കമ്പ്യൂട്ടറിന് മലയാളം പറഞ്ഞാല്‍ മനസ്സിലാകുമോ?

“വൈകീട്ടെന്താ പരിപാടി ?” ഇങ്ങനെ കമ്പ്യൂട്ടറിനോടു ചോദിച്ചാല്‍ അത് ഉത്തരം പറയും.. ഇങ്ങനെയായിരുന്നു കേരള കൗമുദിയുടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ 15-ാം തിയ്യതിയിലെ റിപ്പോര്‍ട്ട് ആരംഭിച്ചത്. വായനക്കാര്‍ക്ക് കൗതുകം തോന്നിക്കാണും. മലയാളം കേട്ടാല്‍ മനസ്സിലാവുന്ന കമ്പ്യൂട്ടറോ ഏയ്… ഇവര്‍ വെറുതേ പറയുന്നതാ…

മലയാളത്തിലുള്ള ആജ്ഞകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കമ്പ്യൂട്ടര്‍… മുന്നിലിരിക്കുന്നയാള്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനുകള്‍…. പാട്ട് പാടാന്‍ പറയാന്‍ പറയുമ്പോള്‍ പാടുന്ന കമ്പ്യൂട്ടര്‍.(ആരവിടെ, ആ പാട്ടൊന്നു വയ്ക്കൂ 🙂 ) .. അത്യാവശ്യ വിവരങ്ങള്‍ മലയാളത്തില്‍ ചോദിച്ചാല്‍ മലയാളത്തില്‍ തന്നെ തിരിച്ചു മറുപടി പറയുന്ന കമ്പ്യൂട്ടര്‍….ടൈപ്പ് ചെയ്യുന്നതിന് പകരം മലയാളത്തില്‍ പറഞ്ഞു കൊടുത്താല്‍ എഴുതി തരുന്ന കമ്പ്യൂട്ടര്‍… മലയാളം ഫയലുകള്‍ വായിച്ചു തരുന്ന കമ്പ്യൂട്ടര്‍….നേരമ്പോക്ക് പറഞ്ഞിരിക്കാന്‍ കൂട്ടിന് കമ്പ്യൂട്ടര്‍… അസാദ്ധ്യമെന്നു തോന്നുന്നുണ്ടോ?! അതും നമ്മുടെ ഈ കൊച്ചു മലയാളത്തില്‍…..

എങ്കില്‍ കേട്ടോളൂ, മലയാളം സംസാരം മനസ്സിലാക്കാനും മലയാളത്തില്‍ സംസാരിക്കാനും കമ്പ്യൂട്ടറിനെ സാദ്ധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അതിന്റെ വികസനപ്രക്രിയയില്‍ വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു… സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ ശ്രമഫലമായി നേരത്തെ പറഞ്ഞ സ്വപ്ന തുല്യ സാങ്കേതിക നേട്ടങ്ങള്‍ മലയാളത്തിന് കയ്യെത്തും ദൂരത്തില്‍….

തകര്‍ത്തുപെയ്യുന്ന മഴയുടെയും മൈക്കിന്റെയും പരിപാടി കാണാന്‍ വന്ന ആളുകളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലും തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ശ്യാം വിജയകരമായി അവതരിപ്പിച്ച ശാരിക എന്ന മലയാളം സ്വരസംവേദന(Speech recognition) സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ ആ പരിപാടിക്ക് വന്നിട്ടുണ്ടെങ്കില്‍ കണ്ടിട്ടുണ്ടാകും. വെറും 4 വാക്കുകള്‍ ശ്യാം മാത്രം പറഞ്ഞാല്‍ തിരിച്ചറിഞ്ഞിരുന്ന ശാരിക മൂന്ന് നാല് ദിവസം കൊണ്ട് ആളാകെ മാറിയിരിക്കുന്നു… വിശദ വിവരങ്ങള്‍ ശ്യാമും അവനെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രിയന്‍ എന്ന സുഹൃത്തും നിങ്ങള്‍ക്ക് മുന്നില്‍ ഉടന്‍ അവതരിപ്പിക്കും…

അഡ്വാന്‍സ്ഡ് ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിന്റെ ഗണത്തില്‍ വരുന്ന സാങ്കേതിക സങ്കീര്‍ണ്ണതകളേറെയുള്ള സോഫ്റ്റ്‌വെയറുകളാണ്, സ്വതന്ത്ര സോഫ്‌റ്റുവെയറുകളോടെ പിന്‍ബലത്തോടെ മലയാളത്തിനായി ഇപ്പോള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്…

ധ്വനി എന്ന ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റവും ശാരിക എന്ന സ്പീച്ച് റെകഗ്നീഷന്‍ സിസ്റ്റവും ചേര്‍ത്തുള്ള സാങ്കേതിക മിശ്രണത്തിലൂടെ നേരത്തെ നമുക്ക് അസാദ്ധ്യമെന്ന് തോന്നിയ പ്രയോഗങ്ങളെല്ലാം സാധിച്ചെടുക്കാവുന്നതേയുള്ളൂ. മലയാളം വാചകങ്ങള്‍ വായിച്ച് തരാന്‍ ധ്വനി സഹായിക്കുമ്പോള്‍, ശാരിക മനുഷ്യസംഭാഷണം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇവ രണ്ടും കൂടി ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ ഫലത്തില്‍ മലയാളം മനസ്സിലാക്കാനും സംസാരിപ്പിക്കാനുമുള്ള ഒരു സിസ്റ്റമാണ് നമുക്ക് ലഭിക്കുന്നത്. പൂര്‍ണ്ണമായ പ്രവര്‍ത്തന ഫലം കിട്ടണമെങ്കില്‍ വളരെയേറെ മുന്നോട്ട് പോകാനുണ്ടെങ്കിലും ഭാരതീയ ഭാഷകളില്‍ തന്നെയുള്ള ആദ്യത്തെ സ്വതന്ത്ര സ്പീച്ച് റെകഗ്നീഷന്‍ സിസ്റ്റം മലയാളത്തില്‍ നിന്ന് എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്…

ധ്വനിക്ക് ഇപ്പോള്‍ മലയാളം കൂടാതെ ഹിന്ദി, കന്നഡ എന്നീ ഭാഷകള്‍ കൂടി വായിക്കാന്‍ കഴിയും.. റോബോട്ടിക് സംസാര ശൈലിയാണ് ഇപ്പോള്‍ ഉള്ളത്. വികാരമില്ലാത്ത ഭാഷ…പക്ഷെ കേട്ടവര്‍ പറഞ്ഞത്, ടെലിവിഷന്‍ അവതാരകരെക്കാള്‍ ഭേദമാണെന്നാണ്… ഇപ്പോളും ബീറ്റ സ്റ്റേജിലാണ് ധ്വനി….

തൃശ്ശൂരിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം..

comments powered by Disqus