ബഷീറിന്റെ മാന്ത്രികപ്പൂച്ച ധ്വനി വായിച്ചപ്പോള്‍

ഇക്കൊല്ലത്തെ ഫോസ് ഇന്ത്യാ അവാര്‍ഡ് നേടിയ ധ്വനി എന്ന ടെക്സ്റ്റ് റ്റു സ്പീച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം വായിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ സൌണ്ട് ഫയലുകള്‍ താഴെക്കൊടുക്കുന്നു.

mp3 format (1.3 MB)
ogg format (402 KB)

ഇതിലേതെങ്കിലും ഒന്നു് ഡൗണ്‍ലോഡ് ചെയ്തു് കേട്ടുനോക്കൂ…

എന്താ ചങ്ങാതിമാരേ, കമ്പ്യൂട്ടര്‍ മലയാളം പറയുന്നതു് കേട്ടു് വല്ലതും മനസ്സിലായോ? 🙂 ഇതാണു് ധ്വനി വായിയ്ക്കാന്‍ ശ്രമിച്ചതു്:

“ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം ധ്വനി വായിക്കുന്നു.

ഒരു മാന്ത്രിക പൂച്ചയുടെ അവതാരത്തെപ്പറ്റിയാകുന്നു പറയാന്‍ പോകുന്നതു്. പണ്ടു പണ്ടു മുതല്‍ക്കേ അത്ഭുതങ്ങള്‍ ഒരുപാടു് ഒരുപാടു് ഈ ഭൂലോകത്തു് സംഭവിച്ചിട്ടുണ്ടല്ലോ. അത്തരം ഗൌരവമുള്ള കാര്യമല്ലിതു്. ഇതൊരു സാധാരണ പൂച്ചയായി ജനിച്ചു. പിന്നെങ്ങനെയാണു് ഇതൊരു മാന്ത്രിക പൂച്ചയായതു്? പ്രശ്നത്തിന്റെ അകത്തു ലേശം തമാശയുണ്ടു്. ഇതു ലോകത്തിലെ ആദ്യത്തെ മാന്ത്രിക പൂച്ചയാണോ? സംശയമാണു്. പ്രപഞ്ചചരിത്രത്തിന്റെ ഏടുകള്‍ ക്ഷമയോടെ മറിച്ചു നോക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ ഒത്തിരി ഒത്തിരി കണ്ടെന്നുവരാം. അന്നൊരു പക്ഷേ ആരും ശ്രദ്ധിച്ചു കാണുകയില്ല. ഇപ്പോള്‍, ദാ, ഒരു സുവര്‍ണാവസരം. ശ്രദ്ധിക്കുക: ചുവന്ന കണ്ണുകള്‍, ചിരിക്കുന്ന മുഖഭാവം, ചെവികളിലും മുതുകിലും വാലിലും ലേശം ചുമപ്പു രാശിയുണ്ടു്. ബാക്കി എല്ലാം തൂവെള്ള. തറച്ചു മുഖത്തു നോക്കി മ്യാഓ എന്നു പറയുന്നതു കേട്ടാല്‍ വാരിയെടുത്ത് ഓമനിക്കാന്‍ തോന്നും.”

മലയാളം കൂടാതെ വേറെ 7 ഭാരതീയ ഭാഷകള്‍ കൂടി ധ്വനി ‘വായിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു’.

6 thoughts on “ബഷീറിന്റെ മാന്ത്രികപ്പൂച്ച ധ്വനി വായിച്ചപ്പോള്‍”

 1. അടിപൊളി! റ്റ, ന്റ എന്നിവയിലെ റയെ റ ആയി വായിക്കുന്നതും പൂര്‍ണ്ണവിരാമത്തിനു ശേഷം ആവശ്യത്തിനു നിര്‍ത്തില്ലാത്തതും മാത്രമേ എടുത്തു പറയത്തക്ക വൈകല്യങ്ങളായി എനിക്കു തോന്നുന്നുള്ളൂ.

 2. ഉമേഷ്‌ പറന്‍ഞ്ഞതു പൊലെ സംഗതി അടിപൊളി.തിരിച്ചു റ്റെക്സ്റ്റ്‌ ആക്കാനും സംവിധാനം ഉണ്ടോ, ഫോസ്സ്‌ സമ്മാനം കിട്ടിയ വിവരം മെയിലിംഗ്‌ ലിസ്റ്റില്‍ നിന്നും അറിഞ്ഞിരുന്നു..അഭിനന്ദനങ്ങള്‍

 3. പ്രവീണ്‍,ഉമേഷ്‌ജീ, നന്ദി 🙂
  റ്റ, ന്റ എന്നിവ ശരിയാക്കാം.
  പൂര്‍ണ്ണവിരാമത്തിനു ഗ്യാപ് സൗണ്ട് ഇത്തിരി കൂടുതല്‍ ഇട്ടു നോക്കിയതാണു്. പക്ഷേ സ്വതേ പതുക്കെയുള്ള സ്പീച്ച് കുറേക്കൂടി വലിഞ്ഞുനീണ്ടതായി തോന്നി. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്നു നോക്കട്ടെ.

