ധ്വനി-കെ.ഡി.ഇ സംയോജനം

KDE ഡെസ്ക്ടോപ്പില്‍ ധ്വനി ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം ചേര്‍ത്തു് kedit, kate, kwrite, konqueror എന്നിവയിലുള്ള മലയാളം(ധ്വനി പിന്തുണയ്ക്കുന്ന മറ്റു ഭാഷകളും) വായിക്കാം. കോണ്‍ക്വറര്‍ വെബ് ബ്രൌസറിലും മലയാളം വെബ് പേജുകള്‍ വായിക്കാന്‍ ധ്വനി ഉപയോഗിക്കാം. ഇതിനായി ഞാന്‍ പ്രത്യേകം കോഡൊന്നും എഴുതിയിട്ടില്ല. :). ktts(KDE യുടെ TTS system) കമാന്റ് പ്ലഗിന്‍ എന്ന ഒരു സൌകര്യം ഉപയോഗിച്ചാണു് ഇതു ചെയ്യാന്‍ കഴിയുന്നതു്.
Kontrol center ല്‍ പോയി Regional and Accessibility എന്ന വിഭാഗത്തിലെ Text-to-speech എടുക്കുക. അവിടെ Talkers tab ല്‍ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Synthesizer എന്നതിന്റെ Show All തിരഞ്ഞെടുത്ത് Command എന്നെടുക്കുക. Language എന്നതു് Other എന്നും. ഇപ്പോള്‍ നിങ്ങള്‍ക്ക് സിന്തസൈസറിന്റെ കമാന്റ് ചേര്‍ക്കാനുള്ള ഒരു ജാലകം കിട്ടും. അവിടെ
dhvani %f

എന്നു ചേര്‍ക്കുക. ഈ Talker നെ ഡിഫോള്‍ട്ട് ആക്കുക. തീര്‍ന്നു. മുമ്പ് പറഞ്ഞ അപ്ലിക്കേനുകളിലെല്ലാം വായിക്കേണ്ട ഭാഗം സെലക്ട് ചെയ്തു് ടൂള്‍സ് മെനുവില്‍ നിന്നു് Speak text എടുക്കുക.
For for information about dhvani, how to install etc see the documentation

കൃഷ്ണകാന്ത് മനേ എന്ന അന്ധപ്രോഗ്രാമ്മര്‍

അന്ധനായ ഒരാള്‍ക്കു് ഒരു പ്രോഗ്രാമ്മറാവാമോ? കൃഷ്ണകാന്ത് മനേ ഒരു അന്ധ പ്രോഗ്രാമ്മറാണു്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനുമാണു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനും, അന്ധരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധനും, പല സംസ്ഥാന സര്‍ക്കാറുകളുടെയും അന്ധര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകനുമാണു്.
കുറച്ചുമാസങ്ങള്‍ക്കു് മുന്‍പ്, ബാംഗ്ലൂരില്‍ വച്ചാണു് ഞാന്‍ മനേയെ പരിചയപ്പെടുന്നതു്. തന്റെ IBM thinkpad ലാപ്‌ടോപ്പില്‍ ഉബുണ്ടു ഗ്നു/ലിനക്സും ഓര്‍ക്ക(Orca) എന്ന സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് അദ്ദേഹം നെറ്റ് ബ്രൗസ് ചെയ്യുന്നതും, മെയില്‍ നോക്കുന്നതും, പ്രോഗ്രാം ചെയ്യുന്നതും കണ്ടു് ഞാന്‍ അത്ഭുതപ്പെടുപോയി. കാഴ്ചയുള്ള ആരും ചെയ്യുന്ന അതേ ലാളിത്യത്തോടുകൂടിത്തന്നെ അദ്ദേഹം അതെല്ലാം ചെയ്യുന്നു. Orca ഒരു സ്വതന്ത്ര സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറാണു്. അതു് സ്ക്രീനിലെ വാചകങ്ങളെ ശബ്ദമാക്കിത്തരുന്നു. ഇംഗ്ലീഷിലാണു് അദ്ദേഹം അതുപയോഗിച്ചിരുന്നതു്. ഫെസ്റ്റിവല്‍ എന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ.
അദ്ദേഹത്തെപ്പറ്റിയും തമിഴ്‌നാട് സര്‍ക്കാറിന്റെ ഓര്‍ക്കയും ഉബുണ്ടുവും ഉപയോഗിച്ചുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയെക്കുറിച്ചുമുള്ള ഒരു വീഡിയോ താഴെക്കൊടുത്തിരിക്കുന്നു.

