മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?

ഇംഗ്ലീഷ് ലേഖനം Is Microsoft the Great Satan?
പരിഭാഷ: സന്തോഷ് തോട്ടിങ്ങല്‍

സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനാകെ നാശം വരുത്തുന്ന ചെകുത്താനായിട്ടാണു് മൈക്രോസോഫ്റ്റിനെ പലരും കരുതുന്നതു്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിയ്ക്കുക എന്നൊരു പ്രചരണവമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടു് വിരോധം കാണിയ്ക്കുക വഴി മൈക്രോസോഫ്റ്റ് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിയ്ക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കുകയും അതുവഴി അവരുടെ അവകാശപ്പെട്ട സ്വാതന്ത്യം നിഷേധിയ്ക്കുകയും വഴി.

പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല.

മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തകസോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല, മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും.

1998 ഒക്ടോബറില്‍ പുറത്തുവിട്ട “ഹാലോവീന്‍ രേഖകളില്‍ ” സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും,രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി.

വികസനവിരോധികളായ ഇത്തരം നിരോധനങ്ങള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് ഇതവര്‍ ചെയ്തിരുന്നതു് പരസ്പരം ആക്രമിയ്ക്കുന്നതിനായിരുന്നു, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ ആ മാറ്റം വലിയ വ്യത്യാസമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. കാരണം, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നു,’ലക്ഷ്യത്തെ മാത്രമല്ല’.

രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അതു് നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. കുറച്ചുകൂടിയ വര്‍ദ്ധിച്ച രീതിയില്‍ ഭാവിയില്‍ നാം അവ പ്രതീക്ഷിയ്ക്കണം. പക്ഷേ മൈക്രോസോഫ്റ്റില്ലെങ്കിലും നടക്കാന്‍ പോകുന്നതിനു് യാതൊരു മാറ്റവുമില്ല. “ഹാലോവീന്‍ രേഖകളുടെ” പ്രാധാന്യം എന്താണെന്നു ചോദിച്ചാല്‍, ഗ്നു/ലിനക്സ് സിസ്റ്റം വന്‍വിജയമാകാനുള്ള സാധ്യത മൈക്രോസോഫ്റ്റ് കണ്ടുതുടങ്ങി എന്നതാണു്.

നന്ദി മൈക്രോസോഫ്റ്റ്, പക്ഷേ ദയവായി ഞങ്ങളുടെ വഴിയില്‍ നിന്നു് മാറൂ.

17 Responses to “മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?”

 1. chandrasekharannair says:

  ആന്റി പൈറസി റയിഡ് നടത്തി കേരളത്തില്‍ ഉമ്മാക്കി കാട്ടിയ ശേഷം ഡീലേഴ്സ് അസോസിയേഷന്‍ പ്രതിനിധികളെ വിളിച്ചു ചേര്‍ത്ത് നടപടി എടുക്കില്ല എന്ന് പറഞ്ഞ് ഒരു രഹസ്യ അജണ്ട നടപ്പിലാക്കിയതിന്റെ പ്രതിഫലനം അനൂപിന്റെ ഒരു പോസ്റ്റില്‍ കാണുകയുണ്ടായി. മൈക്രോസോഫ്റ്റ് പൈറസിയെ പ്രോത്സാഹിപ്പിക്കുകയല്ലെ ചെയ്യുന്നത്? സ്കൂളുകളില്‍ പോലും 22 സിസ്റ്റം ഗ്നു-ലിനക്സും ഒരെണ്ണം ഓഫീസില്‍ വിന്‍ഡോസും. ഇതും ഒരു കുതന്ത്രം അല്ലെ. 1500 രൂപയ്ക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം നല്‍കി 40,000 രൂപ വിലപിടിപ്പുള്ളതുള്‍പ്പെടെ അനേകം സോഫ്റ്റ്വെയറുകള്‍ വില്‍ക്കുകയാണല്ലോ ലക്ഷ്യം. പലതുള്ളി പെരുവെള്ളം.

 2. N.J ജോജൂ says:

  മൈക്രോസോഫ്റ്റ് തരംതാണ വിപണന തന്ത്രങ്ങള്‍ പയറ്റുന്നുണ്ടെന്നതു് സത്യമാണ്. പക്ഷേ ഞങ്ങള്‍ പൈറേറ്റഡ് വിന്‍ഡോസേ ഉപയോഗിയ്കൂ എന്നു പറയാന്‍ പാടില്ലല്ലോ.

