ്‌‌ടോപ്പ്

OLPC – One Laptop per Child എന്ന സംരംഭത്തെപ്പറ്റി നേരത്തേ തന്നേ കേട്ടിരുന്നുവെങ്കിലും ഫോസ്സ്.ഇന്‍ പരിപാടിയ്ക്കിടയിലാണ് സംഗതി നേരിട്ട് കാണാന്‍ കഴിഞ്ഞത്. ടോം കളവേയ്(Tom Callaway) പച്ചയും വെള്ളയും നിറത്തിലുള്ള കൊച്ചുലാപ്‌ടോപ് തന്റെ ചോറ്റുപാത്രമാണെന്ന് പറഞ്ഞ് എല്ലാവരെയും പരിചയപ്പെടുത്തി നടക്കുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ടോമും കൊച്ചു ലാപ്‌ടോപ്പും പരിപാടിയിലെ ഒരു ശ്രദ്ധാകേന്ദ്രമായി

ടോം തന്റെ ലാപ്‌ടോപ്പുമായി

2005 ജനുവരിയില്‍ MIT യിലാണ് OLPC പ്രൊജക്ട് തുടങ്ങുന്നത്. Nicholas Negroponte ആണ് ഇതിന് തുടക്കമിട്ടത് വികസ്വര, ദരിദ്ര രാജ്യങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ എത്തിയ്ക്കുക എന്നതാണ് പ്രൊജക്ടിന്റെ ലക്ഷ്യം. ഇത് ഒരു ലാപ്‌ടോപ് പ്രൊജക്ടല്ല, മറിച്ച് ഒരു വിദ്യാഭ്യാസ പ്രൊജക്ടാണ് എന്ന് പ്രൊജക്ടിന്റെ വക്താക്കള്‍ പറയുന്നു. ഈ പ്രൊജക്ട് നടത്താന്‍ MIT യില്‍ നിന്ന് സ്വതന്ത്രമായി OLPC എന്ന സംഘടന ഉണ്ടാക്കുകയും ചെയ്തു.

പല വിദ്യാലയങ്ങളിലും ഭൗതിക സൗകര്യങ്ങളുടെ കുറവ് നല്ല രീതിയിലുള്ള അധ്യയനത്തിന് തടസ്സമാവുന്നുണ്ട്. അത് പരിഹരിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതോടൊപ്പം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പുതിയ വാതിലുകളും സ്വയം പഠനത്തിന്റെ സാധ്യതകളും തുറക്കുകയെന്നത് പ്രൊജക്റ്റിന്റെ ലക്ഷ്യമാണ്. 100 ഡോളറില്‍ ഇതിന്റെ വില ഒതുക്കി സാമ്പത്തികബാധ്യത കുറയ്ക്കാനും പ്രൊജക്ട് ലക്ഷ്യമിടുന്നു. സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍ ഈ പേജില്‍ വിശദീകരിച്ചിരിയ്ക്കുന്നു .

ചലിയ്ക്കുന്ന ഭാഗങ്ങളൊക്കെ ഒഴിവാക്കിയാണ് ലാപ്‌ടോപ്പ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഹാര്‍ഡ് ഡിസ്ക് , സീഡി , ഡിവിഡി ഡ്രവുകളൊന്നുമില്ല. തണുപ്പിയ്ക്കാന്‍ ഫാന്‍ ആവശ്യമില്ലാത്ത ചെറിയ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന പ്രൊസസ്സറാണ് ഉപയോഗിച്ചിരിയ്ക്കുന്നതു്. Processor: AMD 433 MHz Memory: 256MB SDRAM Storage: 1GB Flash ഡാറ്റ സ്കൂളിലേ തന്നെ ഒരു ഡാറ്റാ സെര്‍വറിലേക്കോ, ഓണ്‍ലൈനായോ ശേഖരിയ്ക്കുകയുമാവാം. ലാപ്‌ടോപ്പിന്റെ മുയല്‍ചെവി wifi ആന്റിനയാണ്. സ്ക്രീന്‍ കളറോ ബ്ലാക്ക് & വൈറ്റോ ആക്കി മാറ്റാവുന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തിലും വായിക്കാന്‍ പറ്റുന്ന തരത്തിലുള്ളവയാണിവ. സ്ക്രീന്‍ ലാപ്‌ടോപ്പിന് ചുറ്റും കറക്കാവുന്നതാണ്. Screen Details: 19cm (7.5 inches) LCD display Colour mode: Resolution 800×600 (133dpi); power consumption 1 watt Black and white mode: Resolution 1200×900 (200dpi); power consumption 0.2 watt; sunlight readable