ഇംഗ്ലീഷിനുപകരം മലയാളത്തിലോ തമിഴിലോ ഉള്ള ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതു കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.ഇതിനുള്ള ഒരു തടസ്സം ഭാരതീയ ഭാഷകള്‍ക്കു് ഉപയോഗിക്കാവുന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുടെ അഭാവമാണു്. ഇതിനുള്ള ഒരു പരിഹാരമാണു്, ഞാനും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലെ പ്രൊഫസറായ ഡോ: രമേഷ് ഹരിഹരനും കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ധ്വനി എന്ന സോഫ്റ്റ്‌വെയര്‍. മലയാളമടക്കം 8 ഭാഷകള്‍ ധ്വനിക്കു് സംസാരിയ്ക്കാന്‍ കഴിയും.

ധ്വനി ഇക്കൊല്ലത്തെ ഫോസ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായ പ്രൊജക്റ്റാണു്. NRCFOSS(National Resouce Center for Free and Open Source Software) സ്പോണ്‍സര്‍ചെയ്യുന്ന 25000 രൂപയാണു് അവാര്‍ഡ് തുക. (സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വേറൊരു പ്രൊജക്റ്റായ ടക്സ് ടൈപ്പിനും അവാര്‍ഡുണ്ടു്. തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ മോബിന്‍ , ശ്രീരഞ്ജ് , ശ്രേയസ്, പ്രിന്‍സ്, വിമല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണു് അവാര്‍ഡ് ലഭിച്ചതു്.)
ധ്വനി ഉപയോഗിച്ചു് എങ്ങനെ മലയാളം ടെക്സ്റ്റുകളെ mp3/ogg ആക്കി മാറ്റാമെന്നറിയാന്‍ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക.

വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം!

കേരളത്തിലെ റോഡുകളില്‍ നിന്നു് പ്രചോദനമുള്‍ക്കൊണ്ടു് വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം! താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളൊന്നു നോക്കൂ!!!ചിത്രങ്ങള്‍ക്ക് കടപ്പാട്: http://tides.ws/2008/01/20/new-speed-controlling-device/

കെ.ഡി.ഇ. 4.0 പുറത്തിറങ്ങി

കെഡിഇ സംരംഭം അതിനൂതനമായ സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടത്തിന്റെ നാലാമത്തെ പ്രധാന പതിപ്പു് പുറത്തിറക്കുന്നു.

“നിത്യോപയോഗത്തിനും പ്രത്യേകാവശ്യത്തിനുമൊരുപോലെ ഉപയോഗിയ്ക്കാവുന്ന വളരെയധികം പ്രയോഗങ്ങളുള്‍പ്പെടുന്ന ഒരു പുത്തനാശയമുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടമാണു് കെഡിഇ 4.0. പണിയിടവുമായും പ്രയോഗങ്ങളുമായും ഇടപഴകാനായി വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വിനിമയതലം നല്‍കുന്ന കെഡിഇ 4 നു് വേണ്ടി വികസിപ്പിച്ച പണിയിടത്തിന്റെ ആവരണമാണു് പ്ലാസ്മ. കൊണ്‍ക്വറര്‍ വെബ് ബ്രൈസര്‍ പണിയിടത്തെ വെബുമായി ഏകീകരിയ്ക്കുന്നു. ഡോള്‍ഫിനെന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍, ഒക്യുലാര്‍ എന്ന രചനകളുടെ നിരീക്ഷകന്‍ പിന്നെ സിസ്റ്റം സജ്ജീകരണങ്ങള്‍ എന്ന നിയന്ത്രണ കേന്ദ്രം അടിസ്ഥാനമായ പണിയിട ഗണം പൂര്‍ത്തിയാക്കുന്നു.
നൂതന ദൃശ്യങ്ങള്‍ക്കുള്ള കഴിവു് നല്‍കുന്ന ക്യൂട്ടി4ഉം ശൃംഖലയിലെ വിഭവങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കെഐഒ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന കെഡിഇ ലൈബ്രറികളുപയോഗിച്ചാണു് കെഡിഇ തയ്യാറാക്കിയിരിയ്ക്കുന്നതു്. കെഡിഇ ലൈബ്രറികളുടെ ഭാഗമായ ഫോനോണ്‍ സോളിഡ് എന്നിവ എല്ലാ കെഡിഇ പ്രയോഗങ്ങള്‍ക്കും മള്‍ട്ടിമീഡിയ ചട്ടക്കൂടും കൂടുതല്‍ മെച്ചപ്പെട്ട ഹാര്‍ഡുവെയര്‍ ഏകീകരണവും നല്‍കുന്നു.”