  ആന്റീ പൈറസി റൈയ്ഡ് മൈക്രോസോഫ്റ്റിനെ സഹായിയ്ക്കാനാണെങ്കില്‍ കൂടി അതില്‍ തെറ്റൊന്നുമില്ല. കോപ്പീ റൈറ്റുള്ള സോഫ്റ്റ്വയറ് തോന്നിയതുപോലെ ഉപയോഗിയ്ക്കാന്‍ പടുള്ളതല്ല. അതിനു കേസെടുത്തെങ്കില്‍ കണക്കായിപ്പോയി.

  അതേ സമയം സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഉപയോഗിയ്ക്കാമുള്ള എന്റെ സ്വാതന്ത്യത്തെ മൈക്രോസോഫ്റ്റിനു ചോദ്യം ചെയ്യാനാവില്ലല്ലോ.

  ഒന്നുകില്‍ സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ ഉപയോഗിയ്ക്കുക, അല്ലെങ്കില്‍ ലൈസന്‍സുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിയ്ക്കുക. അല്ലാതെ സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിയ്ക്കുകയുമില്ല പൈറേറ്റഡ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിയ്ക്കുണം എന്നു പറയുകയും ചെയ്യുന്നത് അംഗീകരിയ്ക്കാനാവില്ല.

 3. എസ് പി ഹോസെ says:

  :-) ജോജുവിനോടു യോജിക്കുന്നു.

  അമേരിക്കയിലെ മുഴുവന്‍ ഒബീസിറ്റിയ്ക്കും കാരണക്കാര്‍ ആരാ ?

  മക്ഡൊണാള്‍ഡ്സ് !

  എന്നാലോ; രാവിലെ എവിടെനിന്നെങ്കിലും ഫാസ്റ്റ്ഫുഡ് ഇല്ലാതെ പറ്റില്ല താനും.

 4. കിരണ്‍ തോമസ് തോമ്പില്‍ says:

  ജോജു 100% യോജിക്കുന്നു. ആന്റി പൈറസി റെയ്‌ഡ് നടത്തി പൈറസി കണ്ടുപിടിച്ചാല്‍ അതെങനെ തെറ്റാകും എന്ന് എത്ര ആലോചിചിട്ടും മനസ്സിലാകുന്നില്ല. എല്ലാവര്‍ക്കും സ്വതന്ത്ര സോഫ്റ്റ് വെയറിലേക്ക് മാറാനുള്ള അവകാശമുണ്ടല്ലോ. അത് ഇത്ര നല്ലതതാണെങ്കില്‍ പിന്നെ എന്തിന് മൈക്രോ സോഫ്റ്റിന്റെ നെഞ്ചത്ത് കയറണം. അതിന്റെ ഗുണങ്ങള്‍ പറഞ്ഞ് എല്ലാവര്‍ക്കും കൊടുത്ഥാല്‍ പോരേ. പിന്നെ എന്തേ അത് എല്ലാവരും ഉപയോഗിക്കാതെ മൈക്രോസോഫ്റ്റിന്റെ പിന്നാലെ പോകുന്നു. അതിന്റെ കള്ള വേര്‍ഷന്‍ തന്നെ ഉപയോഗിക്കണമെന്ന് എന്തിന് വാശി പിടിക്കുന്നു. ഉപേഷിക്കൂ വിന്റോസ് കൈക്കലാക്കൂ ലിനക്സ്. എന്തിന് സംസ്ഥാന സര്‍ക്കാരു പോലും ലിനക്സിനെ പിന്‍‌തുണക്കുന്നു. പിന്നെ ആര്‍ ഇവിടെ ലിനക്സിന്റ വളര്‍ച്ചക്ക് എതിര്‍് നില്‍ക്കുന്നു.

