ഡൈലാമോ, ജുംബലക്ക, ഹമ്മ ഹമ്മ, ഛയ്യ ഛയ്യ, മക്കസായി, ഷക്കലക്ക ബേബി, ബംബാട്ടു ഹുഡുഗി, ഓസലാമ,ഷാബഷാബ, ഹോസൈന, ഡിങ്കിരി ഡിങ്കിരി,അത്തള പിത്തള, സഡക്ക് സഡക്ക്, ധൂംതനക്കടി, ഓക്കേല, ജുംബാ ജുംബാ, അക്കിക്കൊക്കി, ദേവൂഡ, ബല്ലേലിക്കാ, ജില്ലേല ജില്ലേല, സിങ്കാര സിങ്കാര…ഇത്തരം വാക്കുകള്‍ കൊണ്ട് ഹിറ്റുകളായ പാട്ടുകളെക്കുറിച്ചും, അവയുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും രവിമേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. റൈമിങ്ങിനു് വേണ്ടി ചേര്‍ക്കുന്ന ഇത്തരം യുക്തിരഹിതവാക്കുകള്‍ പാട്ടുകളുടെ, പലപ്പോഴും സിനിമകളുടെ തന്നെ വിജയത്തിനു് കാരണമാകാറുമുണ്ടു്.

ഗാനങ്ങളിലെ കാവ്യഭംഗിയ്ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും ശ്രാവ്യഭംഗിയ്ക്ക് മുന്‍തൂക്കം വരുന്നതും സാധാരണയായിക്കൊണ്ടിരിയ്ക്കുകയാണു്. മലയാള സാഹിത്യത്തിലെ കവിതാശാഖയെ ജനകീയമാക്കുന്നതില്‍ ചലച്ചിത്രഗാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നാടകഗാനങ്ങള്‍ മലയാളികളുടെ ചുണ്ടില്‍തത്തിക്കളിച്ചിരുന്ന ഒരു ചരിത്രം നമുക്കുണ്ടു്. ഇപ്പോള്‍ അത് ചലച്ചിത്രഗാനങ്ങളാണ്. നാടകഗാനങ്ങള്‍ നിറഞ്ഞുനിന്നിരുന്ന സമയത്ത് ജനങ്ങളെ ആകര്‍ഷിച്ചത് തീര്‍ച്ചയായും വരികള്‍ തന്നെ. ഈണത്തിന് സംഗീതത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ കഴിയില്ലെന്നു മറക്കുന്നില്ല. ഒ.എന്‍.വി. പി. ഭാസ്കരന്‍, വയലാര്‍ എന്നിവരുടെയെല്ലാം അനശ്വരങ്ങളായിത്തീര്‍ന്ന ഗാനങ്ങളിലെല്ലാം വരികള്‍ക്കതിന്റേതായ സ്ഥാനം ഉണ്ടായിരുന്നു.പലപ്പോഴും സാമൂഹ്യപരിഷ്കരണത്തിന്റെ കാഹളമൂതുന്നവയുമായിരുന്നു അവ.

പുതിയ സംഗീത സംവിധായകര്‍ പാട്ടിലെ വരികളെക്കുറിച്ചും കാവ്യഭംഗിയെക്കുറിച്ചും എന്ത് ചിന്തിയ്ക്കുന്നുവെന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ചത്തെ ലക്കം വായിച്ചപ്പോള്‍ പിടികിട്ടി. വാക്കുകളുടെ അര്‍ത്ഥത്തെക്കാള്‍ പ്രായോഗികതയാണു് വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സംഗീത സംവിധായകരെ നയിക്കാറുള്ളതെന്നു് ജാസി ഗിഫ്റ്റ് പറയുന്നു. പിബി സുരേഷ്, പ്രകാശ് രാമദാസ് എന്നിവര്‍ ജാസി ഗിഫ്റ്റുമായി നടത്തിയ അഭിമുഖം മാതൃഭൂമിയില്‍ വന്നതില്‍ നിന്ന് കൗതുകമെന്നു തോന്നിയ ചിലവ ഇവിടെ പകര്‍ത്തുന്നു.