  തിരിച്ചു ടെക്സ്റ്റ് ആക്കാനുള്ള പ്രൊജക്റ്റാണു് SMC യുടെ “ശാരിക”. ശ്യാം ചെയൂന്ന ആ പ്രൊജക്റ്റിനിപ്പോള്‍ അമ്പതില്‍പ്പരം വാക്കുകള്‍ “കേട്ടറിഞ്ഞ്” മനസ്സിലാക്കാന്‍ പറ്റും. വിന്‍ഡോ മിനിമൈസ് ചെയ്യുക, പാട്ട് പാടിപ്പിക്കുക, തുടങ്ങിയ അത്യാവശ്യം കമ്പ്യൂട്ടര്‍ പരിപാടികള്‍ മുമ്പിലിരുന്നു് മലയാളത്തില്‍ ആജ്ഞാപിച്ചാല്‍ നടക്കും! ഡെവലപ്പ്മെന്റിലായതുകൊണ്ടു് ഒന്നും റിലീസ് ചെയ്തിട്ടില്ല. കോഡ് വേണമെങ്കില്‍ SMC യുടെ ഗിറ്റീല്‍ നിന്നെടുക്കാം.

  ഈ ശബ്ദത്തിന്റെ ഉടമയാരാന്നറിയണോ? ഡോ: രമേഷ് ഹരിഹരന്‍(IISC Banglore)

 4. മ്യാവൂ, മ്യാവൂ… ഈ ‘ധ്വനി‘ കേട്ടിട്ടു വാരിയെടുത്തുമ്മവെയ്ക്കാന്‍ തോന്നുന്നു. ഇന്നല്ലെങ്കില്‍ നാളെ എല്ലാര്‍ക്കും തോന്നും ഇങ്ങനെ.

  സന്തോഷ് കൃഷ്ണമാനേയെപ്പറ്റി- അഥവാ അന്ധര്‍ക്കുള്ള റ്റെക്സ്റ്റ് റ്റു സ്പീച് പദ്ധതിയെപ്പറ്റിയുള്ള പോസ്റ്റും പിന്നെ ധ്വനിയുടെ മാന്ത്രികപ്പൂച്ചപ്പോസ്റ്റും വായിച്ച്‌ സന്തോഷവും അദ്ഭുതവും പറഞ്ഞറിയിക്കാനാവാത്തവിധം തോന്നുന്നു.

  നന്ദി പോസ്റ്റുകള്‍ക്ക്. ഗവേഷണത്തിനു ഭാവുകങ്ങളും ആശംസകളും അഭിനന്ദനങ്ങളും.

  ഈ പോസ്റ്റിന്റെ ലിങ്ക് എനിയ്ക്കയച്ചുതന്ന സുഹൃത്തിനും നന്ദി.
  -ജ്യോതിര്‍മയി.

 5. നന്ദി ജ്യോതിര്‍മയി.
  ധ്വനിയുടെ കോഡിങ്ങ് സമയത്ത്(മലയാളം മോഡ്യൂള്‍) എന്നെ ഏറെക്കുഴക്കിയതും എന്നാല്‍ രസകരവുമായ ഒരു ഫീച്ചറാണു് അക്കങ്ങളുടെ വായന. അതായതു് 9999 എന്നതിനെ ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് എന്നാക്കി മാറ്റുന്ന ലോജിക്.വളരെക്കുറച്ച് പാറ്റേണും ധാരാളം അപവാദങ്ങളൂം ഉള്ളതാണല്ലോ നമ്പറുകളുടെ മലയാളം വായന.. എന്തായാലും ഒരു കോടി വരെയുള്ളതു് ഇപ്പോള്‍ ധ്വനി വായിക്കും. അതില്‍ കൂടുതലുള്ളതു് മിക്കവാറും ഫോണ്‍നമ്പര്‍,ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ എന്നിങ്ങനെയാവാനാണു് സാധ്യത എന്നതിനാല്‍ സ്ഥാനം നോക്കാതെ ഓരോ അക്കവും വെവ്വേറെ വായിക്കും…ദശാംശസംഖ്യകളും ശരിയായി വായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.