 5. സന്തോഷ് തോട്ടിങ്ങല്‍ says:

  ഫ്രീ സോഫ്റ്റ്വെയര്‍ ഡെയിലിയുടെ ഈ ആഴ്ചത്തെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തകളില്‍ ടോപ്പ് ആയ വാര്‍ത്ത കാണൂ..
  Teachers becoming Free Software advocates as GNU/Linux finds its perfect home in Kerala’s schools

 6. കടവന്‍ says:

  :-) ജോജുവിനോടു യോജിക്കുന്നു.
  കിരണ്‍ തോമസ് തോമ്പില്‍നോടു യോജിക്കുന്നു . 100%

 7. N.J ജോജൂ says:

  കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ കേരളാസ്കാന്‍ എന്ന പരിപാടിയിലായിരുന്നു ആന്റീ പൈറസി റെയ്ഡിനെ പരിഹസിച്ചുകണ്ടത്(അങ്ങനെതന്നെ പറയാം). ഇവര്‍ക്ക് സ്വതന്ത്രസോഫ്റ്റ്വെയറെന്താണെന്നോ മൈക്രോസോഫ്റ്റ് എന്താണെന്നോ അറിയാമോ എന്നു സംശയമുണ്ട്. അച്യുതാനന്ദന്‍ മൈക്രോസോഫ്റ്റിനെ ഭീഷണിപ്പെടുത്തുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി.

  വിദ്യാര്‍ത്ഥികളെ സ്വതന്ത്രസോഫ്റ്റ് വെയറുകളില്‍ പരിശീലിപ്പിയ്ക്കാനേ സാമ്പത്തികമായ സാഹചര്യങ്ങള്‍ അനുവദിയ്ക്കൂന്നുള്ളൂ എന്നു പറഞ്ഞാല്‍ മനസിലാക്കാം. തന്നെയുമല്ല ലിനക്സ് പരിചിതമാവുകയും വേണം. പക്ഷേ സ്വതന്ത്രസോഫ്റ്റുവെയറുകളേ പാടുള്ളൂ എന്നു പറയരുത്.

  ഇന്ത്യയെപ്പോലെ ഒരു ഔട്ട് സോര്‍സിംഗ് രാജ്യത്ത് സംബന്ധിച്ചിടത്തോളം കുത്തക സോഫ്റ്റ് വെയറുകളും പ്രാധാന്യമുള്ളതു തന്നെയാണ്.

  ചുരുക്കത്തില്‍ നമുക്ക് കുത്തക സോഫ്റ്റ് വെയറുകളും വേണം സ്വതന്ത്രസോഫ്റ്റ് വെയറും വേണം.

 8. കിരണ്‍ തോമസ് തോമ്പില്‍ says:

  ജോജൂ ഞാനും ആ പരിപാടി കണ്ടിരുന്നു. മൈക്രോസോഫ്റ്റിനെ എതിര്‍ക്കാന്‍ വേണ്ടി മുന്‍വിധിയോടെ ഉണ്ടാക്കിയതാണ്‌ ഇതെന്ന് കണ്ടാല്‍ അറിയാം. തികച്ചും ദുര്‍ബലമായ വാദങ്ങള്‍. പിന്നെ കുറെ ലിനക്സ്‌ വാദികള്‍ മൈക്രോസോഫ്റ്റിനെപ്പറ്റി കുറ്റം പറയുന്നു.കൂടെ മുഖ്യമന്ത്രിയുടെ IT ഉപദേഷ്ടാവിന്റെ ലിനക്സ്‌ വാദങ്ങളും. ലിനക്സിനൊരു സോഷ്യലിസ്റ്റ്‌ വിപ്ലവ ലൈനുണ്ട്‌ എന്നതും മൈക്രോസോഫ്റ്റ്‌ കുത്തക ഭീമനുമായതുകൊണ്ട്‌ ഇത്‌ വായിത്തരി അടിക്കാന്‍ നല്ലതാണ്‌. ഈ പരിപാടി കണ്ടാല്‍ പോലീസെന്തോ വലിയ അപരാധം ചെയ്ത പോലെയാണ്‌. ഇത്‌ കണ്ടപ്പോള്‍ എനിക്ക്‌ ഓര്‍മ്മവന്നത്‌ വ്യാജ സി.ഡി. വേട്ടയാണ്‌. അതില്‍ ഉല്‍പ്പാദകര്‍ക്ക്‌ പരാതികളില്ലാത്ത ഒര്‍ജിനല്‍ സിഡികളുടെ കോപ്പിയും പിടിച്ചെടുക്കപ്പെട്ടപ്പോള്‍ നിയമ ലംഘനങ്ങള്‍ പരാതിയിലെങ്കിലും നടപടി വിധേയമാണ്‌ എന്ന് പറഞ്ഞ്‌ കൈയടിച്ചവരാണ്‌ ഇവിടെ മൈക്രോസോഫ്റ്റിന്റെ റെയിഡിനെതിരെ തിരിയുന്നത്‌.

