മഹാഭാരതപ്രഭാഷണപരമ്പര – സുനിൽ പി ഇളയിടം

ഡിസംബർ അവസാനവാരം പാലക്കാട് ജില്ലാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശ്രീ സുനിൽ പി ഇളയിടം അഞ്ചു ദിവസം നീണ്ടുനിന്ന ‘മഹാഭാരതം: സാംസ്കാരിക ചരിത്രം’ എന്ന വിഷയത്തിലുളള പ്രഭാഷണപരമ്പര നടത്തുകയുണ്ടായി. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും പ്രഭാഷണത്തിന്റെ വീഡിയോ നല്ല നിലവാരത്തിൽ ഷാജി മുള്ളൂക്കാരൻ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോകൾക്ക് വൻപ്രചാരമാണ് ലഭിച്ചതു്. ആദ്യഭാഗം കേട്ടുതുടങ്ങിയപ്പോഴേ മനസ്സിലായി, പന്ത്രണ്ട് മണിക്കൂറോളമുള്ള ഈ പ്രഭാഷണം തീർച്ചയായും കേട്ടിരിക്കേണ്ടതാണെന്ന്. ഒഴിവുസമയങ്ങളിലും യാത്രകൾക്കിടയിലുമൊക്കെയായി മുഴുവൻ കേട്ടുതീർത്തു.

മഹാഭാരതത്തിന്റെ ആധ്യാത്മമോ മതപരമോ ആയ വസ്തുതകളല്ല സുനിൽ പി ഇളയിടം വിശകലനം ചെയ്യുന്നതു്. ചരിത്രത്തിൽ മഹാഭാരതം വികസിച്ചു വന്ന നാൾവഴികൾ, ആ വികാസത്തെ സ്വാധീനിച്ച സാംസ്കാരിക, രാഷ്ട്രീയ ഘടകങ്ങൾ, തിരിച്ച് മഹാഭാരതം സ്വാധീനിച്ച ചരിത്രത്തിന്റെ വഴികൾ, മഹാഭാരതത്തിന്റെ പലപതിപ്പുകളും അതിന്റെ ക്രിട്ടിക്കൽ എഡിഷനും, ഗീതയുടെ ചരിത്ര പശ്ചാത്തലവും കാലഗണനയും എന്നിവയൊക്കെയാണ് പ്രഭാഷണത്തിൽ ചർച്ച ചെയ്യുന്നതു്. വിഷയത്തിനെപ്പറ്റിയും, വിഷയത്തിനു പുറത്ത് ബന്ധപ്പെട്ട കഥകളും സമകാലിക സംഭവങ്ങളും, രാഷ്ട്രീയവും ഒക്കെയായി പാണ്ഡിത്യം തുളുമ്പുന്ന തടവില്ലാത്ത കാവ്യാത്മകമായ പ്രഭാഷണം എന്തുകൊണ്ടും നല്ലൊരു വൈജ്ഞാനികാനുഭവമാണു് തന്നതു്. ചരിത്രത്തെപ്പറ്റിയും മഹാഭാരതത്തെപ്പറ്റിയുമുള്ള എന്റെ കാഴ്ചപ്പാടിനെ ഈ പ്രഭാഷണം വല്ലാതെ മാറ്റിമറിച്ചു. വർഷങ്ങൾക്ക് മുമ്പ് മതപരമോ ഐതിഹാസികപരമോ ആയും പിന്നീട് വെറും യുക്തിവാദപരമായും മാത്രം കണ്ടിരുന്ന മഹാഭാരതം, അതിനെല്ലാമപ്പുറത്തു് നമ്മുടെ ചരിത്രത്തിനെപ്പറ്റിയും സ്വത്വബോധത്തെപ്പറ്റിയും ദേശീയതയെപ്പറ്റിയുമൊക്കെ ആഴത്തിലുള്ള അറിവുകൾ തേടാനുള്ള മാർഗമായി ഇപ്പോഴാണു് ഞാൻ മനസ്സിലാക്കുന്നതു്. പ്രഭാഷണത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ, സംഭവങ്ങൾ, കൃതികൾ എന്നിവയെപ്പറ്റി കൂടുതൽ വായിക്കാനുമാഗ്രഹിക്കുന്നു.

comments powered by Disqus