ശരദിന്ദു ബന്ദോപാധ്യായ രചിച്ച അനശ്വര ബംഗാളി കുറ്റാന്വേഷണപരമ്പരയായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയുടെ മലയാളപരിഭാഷ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന വാർത്ത ഞാൻ വായിച്ചിരുന്നു. വാർത്തയോടൊപ്പം പുസ്തകത്തിന്റെ കവർപേജിന്റെ ചിത്രവും ഉണ്ടായിരുന്നു. കവർപേജിൽ മഞ്ജരി ഫോണ്ട് കണ്ടതുകൊണ്ടും ബ്യോംകേഷ് ബക്ഷിയെപ്പറ്റി പലയിടത്തും കേട്ടിട്ടുള്ളതുംകൊണ്ടാണ് പുസ്തകം വാങ്ങിയത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രശസ്ത വിവർത്തക ലീലാസർക്കാർ ആയതുകൊണ്ട് മോശമാവാനിടയില്ലെന്നും കരുതി.

പുസ്തകം വായിച്ചു തുടങ്ങിയപ്പോൾ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് വികലമായ പരിഭാഷകൾ കാണാൻ തുടങ്ങി. ലീലാ സർക്കാർ തന്നെയാണൊ ഇത് പരിഭാഷപ്പെടുത്തിയതെന്ന് സംശയിക്കാതെയുമിരുന്നില്ല. 1950 കൾക്ക് സമീപത്തെ കൊൽക്കത്തയുടെ സാംസ്കാരികപരിസരത്തെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല. പക്ഷേ അതിന് ശ്രമിച്ചിട്ടുപോലുമില്ല. പകരം കണ്ടത് അക്ഷരത്തെറ്റുകൾ. നിഘണ്ടു ഉപയോഗിച്ചാൽ പോലും നന്നായി പരിഭാഷപ്പെടുത്താവുന്ന വാക്കുകൾ തെറ്റിയിരിക്കുന്നു. ഒരു പ്രാവശ്യം പോലും ആരും ഒന്നു മനസ്സിരുത്തി വായിക്കാത്രെ പ്രസിദ്ധീകരിച്ചോയെന്നു തോന്നിപ്പോയി.

ഇതാ ചില ഉദാഹരണങ്ങൾ:

  • ഞാൻ എങ്ങനെ ഈ വിഭാഗത്തെ മെസ്സിലെ നിവാസിയായി എന്നു വിശദമായി എഴുതുകയാണെങ്കിൽ ഒരു വലിയ പുസ്തകമാകും.— ഉദ്ദേശിച്ചത് ഈ പ്രദേശത്തെ.
  • ആരായാലും എത്ര വലിയ കൊക്കെയ്ൻ ആഹാരിയായാലും…
  • പക്ഷേ കടുത്ത കറുപ്പു സേവകനാണെന്ന് എന്ന് ഞാൻ തീർത്തുപറയാം
  • അദ്ദേഹം വളരെ സരളപ്രകൃതിയുള്ള നിഷ്ഠവാനായ മനുഷ്യനായിരുന്നു.
  • അവരുടെ പറയാനാവാത്ത ദുഃഖത്തിന്റെ വിസ്മയവിമൂഢമായ ചിത്രങ്ങളെപ്പറ്റി കൂടുതൽ പറയാതെ യവനിക വീഴ്ത്തുന്നു. ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ ആരുമല്ലെങ്കിലും ശോചനീയമായ ഈ മരണത്തിൽ എല്ലാവരും ആത്മാർത്ഥമായിത്തന്നെ ആഹതരായിരുന്നു.
  • ബ്യോംകേഷ് സന്തുഷ്ടനായി പ്രഫുല്ലമുഖത്തോടെ പറഞ്ഞു.
  • വരികൾ വായിക്കുമ്പോൾ ഒരു കാര്യം വല്ലാതെ ദൃഷ്ടിയെ ആകർഷിക്കുന്നുണ്ട്.
  • മേഘമില്ലാതെ ഇടിവെട്ട് പൊട്ടി!
  • ബ്യോംകേഷ് ചിന്താമഗ്നനും അസ്ഥിരനുമായിരുന്നു.
  • അദ്ദേഹം മുഗ്ദ്ധദൃഷ്ടിയോടെ നോക്കിനിന്നു.
  • പ്രതിഭാവാൻമാരായ ദുഷ്ടൻമാർ നമ്മുടെ നാട്ടിൽ പാരഡോക്സ് ആയെന്നു തോന്നുന്നു.
  • വഴിക്ക് പ്രത്യേകിച്ച് ഉല്ലേഖയോഗ്യമായ ഒന്നും കണ്ടില്ല.
  • സ്പർശമണി കിട്ടിയോ? - സ്യമന്തകമണി എന്ന കഥയിലാണ് ഈ തെറ്റ്.
  • എന്തിനീ ശ്ലേഷോക്തി!
  • ഷർട്ട് അഴിച്ച് ഫാൻ ചലിപ്പിച്ച ശേഷം..

സത്യാന്വേഷി, വഴിയിലെ മുള്ള്(পথের কাঁটা), സീമന്തമണി(সীমন্ত-হীরা), ചിലന്തിരസം(মাকড়সার রস), അർത്ഥമനർത്ഥം, കുഴിമണൽ എന്നീ കഥകളാണ് മലയാളപരിഭാഷയിൽ ഉള്ളത്. ഇതിൽ അവസാനത്തെ കുഴിമണൽ എന്ന വാക്ക് ഇംഗ്ലീഷിലെ Quicksand(ബംഗാളിയിലെ চোরাবালি) എന്നതിന്റെ പരിഭാഷയാണ്. മണൽക്കുഴി എന്നായെങ്കിൽ നന്നായേനെ. മണൽചുഴിയെന്നും ആകാം. ആ കഥയിൽ, പുസ്തകത്തിലുടനീളം ബ്യോകേഷ് ബക്ഷി ആയിരുന്ന കഥാപാത്രത്തെ വ്യോമകേശ് എന്ന് വിളിക്കുന്നുണ്ട്. എന്നാൽ അതൊന്നുമല്ല, ആ കഥയെ വ്യത്യസ്തമാക്കുന്നത്. ആ കഥ പകുതിയേ പരിഭാഷപ്പെടുത്തിയിട്ടുള്ളു. അവിടെവച്ച് പുസ്തകം അവസാനിക്കുന്നു.

ഇത്രയും മോശം പരിഭാഷയാണെങ്കിലും ആറു കഥകളും ഞാൻ വായിച്ചു. കാരണം ഇതിന്റെയെല്ലാം ഉള്ളിൽ തിളങ്ങുന്ന ശരദിന്ദു ബന്ദോപദ്ധ്യായയുടെ രചനാപാടവം തന്നെ. ഇന്ത്യൻ ഷെർലക്ക് ഹോംസ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ കഥകളെല്ലാം തന്നെ പതിറ്റാണ്ടുകൾക്കിപ്പുറവും വായനക്കാരനെ പിടിച്ചിരുത്താൻ കഴിവുള്ളവയാണ്.

മാതൃഭൂമി ബുക്സിൽ നിന്നും പ്രശസ്തയായ ഒരു പരിഭാഷകയിൽ നിന്നും എങ്ങനെ ഇതുസംഭവിച്ചു എന്നത് വേറൊരു പ്രഹേളിക കൂടി.