  വിന്റോസ്‌ വേണ്ടത്തവര്‍ അത്‌ ബഹിഷ്ക്കരിക്കട്ടെ ലിനക്സ്‌ ഉപയോഗിക്കട്ടേ. കുത്തക ഭീമനില്‍ നിന്ന് രക്ഷപ്പെടട്ടെ. അതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഇവര്‍ക്കുള്ളപ്പോള്‍ എന്താണ്‌ പ്രശ്നം എന്ന് മാത്രം മനസ്സിലാകുന്നില. പിന്നെ ലിനക്സ്‌ ലിനക്സ്‌ എന്നൊക്കെപ്പറയുന്നവര്‍ അതുപയോഗിച്ച്‌ നോക്കിയിട്ട്‌ പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ഒരു അഭിപ്രായവും എനിക്കുണ്ട്‌. ഞാന്‍ തോറ്റ്‌ സലാം പറഞ്ഞതാണ്‌. ലിനക്സും ഒപ്പണ്‍ ഓഫീസും യുഡോറയുമൊക്കെയാി ഒരു കമ്പനിയില്‍ 8 മാസം ജോലി ചെയ്യേണ്ട ഗതികേട്‌ എനിക്കുണ്ടായി. അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക്‌ കണക്കില്ല. എന്റ അഭിപ്രായത്തില്‍ ആ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നമ്മള്‍ പണം നല്‍കി മൈക്രോസോഫ്റ്റ്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു ഇത്‌ ബുദ്ധിമുട്ടാകാതെ തോന്നുന്നവര്‍ ലിനക്സും മറ്റ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നു. അത്രമാത്രം. എല്ലാം അവനവന്റെ താല്‍പര്യം.

 9. pravi says:

  ചന്ദ്രേട്ടാ, 1500 രൂപയോണോ 40,000 രൂപയാണോ അതോ വെറുതേ കൊടുക്കുകയാണോ എന്നതൊന്നും ഒരു പ്രശ്നവുമല്ല. ഉപയോക്താക്കള്‍ക്കതു് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നതാണു് പ്രശ്നം, അതു് മാത്രമേ ഒരു പ്രശ്നമുള്ളൂ.

  സ്വതന്ത്ര സോഫ്റ്റുവെയര്‍ അല്ലെങ്കില്‍ ലൈസന്‍സ്ഡ് എന്നു് പറയേണ്ട കാര്യമില്ല. എല്ലാ സ്വതന്ത്ര സേഫ്റ്റ്‌വെയറുകളും (പബ്ലിക് ഡൊമൈനിലുള്ള ചിലതൊഴിച്ചു്, അവയ്ക്കാണെങ്കില്‍ ലൈസന്‍സ് പോയിട്ടു് കോപ്പിറൈറ്റേ ഇല്ല, ആര്‍ക്കും എന്തു് വേണേലും ചെയ്യാം) ലൈസന്‍സ്ഡ് തന്നെയാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കു് സ്വതന്ത്ര ലൈസന്‍സും കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കു് കുത്തക ലൈസന്‍സും എന്നതാണു് വ്യത്യാസം.

  കിരണ്‍, അടുത്തുള്ളൊരു പള്ളിക്കൂടത്തിലൊന്നു് പോയി നോക്കൂ, പിള്ളേരെന്താണുപയോഗിയ്ക്കുന്നതെന്നു്. ഉപയോഗിയ്ക്കുന്ന കുട്ടികളോടൊന്നഭിപ്രായം ചോദിച്ചു് നോക്കൂ എങ്ങനെയുണ്ടെന്നു്.

 10. കിരണ്‍ തോമസ് തോമ്പില്‍ says:

  privi ലിനക്സ്‌ ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കട്ടേ. അത്‌ അവരുടെ ഇഷ്ടം അതിന്‌ മൈക്രോസോഫ്റ്റും ലിനക്സ്‌ പോലെ ആകണം എന്ന് പറയുന്നതിനോടെ എനിക്ക്‌ എതിര്‍പ്പുള്ളൂ. കുട്ടികള്‍ ലിനക്സ്‌ പഠിക്കട്ടെ ഒരു എതിര്‍പ്പുമില്ല. ലിനക്സിന്‌ ലിനക്സിന്റെ വഴി മൈരോസോഫ്‌റ്റിന്‍` അവരുടെ വഴി അത്രമാത്രം. സ്വന്തം സാധനത്തിനെ മേന്മ പറഞ്ഞ്‌ ഒന്ന് വില്‍ക്കുക എന്നതാണ്‌ നല്ല രീതി. അത്‌ ചെയ്ത്‌ മൈക്രോസോഫ്റ്റിനെ തോല്‍പ്പിക്കുക.