“പരമ്പരാഗത മ്യൂസിക്കും ആയി മലയാളിയ്ക്ക് ഇനി അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല….സാധാരണ നമ്മുടെ തബലയടിയും വീണയും കൊണ്ട് അധികകാലം മുന്നോട്ടു് പോകാന്‍ പറ്റില്ല.”

“അനശ്വരഗാനങ്ങള്‍ എന്നൊക്കെ പറഞ്ഞ് നമ്മളങ്ങ് അനശ്വരമാക്കുന്നതല്ലേ. അനശ്വരഗാനങ്ങള്‍ എന്നുപറയുന്നതു് ഒരു പരിധിയില്‍ അതിഷ്ടപ്പെടുന്നവരുടെ മനസ്സില്‍ മാത്രമേയുള്ളൂ…… ഇന്നത്തെ ഒരു കാലഘട്ടത്തിലാണു് ആ പാട്ടുകള്‍ വന്നിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു”

“മലയാളിയ്ക്കു് world music നെക്കുറിച്ചു് അവബോധം കുറവാണെന്നാണു് എനിയ്ക്കു് തോന്നുന്നത്. കുട്ടികള്‍ പോലും നീട്ടിനീട്ടി പാടിയാലേ Music ആകൂ എന്ന തരത്തില്‍ കൊച്ചു ജനറേഷനെപ്പോലും അങ്ങനെയാണു് കൊണ്ടുവരുന്നതു്. ഇങ്ങനെ നില്‍ക്കുമ്പോള്‍ നമ്മുടെ Music വെളിയിലേയ്ക്കു് പോകുന്നതിനു് പ്രശ്നം വരും. മലയാളം fil music ല്‍ നിന്ന് നാലുഭാഷയില്‍ ഹിറ്റായ ഒരേയൊരു ഗാനം ലജ്ജാവതിയാണു്”

നമ്മുടെ സംഗീതം നമുക്കുള്ളതല്ലേ, നമ്മുടെ കഴിഞ്ഞല്ലേ ബാക്കിയുള്ളവരുള്ളൂ. മലയാളം പാട്ടുകളൊക്കെ ഇങ്ങനെ ‘വെളിയില്‍ പോവാന്‍ ‘ വേണ്ടി രൂപപ്പെടുത്തിയാലെന്താവും സ്ഥിതി? സത്യത്തില്‍ ലജ്ജാവതിയുടെ വിജയത്തിനു പിന്നില്‍ അതിന്റെ വ്യത്യസ്ഥതയ്ക്കല്ലേ മുഖ്യ പങ്കു്. അതേ പോലെ പിന്നീട് ഗാനങ്ങളെഴുതാന്‍ ശ്രമിച്ചപ്പോള്‍ ആ വ്യത്യസ്തത ഇല്ലാതായി പരാജയപ്പെടുകയും ചെയ്തു. അതിന്റെ തെളിവല്ലേ താഴെപ്പറയുന്നതു്?

“എനിയ്ക്കു് മലയാളത്തില്‍ സംഭവിച്ച വീഴ്ച, For the people നു‌ ശേഷം ഒരു പടവും ചെയ്യരുതായിരുന്നു”

“ഭയങ്കര കാവ്യ ഭംഗി സിനിമാപ്പാട്ടില്‍ വേണമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. പാട്ടിന്റെ ട്യൂണിനനുസരിച്ചു് wording വേണം. പിന്നെ എല്ലാര്‍ക്കും മനസ്സിലാകണം. എലാ ജനറേഷനും ഇഷ്ടപ്പെടുന്ന ഒരു രീതിയിലായിരിയ്ക്കണം. ഒരു ചെറിയ ട്യൂണിനകത്തേയ്ക്കു് കവിത തിരുകിക്കയറ്റുന്നതില്‍ വലിയ താത്പര്യമില്ല.”