ഇതിന്റെ വളരെ പ്രാധാന്യമുള്ള ഒരു സവിശേഷത ബാറ്ററി ദൈര്‍ഘ്യമാണ്. 9 മണിക്കൂറോളം നില്‍ക്കും. മിക്ക സ്കൂളിലും വൈദ്യുതി ഉണ്ടാവാന്‍ സാദ്ധ്യതയില്ലല്ലോ. മാത്രമല്ല ആധുനികമായ സ്കൂളുകളില്‍ പോലും ഓരോ കുട്ടിയ്ക്കും വൈദ്യുതി പ്ളഗ്ഗുകളില്ല. ഇനി തീരെ വൈദ്യുതി ഇല്ലാത്ത നാടാണെങ്കില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്ന തരം ചാര്‍ജ്ജറുകളുണ്ട്. കാലുകൊണ്ട് ചവിട്ടി ചാര്‍ജ്ജ് ചെയ്യുന്ന പെഡല്‍ മോഡല്‍ ചാര്‍ജ്ജറുകളുണ്ട്. ഒരു ചരട് വലിച്ച് ( നമ്മുടെ ചില ജനറേറ്റര്‍ സെറ്റുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നപോലെ ) ചാര്‍ജ്ജ് ചെയ്യാവുന്ന യോ-യോ എന്നറിയപ്പെടുന്ന ചാര്‍ജ്ജറുമുണ്ട്. ഒരു മിനുട്ട് ചരട് വലിച്ചാല്‍ 10 മിനുട്ടു നേരത്തേക്കായി.

കീബോര്‍ഡ് കുഞ്ഞുകൈകള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തതാണ്. വളരെ ചെറിയ റബ്ബര്‍ കീകളാണ് ഉള്ളത്. വാട്ടര്‍പ്രൂഫ് ആണ്. കാപ്സ് ലോക്ക് കീയ്ക്ക് പകരം “geek key” ആണ്. പ്രോഗ്രാമിന്റെ കോഡ് കാണാന്‍?! വെള്ളവും പൊടിയും അകത്ത് കടക്കാത്ത തരത്തിലാണ് പുറം ചട്ട. ലാപ്‌ടോപ്പ് അടച്ചാല്‍ മുയല്‍ചെവികള്‍ ഡാറ്റാപോര്‍ട്ടുകളെ അടച്ച് അടപ്പ് പൂട്ടുന്നു. 3 USB പോര്‍ട്ടുകളും ഒരു SD കാര്‍ഡ് മെമ്മറി സ്ലോട്ടുമുണ്ട്. 5 അടി ഉയരത്ത് നിന്ന് ഇട്ടിട്ടും ലാപ്ടോപ്പ് 10 മിനുട്ട് വെള്ളത്തിലിട്ടിട്ടും ഒന്നും പറ്റിയില്ലെന്ന് OLPC അവകാശപ്പെടുന്നു! ലാപ്‌ടോപ്പിന്റെ പിടിയിലെ ദ്വാരങ്ങളില്‍ തുണിക്കയറോ മറ്റോ കെട്ടി തോളിലിട്ട് നടക്കാം സ്ക്രീനിടെ വലത് ഭാഗത്തായി ഒരു വീഡിയോ കാമറ ഉണ്ട്. വീഡിയോ ചാറ്റ് ചെയ്യാം, പടം പിടിയ്ക്കാം… ഇതിന്റെ മെഷ് നെറ്റ്‌വര്‍ക്ക് എന്ന ആശയം കിടിലനാണ്. ഓരോ ലാപ്‌ടോപ്പും ഒരേ സമയം റൂട്ടറും ക്ലയന്റുമാണ്. തൊട്ടടുത്ത ലാപ്‌ടോപ്പുകള്‍ ഇങ്ങനെ പരസ്പരം ബന്ധിച്ച് ഒരു നെറ്റ്‌വര്‍ക്ക് നിര്‍മ്മിയ്ക്കുന്നു. ഇതിന്റെ ഒരു അവതരണം ഇവിടെ കാണാം

സോഫ്റ്റ്‌വെയര്‍ എല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. റെഡ്ഹാറ്റിന്റെ ഗ്നു ലിനക്സ് പതിപ്പാണ് ഉപയോഗിയ്ക്കുന്നത്. 130 MB യാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. വിന്‍ഡോസ് XP ഉപയോഗിയ്ക്കുകയാണെങ്കില്‍ 1.5 GB വേണ്ടിവരുമായിരുന്നു. യൂസര്‍ ഇന്റര്‍ഫെസ് ഷുഗര്‍ എന്നാണറിയപ്പെടുന്നത്. എബിവേര്‍ഡ് അടിസ്ഥാനമാക്കിയുള്ള ഒരു word processor, പെയിന്റ് പ്രോഗ്രാം, കാല്‍ക്കുലേറ്റര്‍, ഫയര്‍ഫോക്സ് ബ്രൗസര്‍, എവിന്‍സ് PDF reader, മൂവി പ്ലേയര്‍ , കളികള്‍, സൗണ്ട് റെക്കോര്‍ഡര്‍ എന്നിവയെല്ലാം ഉണ്ട്. ഡെസ്ക്‌ടോപ്പ് സ്ക്രീനിന്റെ നടുവില്‍ ഒരു വട്ടം കാണാം. ഓരോ അപ്ലിക്കേഷന്‍ തുറന്നാലും ഈ വട്ടത്തില്‍ അതിന്റെ ഒരു ഐക്കണ്‍ കാണാം. മെമ്മറി വളരെ കുറവായതുകൊണ്ടു് ഈ വട്ടം നിറഞ്ഞാല്‍ പിന്നെ വേറെ അപ്ലിക്കേഷനൊന്നും തുറക്കാന്‍ പറ്റില്ല. എന്തു കൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു? കുട്ടികളെല്ലാം പ്രോഗ്രാമര്‍മാര്‍ ആകുമോ?

