ബഷീറിന്റെ മാന്ത്രികപ്പൂച്ച ധ്വനി വായിച്ചപ്പോള്‍

ഇക്കൊല്ലത്തെ ഫോസ് ഇന്ത്യാ അവാര്‍ഡ് നേടിയ ധ്വനി എന്ന ടെക്സ്റ്റ് റ്റു സ്പീച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം വായിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ സൌണ്ട് ഫയലുകള്‍ താഴെക്കൊടുക്കുന്നു.

mp3 format (1.3 MB) ogg format (402 KB)

ഇതിലേതെങ്കിലും ഒന്നു് ഡൗണ്‍ലോഡ് ചെയ്തു് കേട്ടുനോക്കൂ…

എന്താ ചങ്ങാതിമാരേ, കമ്പ്യൂട്ടര്‍ മലയാളം പറയുന്നതു് കേട്ടു് വല്ലതും മനസ്സിലായോ? 🙂 ഇതാണു് ധ്വനി വായിയ്ക്കാന്‍ ശ്രമിച്ചതു്:

“ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം ധ്വനി വായിക്കുന്നു.

ഒരു മാന്ത്രിക പൂച്ചയുടെ അവതാരത്തെപ്പറ്റിയാകുന്നു പറയാന്‍ പോകുന്നതു്. പണ്ടു പണ്ടു മുതല്‍ക്കേ അത്ഭുതങ്ങള്‍ ഒരുപാടു് ഒരുപാടു് ഈ ഭൂലോകത്തു് സംഭവിച്ചിട്ടുണ്ടല്ലോ. അത്തരം ഗൌരവമുള്ള കാര്യമല്ലിതു്. ഇതൊരു സാധാരണ പൂച്ചയായി ജനിച്ചു. പിന്നെങ്ങനെയാണു് ഇതൊരു മാന്ത്രിക പൂച്ചയായതു്? പ്രശ്നത്തിന്റെ അകത്തു ലേശം തമാശയുണ്ടു്. ഇതു ലോകത്തിലെ ആദ്യത്തെ മാന്ത്രിക പൂച്ചയാണോ? സംശയമാണു്. പ്രപഞ്ചചരിത്രത്തിന്റെ ഏടുകള്‍ ക്ഷമയോടെ മറിച്ചു നോക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ ഒത്തിരി ഒത്തിരി കണ്ടെന്നുവരാം. അന്നൊരു പക്ഷേ ആരും ശ്രദ്ധിച്ചു കാണുകയില്ല. ഇപ്പോള്‍, ദാ, ഒരു സുവര്‍ണാവസരം. ശ്രദ്ധിക്കുക: ചുവന്ന കണ്ണുകള്‍, ചിരിക്കുന്ന മുഖഭാവം, ചെവികളിലും മുതുകിലും വാലിലും ലേശം ചുമപ്പു രാശിയുണ്ടു്. ബാക്കി എല്ലാം തൂവെള്ള. തറച്ചു മുഖത്തു നോക്കി മ്യാഓ എന്നു പറയുന്നതു കേട്ടാല്‍ വാരിയെടുത്ത് ഓമനിക്കാന്‍ തോന്നും.”

മലയാളം കൂടാതെ വേറെ 7 ഭാരതീയ ഭാഷകള്‍ കൂടി ധ്വനി ‘വായിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു’.

comments powered by Disqus