അപ്പോള്‍ അതാണു് കാര്യം. അവസാനം പറഞ്ഞത് എല്ലാറ്റിനും ഉത്തരം നല്കുന്നു. മൂന്ന് മിനിട്ട് നേരത്തെ പാട്ടില്‍ ആരാണു് നായകന്‍? ഗാനരചയിതാവോ സംഗീത സംവിധായകനോ? താളമനുസരിച്ച് ഗാനമെഴുതാന്‍ തുടങ്ങിയതു മുതല്‍ സംഗീതസംവിധായകനല്ലേ മേല്‍ക്കൈ? ‘ഭയങ്കര’ കാവ്യഭംഗി വേണ്ട, ഭയങ്കരമല്ലാത്ത കാവ്യഭംഗിയില്ലാത്ത പാട്ട് പാട്ടാകുന്നതെങ്ങനെ? വെറും ഈണം മാത്രമാണു് സംഗീതമെന്നും അതില്‍ ട്യൂണിനനുസരിച്ച് കവിത തിരുകിക്കേറ്റരുതെന്നുമുള്ള സംഗീതസംവിധായകരുടെ നിലപാടിന്റെ ഔചിത്യമെന്ത്?

ലജ്ജാവതിയും ജാസിഗിഫ്റ്റും ശബ്ദഘോഷവും എന്ന ഈ ബ്ലോഗ് പോസ്റ്റും വായിച്ചു.

ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നവര്‍ തന്നെ പാട്ടിനെ അര്‍ത്ഥശൂന്യമാക്കി മാറ്റുന്നുമുണ്ടു്. ആദ്യം പറഞ്ഞ രീതിയിലുള്ള അര്‍ത്ഥരഹിതമായ വാക്കുകള്‍ പാട്ടുകളില്‍ കയറ്റുന്നതില്‍ ഗാനരചയിതാക്കള്‍ക്കും പങ്കുണ്ടു്. ഏതോ ഒരു ചാനലില്‍ ഇങ്ങനെ ഗാനങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഒരു പരിപാടി കണ്ടതായി ഓര്‍ക്കുന്നു. കുറച്ച് ഊതിവീര്‍പ്പിച്ചുള്ളതാണെങ്കിലും കുറെയൊക്കെ കാര്യമുണ്ടെന്നു് തോന്നി. ഗിരീഷ് പുത്തഞ്ചേരിയുടെ ‘കാണാ’ പ്രയോഗത്തെയുള്ള വിമര്‍ശനം അസ്സലായിരുന്നു. കാണാപാദസരം, കാണാവെയില്‍, കാണാത്ത മരമറുത്തു് കനവുകൊണ്ട് കൊട്ടാരം പണിതവനേ..കാണാപ്രാവേ , കാണാക്കോണില്‍ എന്നിങ്ങനെ.. മുഴുവന്‍ ലോജിക്കലായ ഒരു പാട്ടു വേണമെന്നൊന്നുമല്ല ഞാന്‍ പറയുന്നതു്. ആരെങ്കിലും ഈ വരികളെടുത്തൊന്നു വായിച്ചു നോക്കിയാല്‍ അയ്യേന്ന് പറയരുതല്ലോ.

മൊത്തം ജനറലൈസ് ചെയ്ത് എഴുതിയതാണെന്ന് വിചാരിയ്ക്കരുതേ, ഇതൊക്കെ വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍ കുറിച്ചിട്ടെന്നു മാത്രം. വ്യക്തിപരമായി പാട്ടുകളിലെ വരികളെ കൂടുതല്‍ സ്നേഹിയ്ക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്കു്. നിങ്ങളുടെ അഭിപ്രായവും അറിയാന്‍ ആഗ്രഹിയ്ക്കുന്നു.