സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, GSOC Mentor Summit ല്‍ പങ്കെടുക്കുന്നു.

2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍ പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു.

പ്രവീണിന് യാത്രാമംഗളങ്ങള്‍ നേരുന്നു.

വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനരീതികള്‍ പരിചയപ്പെടുത്തുന്നതിനും അവരുടെ സര്‍ഗ്ഗാത്മകമായ സോഫ്റ്റ്‌‌വെയര്‍ സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഗൂഗിള്‍ ലോകമെങ്ങും നടത്തുന്ന പരിപാടിയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മാര്‍ഗ്ഗദര്‍ശിയെ ഈ സംഘടനയില്‍ നിന്ന് തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന സോഫ്റ്റ്‌വെയര്‍ സംരംഭ ആശയങ്ങള്‍ക്ക് ഗൂഗിള്‍ 4500 ഡോളര്‍ (ഏകദേശം 2 ലക്ഷം രൂപ) വീതം നല്‍കുന്നു. 4 മാസത്തെ സമയമാണ് അനുവദിക്കുക. ഇതിനിടയില്‍ 2 തവണ മൂല്യനിര്‍ണ്ണയം ഉണ്ട്. ഒന്നാം ഘട്ട മൂല്യ നിര്‍ണ്ണയം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ 1 ലക്ഷം രൂപ ലഭിക്കും, ബാക്കി അവസാന മൂല്യ നിര്‍ണ്ണയം പൂര്‍ത്തീകരിച്ചാലും. വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാവണമെന്ന നിര്‍ബന്ധമുണ്ട്. സംരംഭ ആശയങ്ങള്‍ സംഘടകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം.

ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മാര്‍ച്ച് മാസത്തിലായിരുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും പങ്കെടുക്കാനായുള്ള താത്പര്യം ഗൂഗിളിനെ അറിയിച്ചു. അവസാനം തെരഞ്ഞെടുക്കപ്പെട്ട സംഘടനകളില്‍ ഏക ഇന്ത്യന്‍ കൂട്ടായ്മ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയിരുന്നു. തുടര്‍ന്ന് സംരംഭ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്ഷണിച്ചു. 30 ഓളം ആശയങ്ങളില്‍ നിന്ന് 7 എണ്ണം ഗൂഗിളിനു സമര്‍പ്പിച്ചു. 5 സംരംഭങ്ങള്‍ ഗൂഗിള്‍ അംഗീകരിച്ചു.

അവ ഇവയായിരുന്നു:(http://code.google.com/soc/smc/about.html)

  1. ശാരിക മലയാളം സ്വരസംവേദിനി (Malayalam speech recognition system): Shyam Karanatt, MES Engg College Kutippuram (Mentor: Santhosh Thottingal)

  2. മലയാളം OCR : Antony FM : MES engg College Kuttippuram (Mentor: Anivar Aravind)

  3. മലയാളം ടൈപ്പിങ്ങ് ട്യൂട്ടര്‍ : Mobin Mohan and friends , Thrissur Govt Engg College(Mentor: Praveen A)

  4. മലയാളം നിവേശന രീതികള്‍ : Jinesh K, MES engg College kuttippuram(Mentor: Suresh P)

  5. ആര്‍ദ്രം മലയാളം യുണിക്കോഡ് കാലിഗ്രാഫി ഫോണ്ട്: ഹിരണ്‍ വേണുഗോപാല്‍ , VAST, Thrissur (Mentor: Hussain K H)

ഇതടക്കം മൊത്തം 8 വിദ്യാര്‍ത്ഥികള്‍ ആണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്..

SMC യുടെ കൂടെ ഈ സംരംഭത്തില്‍ പങ്കെടുത്തത് പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മകളായ ഡെബിയന്‍, ഗ്നോം, മീഡിയവിക്കി, അപാഷെ, എക്ലിപ്സ് , സോപ്, തുടങ്ങിയവയാണ്.

മെയ് മാസത്തില്‍ ഇവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജൂലായില്‍ നടന്ന ഒന്നാം വട്ട മൂല്യ നിര്‍ണ്ണയത്തില്‍ മലയാളം OCR സംരംഭം വേണ്ടത്ര പുരോഗതി കാണിക്കാത്തതുകൊണ്ട് പുറത്താക്കപ്പെട്ടു. ആഗസ്റ്റ് അവസാനം നടന്ന അവസാനവട്ട മൂല്യനിര്‍ണ്ണയത്തില്‍ എല്ലാ സംരംഭങ്ങളും നേരത്തേ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതു കൊണ്ട് വിജയിച്ചു.

ശാരിക, ആര്‍ദ്രം എന്നിവ പൂ‌ര്‍ണ്ണ ലക്ഷ്യം നേടുന്നതിനായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു..

ഈ വര്‍ഷത്തെ GSOC യില്‍ ഏകദേശം 900 ത്തോളം സംരംഭങ്ങള്‍ നടക്കുന്നുണ്ട്.

നേരത്തെതന്നെ SMC ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ലഭിച്ചെങ്കിലും വിസയില്ലാത്തതും യാത്രാ ചെലവ് ഭീമമായതിനാലും ആരെങ്കിലും പങ്കെടുക്കുന്ന കാര്യം സംശയമായിരുന്നു. 1200 ഡോളര്‍ ഗൂഗിള്‍ യാത്രാ ചെലവിലേക്ക് തരാമെന്ന് ഏറ്റിരുന്നെങ്കിലും അതുകൊണ്ട് വിമാന ടിക്കറ്റ് കിട്ടില്ലായിരുന്നു. ഒരു സംഘടനയില്‍ നിന്ന് 3 പേര്‍ക്ക് പങ്കെടുക്കാം. ഭക്ഷണം, താമസം എന്നീ ചെലവുകള്‍ ഗൂഗിള്‍ വഹിക്കും. അവസാനം ഒരു പ്രതിനിധിയുടെ മുഴുവന്‍ വിമാന ടിക്കറ്റും ഗൂഗിള്‍ തരാമെന്നേറ്റതോടെയാണ് പ്രവീണിന് പോകാനവസരം ലഭിച്ചത്. ഗൂഗിളിന് നന്ദി!!!.

വിദ്യാര്‍ത്ഥികളോട്,

മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുരോഗതിക്ക് ഉതകുന്ന ഏതെങ്കിലും ആശയങ്ങള്‍ നിങ്ങളുടെ മനസ്സിലുണ്ടോ? പഠനത്തോടൊപ്പം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയും 2 ലക്ഷത്തോളം രൂപ നേടുകയും ചെയ്യാം.. ഒരു കോളേജ് പ്രൊജക്ടിന് 2 ലക്ഷം രൂപ പ്രതിഫലം കിട്ടിയാല്‍ എങ്ങനെയിരിക്കും..ചിന്തിക്കൂ….പ്രൊജക്ട് ആശയങ്ങള്‍ മെനയൂ… SMC നിങ്ങള്‍ക്കൊപ്പം. അടുത്ത മാര്‍ച്ചില്‍ GSOC 2008 വരുമ്പോള്‍ പങ്കെടുക്കൂ…

ഇത്രയേ ഉള്ളൂ നിര്‍ബന്ധം: 1. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കണം.(എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയാവണമെന്ന് നിര്‍ബന്ധമില്ല.) 2. മലയാളം കമ്പ്യൂട്ടിങ്ങിനെ അടിസ്ഥാനമാക്കിയാവണം ആശയം. 3. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയിരിക്കണം.

ഇതു കാണൂ ….

google  gsoc  SMC 
comments powered by Disqus