മലയാളത്തിലുള്ള പ്രകാശനക്കുറിപ്പു് ഇവിടെ

സോഫ്റ്റ്‌വെയര്‍ ചരിത്രത്തിലാദ്യമായി ഒരു സോഫ്റ്റ്‌വെയറിന്റെ പ്രകാശനക്കുറിപ്പു് മലയാളത്തിലിറങ്ങുന്നു എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ടു്.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ കെ.ഡി.ഇ മലയാളം സ്ക്വാഡ് അംഗങ്ങളായ പ്രവീണും ആഷിക് സലാഹുദ്ദീനും ചേര്‍ന്നാണു് മലയാളത്തിലെ പ്രകാശനക്കുറിപ്പു് തയ്യാറാക്കിയതു്.
മലയാളത്തോടൊപ്പം ഹിന്ദി, ബംഗാളി , ഗുജറാത്തി, മറാത്തി , പഞ്ചാബി എന്നീ ഭാഷകളിലും ഈ പ്രകാശനക്കുറിപ്പു് ലഭ്യമാണു്.

നോ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി?!

മനുസ്മൃതിയില്‍ മനു ഇങ്ങനെയെഴുതി:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്നുവച്ചാല്‍: അച്ഛനും, ഭര്‍ത്താവും, മകനും പലപ്പോഴും രക്ഷിച്ചെന്നിരിയിയ്ക്കും. ന്നാലും ന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. ‘ന’ എന്നു പറഞ്ഞാല്‍ No ന്നു്.
ഇതില്‍പ്പിടിച്ചു് പലരും സ്ത്രീ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. പലരീതിയിലും ഇതിനെ വ്യഖ്യാനിയ്ക്കാമെന്നു് പറയപ്പെടുന്നു.
കുറച്ചുകാലം മുമ്പു് വേറൊരു വ്യാഖ്യാനം ഞാന്‍ വായിക്കുകയുണ്ടായി. ആ ലാസ്റ്റ് ലൈനെഴുതുമ്പോള്‍ മനു അറിയാതെ (അതോ മനപൂര്‍വ്വമായോ) എന്റര്‍ കീ മാറി അടിച്ചുപോയീതാണെന്നു്. അതായതു്,

പുത്രോ രക്ഷതി വാര്‍ദ്ധക്യേന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്നു്. അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, ‘ഇവ്വിധം’ സ്ത്രീ
സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. ‘ഏന’ എന്ന സംസ്കൃതരൂപത്തിനു് ഇവ്വിധം, ഇതുപോലെ എന്നൊക്കെ അര്‍ത്ഥമുണ്ടത്രേ.. എന്തോ എനിയ്ക്കറിയില്ല.

ഞങ്ങള്‍ പ്രോഗ്രാമര്‍മാരുടെ ഭാഷയില്‍ ഒരു new line character മാറിയതോണ്ടാണോ സ്ത്രീസ്വാതന്ത്ര്യം ഇല്ലാതായതു്(ഇവ്വിധമായതു്)? അല്ലെങ്കിലും പണ്ടത്തെ ആ പീനല്‍ കോഡൊക്കെ ആരെങ്കിലും ഇപ്പോള്‍ നോക്കാറുണ്ടോ?

ഞാന്‍ സ്ത്രീസ്വാതന്ത്ര്യത്തിനെതിരാണോന്നാണോ ചോദ്യം? എനിയ്ക്ക് സ്ത്രീകളെ ഇഷ്ടമാണു്!

Hackers or Crackers?

When will these journalists understand the difference between the _Hacker_ and Cracker?
See these two news
1. ADMK website hacked again
2. Hacker who stole bank details held
3. Goa govt web site hacked by Turkish hacker

Dear journalists, Could you please find time to read these?
http://fci.wikia.com/wiki/IfYouAre#journalist
http://en.wikipedia.org/wiki/Hacker
http://fci.wikia.com/wiki/Hackers
Hackers are not Crackers

ബന്ധുക്കളെയറിയാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍

കഴിഞ്ഞ ഞായറാഴ്ച എന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനമായിരുന്നു. ധാരാളം ബന്ധുക്കളെ നേരില്‍ കാണാന്‍പറ്റി. നാട്ടില്‍ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ എന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കളെയൊക്കെ ചോദിച്ചുപരിചയപ്പെട്ടു. അമ്മാവന്റെ അളിയന്റെ അനുജന്റെ ചെറിച്ചന്റെ മകളുടെ…വലിയച്ചന്റെ മകന്റെ ഭാര്യയുടെ അമ്മാവന്റെ അമ്മായിയുടെ… ഹൊ വലിയ കുടുംബമായാലുള്ള ബുദ്ധിമുട്ടേയ്…!!! ഇതൊക്കെ എങ്ങനെ ഓര്‍ത്തു വയ്ക്കും? ഹും…വഴിയുണ്ട്…!!!

