ചില്ലും മലയാളം കമ്പ്യൂട്ടിങ്ങും

മലയാളം കമ്പ്യൂട്ടിങ്ങിന്റെ മുകളില്‍ തലനാരിഴയില്‍ ഒരു വാള്‍ തൂങ്ങിക്കിടപ്പാണ്. ചില്ലു കൊണ്ടുള്ള ഒരു വാള്‍. വാള്‍ വീണാല്‍ മലയാളം രണ്ട് കഷണമാകും. ഒന്നാമത്തേത് നിങ്ങള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഈ മലയാളം. രണ്ടാമത്തേത് അറ്റോമിക് ചില്ലുകള്‍ ഉപയോഗിച്ചുള്ള വേറൊരു മലയാളം…

“ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നല്ലതോ ചീത്തയോ അതു നിങ്ങള്‍ അനുഭവിക്കുക” ഇത് അറ്റോമിക് ചില്ലുവാദികളുടെ മുദ്രാവാക്യത്തിന്റെ മലയാളപരിഭാഷ. ഇവിടെ ജയിക്കുന്നതാരുമാകട്ടെ തോല്ക്കുന്നത് ഭാഷ തന്നെയെന്നുറപ്പ്.

ഖരാക്ഷരം + വിരാമം + ZWJ എന്ന ഇപ്പോഴുള്ള ചില്ലക്ഷരത്തിന്റെ എന്‍കോഡിങ്ങിനു പകരം ഒറ്റ ഒരു യുണിക്കോഡ് വേണമെന്ന ആവശ്യം വളരെക്കാലമായി ഒരു വിഭാഗം മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നു തുടങ്ങിയിട്ട്. അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം ഇപ്പോഴുള്ള രീതിക്ക് എന്താണ് പ്രശ്നമെന്ന്. അതിനുള്ള ഉത്തരം എനിക്കിതേവരെ മനസ്സിലായിട്ടില്ല. മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മലയാളം സോഫ്റ്റ്​വെയറുകള്‍, പ്രാദേശികവത്കരിക്കപ്പെട്ട ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍, ഈയുള്ളവന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഗ്നു ആസ്പെല് spelling checker (ഇപ്പോള്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം മലയാളം വാക്കുകളുണ്ട്) ഇവയെല്ലാം ഇതിന് തെളിവുകള്‍ മാത്രം. ജീമെയിലില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ജീമെയിലിന്റെ പിഴവാണ്. ബ്രൗസറില്‍ ചില്ലക്ഷരം വരുന്നില്ലെങ്കില്‍ അത് ബ്രൗസറിന്റെ അല്ലെങ്കില്‍ ചിത്രീകരണസംവിധാനത്തിന്റെ പിഴവാണ്. ഭാഷയുടേതല്ല. ഭാഷയെ മാറ്റലല്ല അതിനുള്ള പ്രതിവിധി. സോഫ്റ്റ്​വെയറിന്റെ പിഴവുകള്‍ ഭാഷകളുടെ നിലനില്പിനൊരിക്കലും വെല്ലുവിളിയാകരുത്.

