മലയാളം അകാരാദിക്രമം
ഓരോ ഭാഷയിലും അതിലെ ലിപികളെ ഒരു പ്രത്യേക ക്രമത്തിൽ എഴുതുന്ന ഒരു കീഴ്‌വഴക്കം ഉണ്ടു്. ഇംഗ്ലീഷിൽ A,B,C,D എന്ന ക്രമമാണെങ്കിൽ മലയാളത്തിലത് അ, ആ, ഇ, ഈ എന്നിങ്ങനെ തുടങ്ങുന്ന ക്രമമാണുള്ളതു്. ഇങ്ങനെ ഒരു കീഴ്‌വഴക്കം കൊണ്ടു് പല പ്രയോജനങ്ങളുമുണ്ടു്. നമുക്കെല്ലാം പരിചയമുള്ള നിഘണ്ടുവിൽ നോക്കലും, കുറേ പേരുടെ പട്ടികയിൽ നിന്നെളുപ്പത്തിൽ ഒന്ന് കണ്ടുപിടിക്കലും ഒക്കെ ഉദാഹരണം. കീഴ്‌വഴക്കം എന്നതിൽ കവിഞ്ഞ് എന്തെങ്കിലും കൃത്യമായ ശാസ്ത്രീയതയൊന്നും ഈ ക്രമീകരണത്തിൽ കാണണമെന്നില്ല. അയിൽ തുടങ്ങുന്ന ഈ ക്രമത്തിനു് മലയാളത്തിൽ അകാരാദിക്രമമെന്നും പറയുന്നു. അക്ഷരമാല പൊതുവിൽ അകാരാദിക്രമത്തിലാണു് എഴുതുന്നതും പഠിക്കുന്നതും. സാമാന്യേന ഈ ക്രമം മലയാളികളെല്ലാം അറിഞ്ഞിരിക്കുന്നതാണ്. അക്ഷരങ്ങളൊറ്റയ്ക്കുള്ള ക്രമം അല്ലാതെ കുറേ വാക്കുകൾ തന്നാൽ അതെങ്ങനെ ക്രമീകരിക്കും എന്ന പ്രശ്നം കുറേകൂടി സങ്കീർണ്ണമാണ്. അവിടെ അക്ഷരങ്ങളുടെ കൂടെ സ്വരചിഹ്നങ്ങൾ ചേരും, കൂട്ടക്ഷരങ്ങൾ വരും, ചില്ലുകൾ വരും. ഭാഷയുടെ തന്നെ ചില പ്രത്യേകതകളായ റ്റ, ന്റ എന്നിവ വരും, എഴുത്തിലെ വൈവിധ്യങ്ങളായ നൻമ, നന്മ പോലുള്ള വാക്കുകൾ വരും. അവിടെയാണ് അക്ഷരമാലാക്രമം എന്ന ലാളിത്യത്തിൽ നിന്നും സങ്കീർണ്ണവും പലപ്പോഴും കൃത്യതയില്ലാത്തതുമായ ക്രമീകരണ നിയമങ്ങളിലേക്ക് നാം എത്തുന്നതു്. ...