കുടുംബവൃക്ഷത്തിലെ ആളുകളുടെ വിവരങ്ങളെ ശേഖരിയ്ക്കാനും അവയെ വിശകലനം ചെയ്യാനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഗ്രാമ്പ്സ് (GRAMPS – Genealogical Research and Analysis Management Programming System)
ഗ്രാമ്പ്സ് ഉപയോഗിച്ച് നിങ്ങളുടെ കുടുംബവൃക്ഷത്തിലെ ഓരോ ബന്ധുക്കളുടെയും പേരു്, ബന്ധം, ജനനത്തീയതി, വിലാസം, പടം, കുറിപ്പുകള്‍, ഭാര്യ, ഭര്‍ത്താവു് , കുട്ടികള്‍ , അവരുടെ ബന്ധുക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയ മിക്ക വിവരങ്ങളും ശേഖരിയ്ക്കാം. ഒരാളെ തിരഞ്ഞെടുത്ത് അയാളുടെ വംശവൃക്ഷം ഗ്രാഫിക്കലായി കാണാം(pedigree). പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. യുണിക്കോഡ് സപ്പോര്‍ട്ടുള്ളതുകൊണ്ട്, മലയാളത്തില്‍തന്നെ നിങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിയ്ക്കാം. കുറച്ചു ഭാഷകളില്‍ റിലേഷന്‍ഷിപ്പ് കാല്‍ക്കുലേറ്ററുണ്ട്. ഇതു് മലയാളത്തിന് ഇപ്പോള്‍ ലഭ്യമല്ല(രണ്ട് പേരെ തിരഞ്ഞെടുത്താല്‍ ഒരാള്‍ മറ്റേയാളുടെ അച്ഛനാണു് അല്ലെങ്കില്‍ അമ്മായിയപ്പനാണെന്നു് പറയുന്ന വിദ്യ! എങ്ങനെയൂണ്ടു്? ആര്‍ക്കെങ്കിലും മലയാളം പിന്തുണ ചേര്‍ക്കണമെന്നു് തോന്നുന്നോ?)
ഇന്‍സ്റ്റാള്‍ ചെയ്യാന്‍:
ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍:
a)സിനാപ്ടിക് ഉപയോഗിച്ചു് gramps എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക
അല്ലെങ്കില്‍
b)apt-get install gramps
മറ്റു ഡിസ്ട്രിബ്യൂഷനുകള്‍ ഉപയോഗിയ്ക്കുന്നവര്‍ യം മുതലായ പാക്കേജ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുക

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്രയോഗങ്ങള്‍->ഓഫീസ്->GRAMPS Geneology System(Applications->Office->Gramps Geneology System) എന്നെടുത്തു് പ്രവര്‍ത്തിപ്പിയ്ക്കാം
ഉപയോഗിയ്ക്കാന്‍ പ്രത്യേകിച്ചു് ബുദ്ധിമുട്ടൊന്നുമില്ല. എല്ലാം സ്വയം മനസ്സിലാക്കി ചെയ്യാവുന്നതേയുള്ളൂ. ആദ്യം ചേര്‍ക്കുന്ന ആളെ അടിസ്ഥാനമാക്കിയാണു് ബന്ധങ്ങളുടെ കണക്കുക്കൂട്ടല്‍. ഇയാളെ ഹോം പേഴ്സണ്‍ എന്നു് പറയും. ഇത് വേണമെങ്കില്‍ പിന്നിട് മാറ്റാം.. ആളുകളെ ചേര്‍ക്കാന്‍ People എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നെ പുതിയ ഒരു കുടുംബം ചേര്‍ക്കാന്‍ Familiy List എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചേര്‍ത്ത വിവരങ്ങളെല്ലാം എപ്പോള്‍ വേണമെങ്കിലും തിരുത്താം.
റിപ്പോര്‍ട്ട്സ് മെനുവില്‍ നിന്നു് പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. HTML അടക്കം…

ചില സ്ക്രീന്‍ ഷോട്ടുകള്‍…