നിഘണ്ടുക്കള്‍ ഗ്നു/ലിനക്സില്‍

വി.കെ ആദര്‍ശ് എഴുതിയ ഇത് ഇ-നിഘണ്ടുവിന്റെ കാലം എന്ന ലേഖനം വായിച്ചു. ഗ്നു/ലിനക്സു് പ്രവര്‍ത്തകസംവിധാനത്തില്‍ നിഘണ്ടുക്കള്‍ ഉപയോഗിയ്ക്കുന്നതെങ്ങനെയെന്നു് വിശദീകരിയ്ക്കാം.

പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കാം. ഇതു് പ്രത്യേകിച്ച് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ഒരു പണിയിടത്തില്‍ ആദ്യം മുതലേ ഉണ്ടായിരിയ്ക്കുന്ന ഒരു പ്രയോഗമാണിതു്. കാല്‍കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവ പോലെ.

ഈ നിഘണ്ടു ഒരു ക്ലയന്റ് -സെര്‍വര്‍ മോഡലില്‍ ഉള്ളതാണു്. ഡിക്ട് പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണു് ഇതു് പ്രവര്‍ത്തിയ്ക്കുന്നതു്. ഒരു സെര്‍വറില്‍ ഡിക്ട് പ്രവര്‍ത്തിയ്ക്കുന്നു. ഒന്നോ അതിലധികമോ ക്ലയന്റുകള്‍ക്ക് ഇതിന്റെ സേവനം നെറ്റ്‌‌വര്‍ക്കിലൂടെ കിട്ടുന്നു. 2628-ാം പോര്‍ട്ടിലൂടെ ടിസിപി ഉപയോഗിച്ചാണു് വിവരങ്ങളുടെ വിനിമയം. നമ്മുടെ നിഘണ്ടുവിന്റെ സ്വതേയുള്ള സെര്‍വര്‍ സജ്ജീകരിച്ചിരിയ്ക്കുന്നത് dict.org എന്ന വെബ്‌സൈറ്റിലാണു്. പക്ഷേ അതു് ഉപയോഗപ്പെടുത്തണമെങ്കില്‍ ഇന്റര്‍നെറ്റ് വേണമല്ലോ. അപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെത്തന്നെ ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കാം.

നിഘണ്ടു സെര്‍വറിനെ നമ്മളെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണാദ്യം വേണ്ടത്. അതെങ്ങെനെ ചെയ്യാം? apt-get install dictd തീര്‍ന്നു. ഇനി കമാന്റുപയോഗിയ്ക്കാന്‍ മടി ആണെങ്കില്‍ സിനാപ്ടിക് ഉപയോഗിയ്ക്കുക. ഫെഡോറ മുതലായ വിതരണങ്ങളില്‍ യം പോലുള്ള അതാതിന്റെ പാക്കേജ് മാനേജറുപയോഗിയ്ക്കുക.

വെറും സെര്‍വര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോര. ആവശ്യമുള്ള ഭാഷകളിലെ നിഘണ്ടുക്കള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണം.അതിനുള്ള എളുപ്പവഴി സിനാപ്ടിക് എടുത്ത് dictioanary എന്ന് തിരയുകയാണു്. ഏകദേശം 50 ലേറെ നിഘണ്ടുക്കള്‍ അതു് കാണിച്ചു തരും. ആവശ്യമുള്ള ഭാഷകള്‍ തിരഞ്ഞുപിടിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. dict-gcide (GNU version of the Collaborative International Dictionary of English)എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടുവായി. dict-freedict-eng-hin ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇംഗ്ലീഷ് -ഹിന്ദി നിഘണ്ടുവായി. അങ്ങനെയങ്ങനെ… ഇന്‍സ്റ്റാളേഷനെല്ലാം കഴിഞ്ഞു. ഇനി നിഘണ്ടു എങ്ങനെ ഉപയോഗിയ്ക്കാം എന്നു നോക്കാം. നേരത്തെ പറഞ്ഞ പോലെ നിഘണ്ടു ഇന്റര്‍നെറ്റിലെ dict.org ലെയ്ക്ക് നോക്കാനായിരിയ്ക്കും സ്വതവേയുള്ള സജ്ജീകരണം. നിഘണ്ടു സെര്‍വര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ ഉണ്ട്. സംഗതി കമ്പ്യ്യൂട്ടര്‍ തുടങ്ങുമ്പോളേ സ്വയം ഓടിത്തുടങ്ങും. അതുകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒന്ന് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇനിയിപ്പൊ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്ന വാശിയാണെങ്കില്‍ ടെര്‍മിനലെടുത്ത് dictd എന്ന ഉത്തരവിറക്കുക. ഉത്തരവിറക്കാന്‍ സാധാരണക്കാരനു് സാധിയ്ക്കില്ല. root എന്ന ഭീകരനായ ശേഷം ഉത്തരവിറക്കുക. sudo ഉപയോഗിച്ച് തത്കാലത്തേയ്ക്ക് root ആവുകയും ചെയ്യാം.

പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കുക. ചിട്ടപെടുത്തുക എന്ന മെനുവില്‍ നിന്ന് മുന്‍ഗണനകള്‍ എന്ന് ക്ലിക്കുക. തുറക്കുന്ന ജാലകത്തില്‍ ഉറവിടം എന്നതില്‍ ഡിഫോള്‍ട്ട് ഡിക്ഷണറി സെര്‍വറില്‍ രണ്ടുതവണ ആഞ്ഞു ക്ലിക്കിയാല്‍ തുറക്കുന്ന ജാലകത്തില്‍ dict.org എന്നതു മാറ്റി localhost എന്നാക്കുക. എന്നിട്ട് dictionaries എന്ന ടാബില്‍ നോക്കിയാല്‍ നിങ്ങള്‍ നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്ത നിഘണ്ടുക്കളെല്ലാം കാണാം. ഇപ്പൊ തുറന്ന ജാലകങ്ങളെല്ലാം അടയ്ക്കുക. മേല്‍പറഞ്ഞ പരിപാടികളെല്ലാം ആകെമൊത്തം ടോട്ടല്‍ ഒരേ ഒരു തവണ ചെയ്യേണ്ട പരിപാടികളാണു്. ഇനി മേലില്‍ നിഘണ്ടു എടുക്കുക, അര്‍ത്ഥം നോക്കുക എന്നതാണു് നിങ്ങള്‍ ചെയ്യേണ്ടത്. വേണ്ട നിഘണ്ടുക്കള്‍ അപ്പപ്പോള്‍ തിരഞ്ഞെടുക്കുക.

നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും വിന്‍ഡോസില്‍ ചുമ്മാ .exe ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് (I agree എന്നു് കുറ്റപത്രത്തില്‍ ഒപ്പിട്ട ശേഷം) ചുമ്മാ അര്‍ത്ഥം നോക്കിയാല്‍ പോരെ, ഇവിടെ ഇതെന്താ ഇത്രയൊക്കെ പരിപാടികളെന്ന്? അതിന്റെ കാരണം ഞാന്‍ കാണിച്ച സ്ക്രീന്‍ഷോട്ടുകളില്‍ നിന്നു് മനസ്സിലായിക്കാണുമെന്നു് വിചാരിയ്ക്കുന്നു. ലോകത്തെ എല്ലാ ഭാഷകള്‍ക്കുമായാണു് ഇത് രൂപകല്പന ചെയ്തിരിയ്ക്കുന്നതു്. ഒരാള്‍ക്കും, ഒരു നെറ്റ്‌വര്‍ക്കിലെ എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിയ്ക്കുന്ന വിധം. ബാക്കിയൊക്കെ ഉപയോഗിച്ചാല്‍ മനസ്സിലാവും

ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു ഉണ്ടാക്കണമെന്നു് ആര്‍ക്കെങ്കിലും ആശയുണ്ടെങ്കില്‍ അറിയിയ്ക്കുക. കഴിയുന്ന സഹായങ്ങള്‍ ചെയ്യാം.

ചേനക്കാര്യം: നിഘണ്ടുക്കള്‍ എന്നാണു് നമ്മള്‍ പറയാറു്. നിഘണ്ടുകള്‍ എന്നു് പറയാറില്ല. അതെന്തോണ്ടാ?

comments powered by Disqus