സാങ്കേതികതയുടെ പേരില്‍ ഭാഷയോടുള്ള ഈ അതിക്രമം മലയാളത്തിന് പുത്തരിയല്ല. ടൈപ്പ്റൈറ്ററിന്റെ കാലത്ത് ലിപി പരിഷ്കാരത്തിന്റെ പേരില്‍ ലിപിയെ വെട്ടിമുറിക്കാന്‍ നമ്മുടെ പണ്ഡിതര്‍ തുനിഞ്ഞിരുന്നു. ആയുര്‍ബലം ഉള്ളതുകൊണ്ട് അകാലചരമമടയാതെ ഭാഷ രക്ഷപ്പെട്ടു. പ്രബുദ്ധരായ മലയാളികള്‍ ആ പരിഷ്കാരത്തെ അവഗണിച്ചു. ടൈപ്പ്റൈറ്ററിന്റെ സാങ്കേതികത്തികവില്ലായ്മ കമ്പ്യൂട്ടര്‍ പരിഹരിച്ചു. ഡിജിറ്റല്‍ ലോകത്തില്‍ മലയാളം അതിന്റെ ബാല്യദശയിലേക്ക് കടന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഇത്തവണയും ഇതിനു മുന്നിട്ടിറങ്ങിയിരിക്കുന്നത് മലയാളികള്‍ തന്നെ. ഇതു വരെയുള്ള ഡിജിറ്റല്‍ മലയാളം കണ്ടെന്റ് മൊത്തം അസാധുവാക്കാനുള്ള ഒരു ശ്രമം. എനിക്കുറപ്പുണ്ട്, ഇതും ഒരു തുഗ്ളക്ക് പരിഷ്കാരമായി അവശേഷിക്കും. മലയാളത്തിന്റെ ഡിജിറ്റല്‍ പുരോഗതി വീണ്ടും അതിന്റെ ശൈശവം മുതല്‍ തുടങ്ങുകയോ?!.

എന്തു മാറ്റം വന്നാലും ഇപ്പോഴുള്ള സോഫ്റ്റ്​വെയറുകള്‍ നിലവിലുള്ള മലയാളം തന്നെ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കും. ഉപയോക്താക്കള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്സ്ക്രിപ്റ്റ്, സ്വനലേഖ, വരമൊഴി എന്നീ നിവേശക രീതികളെല്ലാം നിലവിലുള്ള രീതി തന്നെ തുടരും. ചിത്രീകരണ സംവിധാനങ്ങള്‍ നിലവിലുള്ള രീതിയില്‍ തന്നെ റെന്‍ഡര്‍ ചെയ്യും. അങ്ങനെ കൂടുതല്‍ മലയാളം ഡിജിറ്റല്‍ ലോകത്തില്‍ നിറയും. ആ ലോകത്തിലേക്ക് അറ്റോമിക് ചില്ലെന്ന അപരന്‍ വന്നാല്‍ വാക്കുകള്‍ തിരിച്ചറിയാനാകാതെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അലങ്കോലമാകും. cons+virama+zwj = atomic Chillu എന്ന സമസ്യ എല്ലാ സോഫ്റ്റ്​വെയറുകളും മനസ്സിലാക്കേണ്ടി വരും. Dual Encoding എന്നത് തീരാശാപമായി മലയാളത്തെ പിന്തുടരും. എത്രകാലത്തേക്ക്? ഡിജിറ്റല്‍ വിവരങ്ങള്‍ക്ക് മരണമില്ലാത്തതു കൊണ്ട് അനന്തതയോളം…

ഇന്‍ഡിക് മെയിലിങ്ങ് ലിസ്റ്റില്‍( indic@unicode.org ) ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. അറ്റോമിക് ചില്ല് എന്തിന്?, അതു കൊണ്ട് മാത്രമേ പരിഹരിക്കാന്‍ പറ്റൂ എന്നുള്ള എന്ത് പ്രശ്നമാണ് മലയാളത്തിനുള്ളത് എന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കാതെ ഒഴിഞ്ഞു മാറി നടക്കുകയാണ് അറ്റോമിക് ചില്ലുവാദികള്‍. ചിലരുടെ വ്യക്തിപരമായ പ്രശസ്തിക്കു വേണ്ടി മലയാളത്തിനെ കുരുതി കൊടുക്കണോ? ചരിത്രപരമായ മറ്റൊരു മണ്ടത്തരത്തിന് മലയാളം ഇരയാവല്ലേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. നിരവധി ആക്രമണങ്ങളെ അതിജീവിച്ച മലയാളം ഇതും അതിജീവിക്കുമെന്നു പ്രതീക്ഷിക്കാം.

comments powered by Disqus