ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള
വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു.
ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്.
[Read More]