ഇതാ വരുന്നൂ, സുലേഖ
ഗൂഗിള്‍ ഈയിടെ പുറത്തിറക്കിയ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റ് എന്ന സേവനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അവതരിപ്പിയ്ക്കുന്നു, പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭം: “സുലേഖ ” എന്താണ് സുലേഖ? സുലേഖ gtk യില്‍ തീര്‍ത്ത ഒരു GUI ടെക്സ്റ്റ് എഡിറ്ററാണ്. വരമൊഴി, സ്വനലേഖ തുടങ്ങിയവ ഓരോ അക്ഷരത്തിനെയും ലിപ്യന്തരണം ചെയ്യുമ്പോള്‍ പദാനുപദ ലിപ്യന്തരണമാണ് സുലേഖ ചെയ്യുന്നത്. ഓരോ വാക്കും കഴിഞ്ഞ് സ്പേസ് അടിയ്ക്കുമ്പോള്‍ തൊട്ടുമുമ്പ് ടൈപ്പ് ചെയ്ത മംഗ്ലീഷ് മലയാളമായി മാറുന്നു. എഴുതിയ മംഗ്ലീഷ് ആശയക്കുഴപ്പമില്ലാതെ ഒരു മലയാളം വാക്കിന് തത്തുല്യമാണെങ്കില്‍ ആ മലയാളം വാക്ക് വരുന്നു. അല്ലെങ്കില്‍ മംഗ്ലീഷിന്റെ ഏകദേശ ലിപ്യന്തരണം നടത്തി, ആ വാക്ക് ഒരു ചുവപ്പ് അടിവരയോടു കൂടി കാണിയ്ക്കുന്നു. റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ഏറ്റവും യോജിച്ച മലയാളം വാക്കുകള്‍ മെനുവില്‍ കാണിയ്ക്കുന്നു. എന്നിട്ടും ഉദ്ദേശിച്ച വാക്ക് വന്നില്ലെങ്കില്‍ ഒരു ഓണ്‍സ്ക്രീന്‍ കീബോര്‍ഡിന്റെ സഹായത്തോടെ മൗസ് ഉപയോഗിച്ച് വാക്ക് ടൈപ്പ് ചെയ്യാം. ഇങ്ങനെ ചേര്‍ക്കുന്ന പുതിയ വാക്കുകള്‍ സുലേഖ പഠിയ്ക്കുന്നു. ...