കമ്പ്യൂട്ടറിന് മലയാളം പറഞ്ഞാല്‍ മനസ്സിലാകുമോ?

“വൈകീട്ടെന്താ പരിപാടി ?” ഇങ്ങനെ കമ്പ്യൂട്ടറിനോടു ചോദിച്ചാല്‍ അത് ഉത്തരം പറയും.. ഇങ്ങനെയായിരുന്നു കേരള കൗമുദിയുടെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ 15-ാം തിയ്യതിയിലെ റിപ്പോര്‍ട്ട് ആരംഭിച്ചത്. വായനക്കാര്‍ക്ക് കൗതുകം തോന്നിക്കാണും. മലയാളം കേട്ടാല്‍ മനസ്സിലാവുന്ന കമ്പ്യൂട്ടറോ ഏയ്… ഇവര്‍ വെറുതേ പറയുന്നതാ…
മലയാളത്തിലുള്ള ആജ്ഞകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കമ്പ്യൂട്ടര്‍… മുന്നിലിരിക്കുന്നയാള്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനുകള്‍…. പാട്ട് പാടാന്‍ പറയാന്‍ പറയുമ്പോള്‍ പാടുന്ന കമ്പ്യൂട്ടര്‍.(ആരവിടെ, ആ പാട്ടൊന്നു വയ്ക്കൂ 🙂 ) .. അത്യാവശ്യ വിവരങ്ങള്‍ മലയാളത്തില്‍ ചോദിച്ചാല്‍ മലയാളത്തില്‍ തന്നെ തിരിച്ചു മറുപടി പറയുന്ന കമ്പ്യൂട്ടര്‍….ടൈപ്പ് ചെയ്യുന്നതിന് പകരം മലയാളത്തില്‍ പറഞ്ഞു കൊടുത്താല്‍ എഴുതി തരുന്ന കമ്പ്യൂട്ടര്‍… മലയാളം ഫയലുകള്‍ വായിച്ചു തരുന്ന കമ്പ്യൂട്ടര്‍….നേരമ്പോക്ക് പറഞ്ഞിരിക്കാന്‍ കൂട്ടിന് കമ്പ്യൂട്ടര്‍… അസാദ്ധ്യമെന്നു തോന്നുന്നുണ്ടോ?! അതും നമ്മുടെ ഈ കൊച്ചു മലയാളത്തില്‍…..
എങ്കില്‍ കേട്ടോളൂ, മലയാളം സംസാരം മനസ്സിലാക്കാനും മലയാളത്തില്‍ സംസാരിക്കാനും കമ്പ്യൂട്ടറിനെ സാദ്ധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ അതിന്റെ വികസനപ്രക്രിയയില്‍ വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു… സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരുടെ ശ്രമഫലമായി നേരത്തെ പറഞ്ഞ സ്വപ്ന തുല്യ സാങ്കേതിക നേട്ടങ്ങള്‍ മലയാളത്തിന് കയ്യെത്തും ദൂരത്തില്‍….
തകര്‍ത്തുപെയ്യുന്ന മഴയുടെയും മൈക്കിന്റെയും പരിപാടി കാണാന്‍ വന്ന ആളുകളുടെയും ശബ്ദകോലാഹലങ്ങള്‍ക്കിടയിലും തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ശ്യാം വിജയകരമായി അവതരിപ്പിച്ച ശാരിക എന്ന മലയാളം സ്വരസംവേദന(Speech recognition) സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ ആ പരിപാടിക്ക് വന്നിട്ടുണ്ടെങ്കില്‍ കണ്ടിട്ടുണ്ടാകും. വെറും 4 വാക്കുകള്‍ ശ്യാം മാത്രം പറഞ്ഞാല്‍ തിരിച്ചറിഞ്ഞിരുന്ന ശാരിക മൂന്ന് നാല് ദിവസം കൊണ്ട് ആളാകെ മാറിയിരിക്കുന്നു… വിശദ വിവരങ്ങള്‍ ശ്യാമും അവനെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രിയന്‍ എന്ന സുഹൃത്തും നിങ്ങള്‍ക്ക് മുന്നില്‍ ഉടന്‍ അവതരിപ്പിക്കും…
അഡ്വാന്‍സ്ഡ് ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിന്റെ ഗണത്തില്‍ വരുന്ന സാങ്കേതിക സങ്കീര്‍ണ്ണതകളേറെയുള്ള സോഫ്റ്റ്‌വെയറുകളാണ്, സ്വതന്ത്ര സോഫ്‌റ്റുവെയറുകളോടെ പിന്‍ബലത്തോടെ മലയാളത്തിനായി ഇപ്പോള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്…
ധ്വനി എന്ന ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റവും ശാരിക എന്ന സ്പീച്ച് റെകഗ്നീഷന്‍ സിസ്റ്റവും ചേര്‍ത്തുള്ള സാങ്കേതിക മിശ്രണത്തിലൂടെ നേരത്തെ നമുക്ക് അസാദ്ധ്യമെന്ന് തോന്നിയ പ്രയോഗങ്ങളെല്ലാം സാധിച്ചെടുക്കാവുന്നതേയുള്ളൂ. മലയാളം വാചകങ്ങള്‍ വായിച്ച് തരാന്‍ ധ്വനി സഹായിക്കുമ്പോള്‍, ശാരിക മനുഷ്യസംഭാഷണം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇവ രണ്ടും കൂടി ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ ഫലത്തില്‍ മലയാളം മനസ്സിലാക്കാനും സംസാരിപ്പിക്കാനുമുള്ള ഒരു സിസ്റ്റമാണ് നമുക്ക് ലഭിക്കുന്നത്. പൂര്‍ണ്ണമായ പ്രവര്‍ത്തന ഫലം കിട്ടണമെങ്കില്‍ വളരെയേറെ മുന്നോട്ട് പോകാനുണ്ടെങ്കിലും ഭാരതീയ ഭാഷകളില്‍ തന്നെയുള്ള ആദ്യത്തെ സ്വതന്ത്ര സ്പീച്ച് റെകഗ്നീഷന്‍ സിസ്റ്റം മലയാളത്തില്‍ നിന്ന് എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്…
ധ്വനിക്ക് ഇപ്പോള്‍ മലയാളം കൂടാതെ ഹിന്ദി, കന്നഡ എന്നീ ഭാഷകള്‍ കൂടി വായിക്കാന്‍ കഴിയും.. റോബോട്ടിക് സംസാര ശൈലിയാണ് ഇപ്പോള്‍ ഉള്ളത്. വികാരമില്ലാത്ത ഭാഷ…പക്ഷെ കേട്ടവര്‍ പറഞ്ഞത്, ടെലിവിഷന്‍ അവതാരകരെക്കാള്‍ ഭേദമാണെന്നാണ്… ഇപ്പോളും ബീറ്റ സ്റ്റേജിലാണ് ധ്വനി….
തൃശ്ശൂരിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം..

