ചില്ലും മലയാളം കമ്പ്യൂട്ടിങ്ങും

മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുകളില്‍ തലനാരിഴയില്‍ ഒരു വാള്‍ തൂങ്ങിക്കിടപ്പാണ്. ചില്ലു കൊണ്ടുള്ള ഒരു വാള്‍. വാള്‍ വീണാല്‍ മലയാളം രണ്ട് കഷണമാകും. ഒന്നാമത്തേത് നിങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളം. രണ്ടാമത്തേത് അറ്റോമിക് ചില്ലുകള്‍ ഉപയോഗിച്ചുള്ള വേറൊരു മലയാളം… “ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നല്ലതോ ചീത്തയോ അതു നിങ്ങള്‍ അനുഭവിക്കുക” ഇത് അറ്റോമിക് ചില്ലുവാദികളുടെ മുദ്രാവാക്യത്തിന്റെ മലയാളപരിഭാഷ. ഇവിടെ ജയിക്കുന്നതാരുമാകട്ടെ തോല്ക്കുന്നത് ഭാഷ തന്നെയെന്നുറപ്പ്. ഖരാക്ഷരം + വിരാമം + ZWJ എന്ന ഇപ്പോഴുള്ള ചില്ലക്ഷരത്തിന്റെ എന്‍കോഡിങ്ങിനു പകരം ഒറ്റ ഒരു യുണിക്കോഡ് വേണമെന്ന ആവശ്യം വളരെക്കാലമായി ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നു തുടങ്ങിയിട്ട്. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഇപ്പോഴുള്ള രീതിക്ക് എന്താണ് പ്രശ്നമെന്ന്. അതിനുള്ള ഉത്തരം എനിക്കിതേവരെ മനസ്സിലായിട്ടില്ല. മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മലയാളം സോഫ്റ്റ്​വെയറുകള്‍, പ്രാദേശികവത്കരിക്കപ്പെട്ട ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍, ഈയുള്ളവന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഗ്നു ആസ്പെല് spelling checker (ഇപ്പോള്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം മലയാളം വാക്കുകളുണ്ട്) ഇവയെല്ലാം ഇതിന് തെളിവുകള്‍ മാത്രം. ജീമെയിലില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ജീമെയിലിന്റെ പിഴവാണ്. ബ്രൗസറില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ബ്രൗസറിന്റെ അല്ലെങ്കില്‍ ചിത്രീകരണസംവിധാനത്തിന്റെ പിഴവാണ്. ഭാഷയുടേതല്ല. ഭാഷയെ മാറ്റലല്ല അതിനുള്ള പ്രതിവിധി. സോഫ്റ്റ്​വെയറിന്റെ പിഴവുകള്‍ ഭാഷകളുടെ നിലനില്പിനൊരിക്കലും വെല്ലുവിളിയാകരുത്. ...

August 10, 2007 · 2 min · Santhosh Thottingal