മലയാളത്തിലെ ‘ഉ’കാര ചിഹ്നങ്ങൾ
പരിഷ്കരിച്ച മലയാള ലിപിയാണല്ലോ ഇന്നു പാഠപുസ്തകത്തിലുള്ളതും വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും. അതുകൊണ്ടു തന്നെ ഔപചാരിക വിദ്യാഭ്യാസത്തിൽ മലയാളത്തിന്റെ തനതുലിപിയുടെ ശൈലീഭേദങ്ങൾ പരിചയിക്കുവനുള്ള അവസരം നമുക്കു കിട്ടാറില്ല. പക്ഷേ ചുമരെഴുത്തുകളിലും, ബസ്സിലെ ബോർഡുകളിലും, തനതുമലയാളം എഴുതിശീലിച്ച മുതിർന്നവരുടെ കയ്യെഴുത്തിലുമൊക്കെയായി ഈ ലിപിരൂപങ്ങൾ നമ്മുടെ മുന്നിലുണ്ടു താനും. ലിപിപരിഷ്കരണത്തിന്റെ ഭാഗമായി വേർപെട്ട കൂട്ടക്ഷരങ്ങൾ മിക്കതും തെറ്റുകളൊന്നുമില്ലാതെ നമ്മുടെ കയ്യെഴുത്തുകളിൽ അറിഞ്ഞോ അറിയാതെയോ കൂടിച്ചേരാറുണ്ട്. പക്ഷേ വേർപെട്ട ചിഹ്നങ്ങൾ, പ്രത്യേകിച്ച് ു, ൂ ചിഹ്നങ്ങൾ വ്യഞ്ജനത്തോടു ചേർത്തെഴുതുമ്പോൾ ശൈലികൾ കൂടിക്കുഴഞ്ഞ് പോവുകയും ചെയ്യുന്നു. ചുവടെയുള്ള ചിത്രം നോക്കുക. ഉ-ചിഹ്നങ്ങളുടെ ഉപയോഗം ചുമരെഴുത്തിൽ. പച്ചയടയാളത്തിനുള്ളിൽ പരിഷ്കരിച്ച ലിപി, നീലയിൽ തനതു ലിപി എന്നിവ കാണാം. ചുവന്ന അടയാളമിട്ടു സൂചിപ്പിച്ചിരിക്കുന്നത് മലയാളത്തിൽ പതിവില്ലാത്ത ശൈലിയാണ്. മലയാളത്തിലെ ഉകാര ചിഹ്നങ്ങൾ തന്നെ എട്ടുവിധമുണ്ട്. ഒട്ടും എഴുത്തുപരിശീലനം ഇല്ലെങ്കിൽ ഇത്തരം പിശകുകൾ കടന്നുകൂടുകതന്നെ ചെയ്യും. ...