പുതിയൊരു മലയാളം ഫോണ്ട് നിർമിക്കുന്നതെങ്ങനെ?
ഈ ചോദ്യം ധാരാളം പേർ എന്നോടു് ചോദിക്കാറുണ്ടു്. പലപ്പോഴും വിശദമായ രീതിയിൽ തൃപ്തികരമായി ഉത്തരം കൊടുക്കാൻ പറ്റാറില്ല – പ്രത്യേകിച്ച് ചാറ്റിലും മറ്റും ചോദിക്കുമ്പോൾ. അതുകൊണ്ട് എല്ലാവർക്കും വേണ്ടി കുറച്ചു് കാര്യങ്ങൾ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇവിടെ എഴുതാമെന്നു കരുതുന്നു. ഇതുവായിച്ചാൽ ഒരു ഫോണ്ട് നിർമിക്കാനാവുമെന്നു തെറ്റിദ്ധരിക്കരുത്. ഒരു ഫോണ്ട് നിർമാണത്തിലെ സ്റ്റെപ്പുകൾ വളരെ ചുരുക്കിയെഴുതിയിരിക്കുന്നുവെന്നു മാത്രം. ഇംഗ്ലീഷ് ഫോണ്ടുകളുടെ നിർമാണം സംബന്ധിച്ച് ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ മിക്കവയും മലയാളത്തിനും ഉപകരിക്കും. ഇന്നത്തെ യുണിക്കോഡ് ഫോണ്ടുകൾ ഓപ്പൺടൈപ്പ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നതു്. ഫോണ്ടിൽ അക്ഷരങ്ങളുടെ വരച്ച രൂപങ്ങളും, അക്ഷരങ്ങൾ കൂടിച്ചേരുന്നതിനെ സംബന്ധിച്ച ചിത്രീകരണ നിയമങ്ങളും ആണുള്ളതു്. എങ്ങനെ തുടങ്ങാം? പുതിയൊരു ഫോണ്ട് നിർമിക്കുന്നതു് കലാപരമായ ഒരു പ്രവൃത്തിയാണു്. ഇതു് മനസ്സിലാക്കുന്നതു് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു ചിത്രകാരൻ ചിത്രം വരക്കുന്നതുമായി ഇതിനെ സങ്കൽപിക്കുക. ചിത്രം ആർക്കും വരക്കാം. പക്ഷേ എല്ലാം നല്ല ചിത്രങ്ങളാവില്ല, ജനങ്ങൾ ഒരേപോലെ ആസ്വദിക്കില്ല. അപാരമായ ക്ഷമയും കലയോടുള്ള താത്പര്യവും നിർബന്ധമാണു്. അതുപോലെത്തന്നെയാണു് ഫോണ്ടിന്റെ കാര്യവും. നല്ലൊരു ഫോണ്ടിന്റെ രൂപകല്പനയ്ക്ക് ധാരാളം ഫോണ്ടുകൾ ആസ്വദിക്കണം, അതിനു പരിശീലിക്കണം. നിത്യജീവിതത്തിൽ കാണുന്ന വിവിധങ്ങളായ അക്ഷരരൂപങ്ങളെ വെറും അക്ഷരങ്ങളായല്ലാതെ അവയിലെ വരകളെയും വളവുകളെയും അനുപാതങ്ങളെയും ആഴത്തിൽ മനസ്സിലാക്കാനുള്ള നിരീക്ഷണപാടവം വളർത്തിയെടുക്കണം. കുറച്ചു ദിവസങ്ങളിലെ ഒരു ഫോണ്ട് വർക്ക് ഷോപ്പുകൊണ്ട് ആർക്കും ഒരു ഫോണ്ട് ഉണ്ടാക്കാൻ കഴിയില്ല. സാങ്കേതികവശങ്ങളും നടപടിക്രമങ്ങളും മനസ്സിലാക്കാൻ മാത്രമേ സാധിക്കൂ. ...