മലയാളത്തിന് സ്വന്തമായി ഒരു വേര്‍ഡ് പ്രൊസസ്സര്‍

പരിപൂര്‍ണ്ണ മലയാളം പിന്തുണയുമായി സ്വതന്ത്ര വേര്‍ഡ് പ്രൊസസ്സര്‍ അബിവേര്‍ഡ് വരുന്നു. പാംഗോ ചിത്രീകരണ സംവിധാനത്തിന്റെ പിന്‍ബലത്തോടെ ഗ്നു ലിനക്സ് പ്രവര്‍ത്തക സംവിധാനത്തില്‍ ഉപയോഗിക്കാവുന്ന ഇതിന്റെ സോഴ്സ് കോഡ് കമ്പൈല്‍ ചെയ്തെടുത്ത ചില ചിത്രങ്ങളിതാ..

അബിവേര്‍ഡ് വികസിപ്പിച്ചെടുത്തവര്‍ക്ക് അഭിവാദ്യങ്ങള്‍….

ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂട്. ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു.
GNOME 2.20 offers support for 45 languages (at least 80 percent of strings translated).

മറ്റൊരു സന്തോഷ വാര്‍ത്ത കൂടി . ഗ്നു ആസെല്‍ മലയാളം സ്പെല്‍ ചെക്കര്‍ ഡെബിയന്‍ ഗ്നു ലിനക്സില്‍ ചേര്‍ക്കപ്പെട്ടു, കാണുക http://bugs.debian.org/cgi-bin/bugreport.cgi?bug=440295

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇതു വരെ വികസിപ്പിച്ച് സോഫ്ട്‌വെയറുകള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. കാണുക http://fci.wikia.com/wiki/SFD/SMC

സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും: സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയറും മലയാളം കമ്പ്യൂട്ടിങ്ങും
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്യ ദിനാഘോഷം
സെപ്റ്റംബര്‍ 14-15, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍, തൃശ്ശൂര്‍

പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും മനുഷ്യധിഷണയുടെ പ്രതീകവുമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍. വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈമാറ്റത്തിലൂടെ പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ ഡിജിറ്റല്‍ യുഗത്തില്‍ ചങ്ങലകളും മതിലുകളും ഇല്ലാതെ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും അത് ലോകപുരോഗതിയ്ക്ക് വേണ്ടി ഉപകാരപ്പെടുത്താനും സ്വതന്ത്ര സോഫ്റ്റ്‌അതിവേഗത്തില്‍വെയറുകള്‍ നിലകൊള്ളുന്നു. സ്വതന്ത്രമായ ഈ വിവര വികസന സമ്പ്രദായത്തിന്റെ അടിത്തറ, ഓരോ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും, പകര്‍ത്താനും നവീകരിയ്ക്കാനും, പങ്കു വെയ്ക്കാനുമുള്ള സ്വാതന്ത്യമാണ്. ഈ സ്വാതന്ത്ര്യങ്ങളെ ജനമദ്ധ്യത്തിലേയ്ക്ക് കൊണ്ടുവരാനും പ്രചരിപ്പിക്കാനും ഓരോ വര്‍ഷവും സെപ്റ്റംബര്‍ 15 സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനമായി ലോകമെങ്ങും ആഘോഷിയ്ക്കപ്പെടുന്നു.

ഈ വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം നാം സ്വതന്ത്ര മലയാള ഭാഷാ കമ്പ്യൂട്ടിങ്ങ് എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടാടുന്നു. മലയാള ഭാഷയെ അതിന്റെ തനിമയും സൌന്ദര്യവും ചോരാതെ അതിന്റെ ഡിജിറ്റല്‍ ഭാവിയിലേക്കു നയിയ്ക്കുവാന്‍ വേണ്ടി വികസിപ്പിക്കപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുന്നതിനും, ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ ഭാവി, അതു നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായി ഈ വരുന്ന സെപ്റ്റംബര്‍ 14-15 തിയ്യതികളില്‍ തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നാം സമ്മേളിക്കുന്നു.

നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളഭാഷയ്ക്കു സമ്മാനിച്ച സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആ സോഫ്റ്റ്‌വെയറുകള്‍ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. കൂടാതെ സെപ്റ്റംബര്‍ 15 -നു മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ഭാഷ വിദഗ്ധര്‍ പങ്കെടുക്കുന്ന മലയാള ഭാഷയുടെ കമ്പ്യൂട്ടിങ്ങ് ഭാവിയെ പറ്റിയുള്ള വിവിധ ചര്‍ച്ചകളും ഉണ്ടായിരിയ്ക്കും.

പങ്കെടുക്കുക, വിജയിപ്പിക്കുക… ഏവര്‍ക്കും സ്വാഗതം

സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച
വൈകീട്ട് 3 മണിമുതല്‍.
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ ഉദ്ഘാടനവും മലയാളം പാക്കേജുകളുടെ പ്രകാശനവും

സെപ്റ്റംബര്‍ 15 ശനി
9.30 മുതല്‍
മലയാളം കമ്പ്യൂട്ടിങ്ങ് എക്സിബിഷനും ചര്‍ച്ചകളും

പുറത്തിറക്കുന്ന സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍

1. മീര മലയാളം യൂണിക്കോഡ് ഫോണ്ട്
2. ഗ്നു ആസ്പെല്‍ സ്പെല്‍ ചെക്കര്‍
3. ടക്സ് ടൈപ്പ് മലയാളം ടൈപ്പിങ്ങ് പഠനസഹായി
4. സ്വനലേഖ മലയാളം ശബ്ദാത്മക നിവേശക രീതി
5. ധ്വനി – മലയാളം ടെക്സ്റ്റ് ടു സ്പീച്ച്
6. ശാരിക – മലയാളം സ്പീച്ച് ടു ടെക്സ്റ്റ്
7. ലളിത – നിവേശക രീതി

Details of the programme will be updated here