ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി - മലയാള പരിഭാഷ
ശരദിന്ദു ബന്ദോപാധ്യായ രചിച്ച അനശ്വര ബംഗാളി കുറ്റാന്വേഷണപരമ്പരയായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയുടെ മലയാളപരിഭാഷ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന വാർത്ത ഞാൻ വായിച്ചിരുന്നു. വാർത്തയോടൊപ്പം പുസ്തകത്തിന്റെ കവർപേജിന്റെ ചിത്രവും ഉണ്ടായിരുന്നു. കവർപേജിൽ മഞ്ജരി ഫോണ്ട് കണ്ടതുകൊണ്ടും ബ്യോംകേഷ് ബക്ഷിയെപ്പറ്റി പലയിടത്തും കേട്ടിട്ടുള്ളതുംകൊണ്ടാണ് പുസ്തകം വാങ്ങിയത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രശസ്ത വിവർത്തക ലീലാസർക്കാർ ആയതുകൊണ്ട് മോശമാവാനിടയില്ലെന്നും കരുതി. പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് വികലമായ പരിഭാഷകൾ കാണാൻ തുടങ്ങി. ലീലാ സർക്കാർ തന്നെയാണൊ ഇത് പരിഭാഷപ്പെടുത്തിയതെന്ന് സംശയിക്കാതെയുമിരുന്നില്ല. 1950 കൾക്ക് സമീപത്തെ കൊൽക്കത്തയുടെ സാംസ്കാരികപരിസരത്തെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല. പക്ഷേ അതിന് ശ്രമിച്ചിട്ടുപോലുമില്ല. പകരം കണ്ടത് അക്ഷരത്തെറ്റുകൾ. നിഘണ്ടു ഉപയോഗിച്ചാൽ പോലും നന്നായി പരിഭാഷപ്പെടുത്താവുന്ന വാക്കുകൾ തെറ്റിയിരിക്കുന്നു. ഒരു പ്രാവശ്യം പോലും ആരും ഒന്നു മനസ്സിരുത്തി വായിക്കാത്രെ പ്രസിദ്ധീകരിച്ചോയെന്നു തോന്നിപ്പോയി. ...