ലാപ്‌ടോപ്പുകളുടെ സാങ്കേതിക വിദ്യയ്ക്ക് സാരമായ സംഭാവന നല്കാന്‍ OLPC യ്ക്ക് കഴിയുമെന്ന് കരുതുന്നു. പവര്‍ മാനേജ്മെന്റ്, മെഷ് നെറ്റ്‌വര്‍ക്ക് തുടങ്ങി മറ്റു ലാപ്‌ടോപ്പുകള്‍ക്ക് പകര്‍ത്താന്‍ പറ്റിയ ധാരാളം സംഗതികള്‍ OLPC യിലുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇത് എത്രത്തോളം സഹായകരമാവുമെന്ന് കണ്ടറിയണം. എക്സല്‍, വേര്‍ഡ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ പരിശീലിയ്ക്കുന്നതിനു് പകരം, കമ്പ്യൂട്ടറിന്റെ ഉപയോഗ സാധ്യതകള്‍ വെന്‍ഡര്‍ ഇന്‍ഡിപെന്റന്റ് രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് നല്ലതു തന്നെ. ഒരു മൂന്നാം ക്ലാസുമുതല്‍ 6, 7 ക്ലാസ് വരെ നമ്മുടെ സിലബസിനൊപ്പം ഒത്തു പോകാന്‍ ഇതിന് കഴിയുമെന്ന് തോന്നുന്നു. കൂട്ടായ്മയിലൂടെയും കളികളിലൂടെയും പഠനം രസകരമാക്കാന്‍ ഇതും സഹായകമായേക്കാം. പല രാജ്യങ്ങളിലും സ്കൂളുകളില്‍ ഇവ പരീക്ഷിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. എത്രത്തോളം വിജയകരമാവുമെന്ന് കാത്തിരുന്നു കാണാം. ലാപ്‌ടോപ്പ് ഉപയോഗിച്ചു തുടങ്ങിയ ചിലരുടെ അനുഭവക്കുറിപ്പുകള്‍:

  1. A child’s view of the $100 laptop
  2. ബംഗാളിലെ ഒരു സ്കൂളില്‍ ഒരു കുട്ടി ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യം

ഇതിന്റെ പ്രാദേശികവത്കരണം വളരെ ഗൗരവമായി തന്നെ നടക്കുന്നുണ്ട്. ഹിന്ദിയിലെ ഇന്റര്‍ഫേസ് തയ്യാറായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മലയാളം പ്രാദേശികവത്കരണം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു് ഏറ്റെടുത്തിരിയ്ക്കുന്നതു്. താത്പര്യമുള്ളവര്‍ക്ക് പങ്കു ചേരാം

പരീക്ഷിച്ചു നോക്കാന്‍. ഈ ലാപ്‌ടോപ്പിലെ സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചു നോക്കണമെങ്കില്‍ അത് നമ്മുടെ കമ്പ്യൂട്ടറിലും സാധിയ്ക്കും. ഇവിടെ നിന്ന് ബൂട്ടബിള്‍ ഇമേജ് ഡൗണ്‍ലോഡ് ചെയ്ത്, എക്സ്ട്രാക്റ്റ് ചെയ്ത്, qemu എന്ന എമുലേറ്ററിന്റെ സഹായത്തോടെ ഇത് ബൂട്ട് ചെയ്യാവുന്നതാണ്. qemu -hda olpc-redhat-stream-development-devel_ext3.img എന്ന കമാന്റു കൊണ്ട് സംഗതി ബൂട്ട് ചെയ്ത്, ‘വര്‍ക്ക് ‘ ചെയ്ത് തുടങ്ങാം. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മുകളില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ബൂട്ട് ചെയ്യുന്നതു കൊണ്ട് (എമുലേറ്റ് ചെയ്യുന്നത് കൊണ്ട്) കുറച്ച് മെല്ലെയായിരിയ്ക്കും പ്രവര്‍ത്തിയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വിക്കി പേജ് നോക്കുക എന്റെ ലാപ്‌ടോപ്പിലെ ഡെബിയന്‍ ലെന്നിയില്‍ OLPC എമുലേറ്റ് ചെയ്തിരിയ്ക്കുന്നതിന്റെ ചില ചിത്രങ്ങള്‍ താഴെ:

OLPC ലാപ്‌ടോപ്പുകളുടെ ഒരു ഇമേജ് ഗാലറി ഇവിടെ ഫോസ്സ്.ഇന്‍ പരിപാടിയില്‍ ലാപ്‌ടോപ്പ് തുറക്കാനുള്ള ‘ആക്രാന്ത’ത്തിന്റെ ഒരു തമാശ വീഡിയോ

വിവരങ്ങള്‍ക്ക് കടപ്പാട് http://laptop.org.

olpc 
comments powered by Disqus