 11. Anivar says:

  ജോജുവിന്റെ മറുപടിയെ straw man position എന്നു വിളിക്കാം. മൈക്രോസോഫ്റ്റിനെപ്പറ്റിയുള്ള ലേഖനത്തിനല്ല ഇവിടെ ആരും പറഞ്ഞിട്ടില്ലാത്ത “ഞങ്ങള്‍ പൈറേറ്റഡ് വിന്‍ഡോസേ ഉപയോഗിയ്കൂ ” എന്ന അഭിപ്രായത്തിനാണ് ജോജു മറുപടി പറയുന്നത്. കിരണും പിന്തുടരുന്നത് അതേ വഴിതന്നെ. ഇവിടത്തെ ചര്‍ച്ചക്കുള്ള എന്റെ മറുപടി ഉടന്‍ ഒരു പോസ്റ്റായി വരുന്നു. എഴുതിക്കൊണ്ടിരിക്കുകയാണ്.

 12. jinsbond007 says:

  അഭിപ്രായം രേഖപ്പെടുത്താന്‍ വൈകിയതിനു ക്ഷമിക്കണം. ഇവിടെ എല്ലാവരും ആന്റി പൈറസി റെയ്ഡിനും ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിച്ചപ്പോഴും, ലേഖനത്തെപ്പറ്റി ഒരു വാക്കു പോലും സംസാരിച്ചു കണ്ടില്ല.

  ‘പൈറേറ്റഡ്'(ഓര്‍ക്കുക, ആരൊക്കെ കടല്‍ക്കോള്ളക്കാരല്ലെന്ന്.) വിന്‍ഡോസ് ഉപയോഗിക്കുന്നതിന്റെ സാമൂഹ്യ ശാസ്ത്രം അനിവര്‍ വിവരിച്ചതും എല്ലാവരും വായിച്ചിരിക്കുമെന്നു കരുതുന്നു.

  ഉപയോഗത്തിനുള്ള സ്വാതന്ത്ര്യം എന്തുമാത്രം വലുതാണെന്ന് നമുക്ക് മനസ്സിലാവാത്തത്, നമ്മള്‍ കൈകള്‍ കെട്ടിയിട്ട അവസ്ഥയില്‍ എത്താത്തതു കൊണ്ടാണെന്നു ഞാന്‍ പറയും.

  ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതിന് നേരെ എതിരെയുള്ള വ്യാഖ്യാനങ്ങളുമായി വാദങ്ങള്‍ കാണുമ്പോള്‍ സങ്കടമുണ്ട്.

 13. അനൂപ്‌ തിരുവല്ല says:

  അവര്‍ പണം മുടക്കിയുണ്ടാക്കിയ സാധനം അവര്‍ക്കിഷ്ടമുള്ള വിലയ്ക്ക് വില്‍ക്കട്ടെ. അതാവശ്യമുള്ളവര്‍ വാങ്ങട്ടെ. താല്‍പ്പര്യമില്ലാത്തവര്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിക്കട്ടെ. രണ്ടും രണ്ടുവഴിക്ക് പോകുന്നതുതന്നെയാണ് നല്ലത്.

 14. N.J ജോജൂ says:

  അനിവര്‍,

  ഞാന്‍ മറുപടി പറഞ്ഞത് ചന്ദ്രേട്ടന്റെ ആദ്യ കമന്റിനാണ്.

 15. Anivar says:

  ചന്ദ്രേട്ടന്റെ കമന്റും ഓഫ്‌ടോപ്പിക്കാണെന്നത് ശരിതന്നെ. പക്ഷേ ചന്ദ്രേട്ടന്റെ കമന്റും “പൈറേറ്റഡ് വിന്‍ഡോസെ ഉപയോഗിക്കൂ” എന്നു പറഞ്ഞിട്ടില്ലല്ലോ. ഒരു പക്ഷേ ഈ കമന്റു കൂട്ടത്തിലെ തമ്മില്‍ ഭേദപ്പെട്ട തൊമ്മന്‍ ചന്ദ്രേട്ടന്റെ കമന്റാണെന്നു തോന്നുന്നു

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>